നാലു ദിവസം: ആവിയായത് 15.77 ലക്ഷം കോടി, കോവിഡ് പണിയാകുമോ?

Update: 2022-12-24 06:11 GMT


കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ ആഭ്യന്തര വിപണിയില്‍ സെന്‍സെക്‌സ് ഇടിഞ്ഞത് 3 ശതമാനത്തോളം. ഇതില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 15.77 ലക്ഷം കോടി രൂപയും. ആഗോള തലത്തില്‍ കോവിഡ് ഭീതി വീണ്ടും ഉയര്‍ന്നു വന്നത് നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

''ചൈനയിലെയും ജപ്പാനിലെയും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പുറമെ യുഎസ്സിലെ മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി കണക്കുകള്‍ ഫെഡ് നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്. ഇതും വിപണിയില്‍ സാരമായി ബാധിച്ചു'' കൊട്ടക് സെക്യുരിറ്റീസ് ലിമിറ്റഡിന്റെ ടെക്‌നിക്കല്‍ റീസേര്‍ച്ച് അമോല്‍ അതവാലെ പറഞ്ഞു.

സെന്‍സെക്‌സ് വെള്ളിയാഴ്ച 980.93 പോയിന്റ് ഇടിഞ്ഞ് 59,845.29 ലെത്തിയിരുന്നു. വ്യാപാരത്തിനിടയില്‍ സെന്‍സെക്‌സ് 1,060.66 പോയിന്റ് നഷ്ടത്തില്‍ 59,765.65 ലേക്ക് എത്തിയിരുന്നു.

നാലു ദിവസത്തിനിടയില്‍ സെന്‍സെക്‌സ് 1960.9 പോയിന്റ് അഥവാ 3.17 ശതമാനമാണ് ഇടിഞ്ഞത്.

തുടര്‍ച്ചയായ ഇടിവ് നിക്ഷേപകരുടെ 15,77,850.03 കോടി രൂപയാണ് നഷ്ടമാക്കിയത്. ഇതോടെ ബിഎസ്ഇ യില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 27,212,860.03 കോടി രൂപയായി.

വെള്ളിയാഴ്ച ബിഎസ്ഇ സ്‌മോള്‍ ക്യാപ് 4.11 ശതമാനവും മിഡ് ക്യാപ് 3.40 ശതമാനവും നഷ്ടത്തിലായി.

എല്ലാ പ്രധാന മേഖലകളും കുത്തനെ ഇടിഞ്ഞു. സേവന മേഖല 5.43 ശതമാനവും, യൂട്ടിലിറ്റീസ് 5.17 ശതമാനവും, പവര്‍ മേഖല 4.89 ശതമാനവും, മെറ്റല്‍ 3.93 ശതമാനവും, കമ്മോഡിറ്റീസ് 3.92 ശതമാനവും, എനര്‍ജി 3.82 ശതമാനവും, ഓയില്‍ ആന്‍ഡ് ഗ്യാസ് 3.71 ശതമാനവും വ്യവസായ മേഖല 3.26 ശതമാനവും ഇടിഞ്ഞു.

ടൈറ്റന്‍ ഒഴികെ, സെന്‍സെക്‌സിലെ പ്രധാന ഓഹരികളെല്ലാം ദുര്‍ബലമായി. ടാറ്റ സ്റ്റീല്‍ 5 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ ടാറ്റ മോട്ടോര്‍സ്, എസ്ബിഐ, ബജാജ് ഫിന്‍സേര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, എല്‍ആന്‍ഡ് ടി എന്നിവയെല്ലാം നഷ്ടത്തിലായിരുന്നു.

'യുഎസ് ജിഡിപി കണക്കുകളും, കോവിഡ് കേസുകളും ആഗോള വിപണികളെല്ലാം ചാഞ്ചാട്ടത്തിലാവുന്നതിനു കാരണമായി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളറിനടുത്ത് വ്യാപാരം ചെയുന്നത് തുടര്‍ന്നു, ഒപ്പം യു എസ്സിലെ 10 വര്‍ഷ ട്രെഷറി യീല്‍ഡ് ഈ ആഴ്ച വര്‍ധിക്കുന്നതായാണ് കണ്ടത്,' കൊട്ടക് സെക്യുരിറ്റീസ് ലിമിറ്റഡ് റീസേര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.

Tags:    

Similar News