അദാനി ഓഹരികള്‍ക്ക് രണ്ട് ദിവസത്തെ നഷ്ടം 4 ലക്ഷം കോടി രൂപ, സമ്പന്നരുടെ പട്ടികയിൽ 7-ാം സ്ഥാനത്തേക്ക്

Update: 2023-01-27 09:58 GMT


ഡെല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രണ്ട് ദിവസം കൊണ്ട് അദാനി ഓഹരികള്‍ക്കുണ്ടായ നഷ്ടം നാല് ലക്ഷം കോടി രൂപ. ബുധനാഴ്ച്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം അദാനി ഓഹരികള്‍ക്കുണ്ടായി. വെള്ളിയാഴ്ച്ചയും ഓഹരി വിറ്റഴിക്കല്‍ ശക്തമായി തന്നെ തുടര്‍ന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിക്കുകയും കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും പത്തില്‍ മൂന്ന് ഓഹരികളും റെക്കോഡ് തകര്‍ച്ച നേരിട്ടു.

അദാനി എന്റര്‍പ്രൈസസ് 16.83 ശതമാനം, അദാനി പോര്‍ട്സ് 16.47 ശതമാനം, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം, എസിസി 4.99 ശതമാനം എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി. അദാനി പുതിയതായി ഏറ്റെടുത്ത അംബുജ സിമെന്റ് 17.12 ശതമാനം നഷ്ടമാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടതും അംബുജ സിമെന്റിനാണ് ഒരു ട്രേഡിംഗ് സെഷനില്‍ ഈ ഓഹരിയുടെ മൂല്യത്തില്‍ 25 ശതമാനത്തോളം നഷ്ടമുണ്ടായി.

അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവ അഞ്ച് ശതമാനം, എന്‍ഡിടിവി 4.99 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു. അദാനി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) ഇന്നാണ് ആരംഭിക്കുന്നത്. ബുധനാഴ്ച്ച എഫ്പിഒയിലെ ആങ്കര്‍ നിക്ഷേപം 20,000 കോടി രൂപയായിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയിലെ ഡിമാന്‍ഡിനെ ബാധിക്കുമോ എന്നുള്ള ഭയമുണ്ട്. എഫ്പിഒയുടെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് 3,276 രൂപയായാണ് നിശ്ചയിച്ചിരുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഒരു ഓഹരിക്ക് 64 രൂപയുടെ കിഴിവ് അനുവദിച്ചിട്ടുമുണ്ടായിരുന്നു.

അദാനി ഗ്രൂപ്പിന്റെ മിക്ക കമ്പനികള്‍ക്കും അനലിസ്റ്റുകളുടെ വിലയിരുത്തലില്ലെങ്കിലും മികച്ച വരുമാനം നല്‍കിയിട്ടുണ്ട്. ഹിന്‍ഡെന്‍ബര്‍ഗ് മറ്റൊരു വിപണി പങ്കാളിയാണെന്നും നെഗറ്റീവ് റിപ്പോര്‍ട്ടിലൂടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില താഴ്ത്തുക എന്ന ലക്ഷ്യമാണെന്നും അഭിപ്രായപ്പെട്ട് അദാനി ഗ്രൂപ്പിനെ പിന്തുണച്ച് ഇന്‍ഗവേണ്‍ എന്നൊരു സ്ഥാപനം രംഗത്തെത്തിയിട്ടുണ്ട്.


ഓഹരികളില്‍ വലിയ തോതില്‍ കൃത്രിമം കാണിച്ചും തെറ്റായ കണക്കുകള്‍ നല്‍കിയും ഗ്രൂപ്പ് കമ്പനികളുടെ മുല്യം ഉയര്‍ത്തി വലിയ തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ ബില്യണയര്‍ പട്ടികയില്‍ നിന്ന് ഗൗതം അദാനി പിന്നാക്കം പോയി.  വെള്ളിയാഴ്ച ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയിൽ അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പോയി. ഫോബ്‌സ് റിയല്‍ ടൈം ബില്യണയര്‍ പട്ടികയനുസരിച്ച് വെള്ളിയാഴ്ച് അദാനിയുടെ ആസ്തിയില്‍ 22.5 മുതല്‍ 96.8 ബില്യണ്‍ ഡോളര്‍ വരെ കുറവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് 2022 ല്‍ ലോക സമ്പന്നരില്‍ രണ്ടാമത് എത്തിയിരുന്നു.


Tags:    

Similar News