മാന്‍കൈന്‍ഡ് ഫാര്‍മ ഐപിഒ ഏപ്രില്‍ 25ന്; അറിയേണ്ടതെല്ലാം

  • 1 രൂപ മുഖവിലയുള്ള 4,00,58,844 ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുക.
  • 1991ല്‍ സ്ഥാപിതമായ മാന്‍കൈന്‍ഡ് ഫാര്‍മ ഉപഭോക്തൃ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷന്‍ രംഗത്തുമാണ് ശ്രദ്ധേയമായത്
  • ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്‌ലായതിനാല്‍ ഇഷ്യുവില്‍ നിന്നുള്ള വരുമാനം ഓഹരി ഉടമകള്‍ക്കാണ് ലഭിക്കുക.

Update: 2023-04-18 10:47 GMT

ആഭ്യന്തര ഫാര്‍മ വിപണിയിലെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഏപ്രില്‍ 25 മുതല്‍ 27 വരെയായി നടക്കും. ഇതിനുമുന്നോടിയായുള്ള ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡ്ഡിംഗ് 24ന് നടക്കും. മെയ് 9 ന് മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരി വിപണിയില്‍ അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ സമര്‍പ്പിച്ച റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം പ്രാഥമിക ഓഹരി വില്‍പ്പന പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്‌ലാണ്. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെയും കൈവശമുള്ള 1 രൂപ മുഖവിലയുള്ള 4,00,58,844 ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുക.

രമേഷ് ജുനേജ (3.71 ദശലക്ഷം ഓഹരികള്‍), രാജീവ് ജുനേജ (3.51 ദശലക്ഷം ഓഹരികള്‍), ശീതള്‍ അറോറ (2.80 ദശലക്ഷം ഓഹരികള്‍), കെയ്ര്‍ന്‍ഹില്‍ സിഐപിഇഎഫ് ലിമിറ്റഡ് (17.41 ദശലക്ഷം ഓഹരികള്‍), സിഐപിഇഎഫ് ലിമിറ്റഡ് (2.62 ദശലക്ഷം ഓഹരികള്‍) എന്നിവരാണ് ഐപിഒയിലൂടെ ഓഹരികള്‍ വില്‍ക്കുന്നത്.

ലിങ്ക് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ 50,000 ഓഹരികളും ഓഫര്‍ ഫോര്‍ സെയ്‌ലിലുണ്ട്. ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്‌ലായതിനാല്‍ ഇഷ്യുവില്‍ നിന്നുള്ള വരുമാനം ഓഹരി ഉടമകള്‍ക്കാണ് ലഭിക്കുക. ഇഷ്യുവില്‍ നിന്നുള്ള വരുമാനമൊന്നും കമ്പനിക്ക് ലഭിക്കില്ല.

ഐപിഒയില്‍ 15 ശതമാനം ഓഹരികളാണ് ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് നീക്കിവെച്ചിട്ടുള്ളത്. 15 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകര്‍ക്കും 35 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും അനുവദിക്കും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ആക്‌സിസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഫറീസ് ഇന്ത്യ, ജെപി മോര്‍ഗന്‍ ഇന്ത്യ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

1991ല്‍ സ്ഥാപിതമായ മാന്‍കൈന്‍ഡ് ഫാര്‍മ ഉപഭോക്തൃ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷന്‍ രംഗത്തുമാണ് ശ്രദ്ധേയമായത്. ആന്റി ഇന്‍ഫെക്റ്റീവ്‌സ്, കാര്‍ഡിയോവാസ്‌കുലാര്‍, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍, ആന്റി ഡയബറ്റിക് തുടങ്ങിയ സെഗ്‌മെന്റുകളിലുടനീളമായി 36 36ലധികം ബ്രാന്‍ഡുകളും കമ്പനിക്കുണ്ട്. 'മാന്‍ഫോഴ്‌സ്' കോണ്ടം, പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റ് പ്രെഗ ന്യൂസ്, എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ബ്രാന്‍ഡായ അണ്‍വാണ്ടഡ്72 എന്നീ ബ്രാന്‍ഡുകളും മാന്‍കൈന്‍ഡ് ഫാര്‍മയുടേതാണ്.

Tags:    

Similar News