വേതന നിയമങ്ങള്‍ എന്തെല്ലാമാണ്?
ഇന്ത്യന്‍ ഭരണഘടനയുടെ പൊതുപട്ടികയില്‍ പെടുന്നവയാണ് തൊഴില്‍ നിയമങ്ങള്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും കൃത്യമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് രാജ്യത്ത് വേതന നിയമങ്ങള്‍ പ്രാബല്യത്തിലുള്ളത്.
;
ഇന്ത്യന്‍ ഭരണഘടനയുടെ പൊതുപട്ടികയില്‍ പെടുന്നവയാണ് തൊഴില്‍ നിയമങ്ങള്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോ...
ഇന്ത്യന്‍ ഭരണഘടനയുടെ പൊതുപട്ടികയില്‍ പെടുന്നവയാണ് തൊഴില്‍ നിയമങ്ങള്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും കൃത്യമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് രാജ്യത്ത് വേതന നിയമങ്ങള്‍ പ്രാബല്യത്തിലുള്ളത്. ചില വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് അവര്‍ സംഘടിതരോ വിദ്യാഭ്യാസമില്ലാത്തവരോ ആണെങ്കില്‍ താരതമ്യേന കുറഞ്ഞ കൂലി മാത്രമാണ് നല്‍കുന്നത്. മാത്രമല്ല ഇവര്‍ പരമാവധി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു.
1936 വേതനം നല്‍കല്‍ നിയമം (പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്) പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുകയും അനധികൃത ശമ്പളം വെട്ടിക്കുറയ്ക്കുന്നത് തടയുകയും ചെയ്യുന്നു. പ്രതിമാസം 10,000 രൂപയില്‍ താഴെ വേതനം ലഭിക്കുന്ന ജീവനക്കാര്‍ക്കാണ് ഈ നിയമം ബാധകമാകുക. ഖനികള്‍, റെയില്‍വേ, എണ്ണപ്പാടങ്ങള്‍, വ്യോമഗതാഗത സേവനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കുന്നു.
വേതനനിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ജോലികള്‍ക്ക് മിനിമം വേതന നിരക്ക് ഉറപ്പു വരുത്തുവാന്‍ ഏറ്റവും കുറഞ്ഞ വേതന നിയമം (മിനിമം വേജസ് ആക്ട്) വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യന്‍ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ ഒരു സുപ്രധാന നിയമമാണ് 1948-ലെ കുറഞ്ഞ വേതന നിയമം. ഈ നിയമപ്രകാരം, വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ വേതനം എത്രയാണെന്ന് നിശ്ചയിക്കുന്നു. നല്ല ആരോഗ്യം, അന്തസ്സ്, ക്ഷേമം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന ജീവിതനിലവാരം ഉറപ്പാക്കുകയും അതോടൊപ്പം അപ്രതീക്ഷിതമായ ചിലവുകളെ നേരിടാനാവുന്നതുമായ നിലവാരത്തിലായിരിക്കണം ഒരു തൊഴിലാളിയുടെ വേതനം എന്നാണ് ഇന്ത്യന്‍ ഭരണഘടന നിര്‍വചിച്ചിരിക്കുന്നത്.
ഭരണഘടനാ നിയമങ്ങള്‍ക്കനുസൃതമായി വേതനം നല്‍കാനുള്ള ഒരു വ്യവസായത്തിന്റെയോ കമ്പനിയുടേയോ ശേഷിയെ 'ന്യായമായ വേതനം' എന്ന് നിര്‍വചിച്ചിരിക്കുന്നു. ന്യായമായ വേതനം എന്നത് ഒരു തൊഴിലാളിയ്ക്ക് ലഭിക്കാവുന്ന കുറഞ്ഞ പ്രതിഫലം മാത്രമല്ല, കമ്പനിയുടെ സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിക്കുന്നതനുസരിച്ച് തൊഴിലാളിയ്ക്ക് നല്‍കുന്ന വേതനത്തിലും വളര്‍ച്ചയുണ്ടാകണം.
1965 ല്‍ നിലവില്‍ വന്ന ബോണസ് പേയ്‌മെന്റ് ആക്ട്, ചില വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഒഴികെ, ഒരു വര്‍ഷത്തില്‍ 20 ല്‍ അധികമാളുകള്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഈ നിയമപ്രകാരം ഓരോ ജീവനക്കാരനും ബോണസ് നല്‍കണമെന്ന് നിര്‍ബന്ധമാക്കുന്നു. കൂടാതെ സ്ഥാപനത്തില്‍ കുറഞ്ഞത് 30 ദിവസമെങ്കിലും ജോലി ചെയ്യുന്നയാള്‍ ബോണസിന് അര്‍ഹനാണ്. ഈ നിയമപ്രകാരം, ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ബോണസായി ശമ്പളത്തിന്റെ 8.33 ശതമാനം നല്‍കണം. കമ്പനി 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ബിസിനസ്സില്‍ ലാഭമില്ലെങ്കിലും ജീവനക്കാര്‍ക്ക് ബോണസ് നല്‍കണമെന്നാണ് നിയമം.
തൊഴില്‍ നിയമങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വരുന്നില്ലായെങ്കില്‍ ബിസിനസുകള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കുറഞ്ഞ വേതനം നല്‍കി ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ടാകും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിശ്ചിത കാലയളവില്‍ പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.