മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മ്യൂച്വല്‍ ഫണ്ടുകള്‍: നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട നേട്ടങ്ങളും ദോഷങ്ങളും

  • പണം പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ കൈകാര്യം ചെയ്യുന്നു
  • മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് സ്ഥിരവരുമാനം നേടാം
  • മുതിർന്ന പൗരന്മാർക്ക് പ്രത്യേക നികുതിയിളവ് ഇല്ല

Update: 2023-06-05 11:11 GMT

വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കുന്നതിലൂടെ പോര്‍ട്ട്‌ഫോളിയോകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു ജനപ്രിയ പ്ലാറ്റ്‌ഫോമായി മാറിയിട്ടുണ്ട്. വിപണി സംബന്ധമായ നിക്ഷേപങ്ങളിലെ നഷ്ടസാധ്യത ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ സാധാരണയായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്ന് മാറി നില്‍ക്കാറാണ് പതിവ്. എന്നാല്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം നേടുന്നതിന് മുതിരുന്ന പൗരന്മാര്‍ സമ്പാദ്യത്തിന്റെ ഒരു ഭാഗം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാണമെന്നാന്ന് നിക്ഷേപ വിദഗ്ധരുടെ അഭിപ്രായം.

മ്യൂച്വല്‍ ഫണ്ടുകളുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് നിക്ഷേപകര്‍ പണം പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ കൈകാര്യം ചെയ്യുന്നു എന്നതാണ്. അതിനാല്‍ റിസ്‌ക് സാധ്യത കുറയ്ക്കുന്നതിനൊപ്പം നല്ല നേട്ടം ലഭിക്കുകയും ചെയ്യും. മുതിര്‍ന്ന പൗരന്മാര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ നോക്കാം.

1) വൈവിധ്യവല്‍ക്കരണം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ ഒരു നേട്ടം, ലക്ഷ്യങ്ങള്‍ക്കനുസരിച്ച് അസറ്റ് ക്ലാസുകളിലുടനീളം വൈവിധ്യവല്‍ക്കരിക്കാനാകും എന്നതാണ്. സ്ഥിര നിക്ഷേപം പോലുള്ള ഡെബ്റ്റ് നിക്ഷേപം കൂടുതലുള്ള പോര്‍ട്ട്‌ഫോളിയോയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് കൂടി വരുന്നത് മികച്ച വൈവിധ്യവല്‍ക്കരണത്തിന് സഹായിക്കും.

2) സ്ഥിരവരുമാനം നേടുന്നതിനുള്ള സൗകര്യം

സിസ്റ്റമാറ്റിക്ക് ട്രാന്‍സ്ഫര്‍ പ്ലാനിലൂടെ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് സ്ഥിരവരുമാനം നേടാനുള്ള സൗകര്യമുണ്ട്. കുറഞ്ഞ അപകടസാധ്യതയില്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്നൊരു നിക്ഷേപമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടിനെ കാണാം

3) നികുതി ലാഭിക്കാം

മുതിര്‍ന്ന പൗരന്മാര്‍ നികുതി ലാഭിക്കാന്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകളില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്നത് വഴി സെക്ഷന്‍ 80 സി വഴി നികുതി ലാഭിക്കാന്‍ സാധിക്കും.

4) നിക്ഷേപിക്കാന്‍ എളുപ്പം

ഇന്ന് ഓണ്‍ലൈനില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ എളുപ്പമാണ്. പിന്‍വലിക്കാനും ഇതേ സൗകര്യം ഉപയോഗപ്പെടുത്താം. വീട്ടിലിരുന്ന് ഞൊടിയിടയില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാം.

ദോഷങ്ങള്‍

1) മ്യൂച്വല്‍ ഫണ്ട് ഫീസ്

മ്യൂച്വല്‍ ഫണ്ടിന്റെ മൊത്തത്തിലുള്ള പോരായ്മ കൂടിയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഈടാക്കുന്ന ഫീസ്. ഇത് നിക്ഷേപത്തിന്റെ മൊത്തത്തിലുള്ള വരുമാനത്തെ കുറയ്ക്കും.

2) വിപണിയിലെ അസ്ഥിരത

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ആദായം വിപണിയിലെ ചാഞ്ചാട്ടങ്ങലെ സ്വാധീനിക്കുന്നവയാണ്. ഇക്വിറ്റി ഫണ്ടുകളിലെ വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. അതിനാല്‍ റിസ്‌കെടുക്കാന്‍ സാധിക്കാത്ത നിക്ഷേപകര്‍ക്ക് പറ്റിയ തിരഞ്ഞെടുപ്പല്ല മ്യൂച്വല്‍ ഫണ്ട്.

3) പ്രത്യേക നികുതി ഇളവില്ല

മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക നികുതിയിളവുകളൊന്നും മ്യൂച്വല്‍ ഫണ്ടില്‍ ലഭിക്കില്ല. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമില്‍ ലഭിക്കുന്ന നികുതി ഇളവുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഉപയോഗിക്കാം. ലാഭത്തിന് മുകളില്‍ നിക്ഷേപ കാലാവധി അനുസരിച്ച് നികുതി ചുമത്തും.

4) നിക്ഷേപ തന്ത്രം മനസിലാക്കുക

മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച നിക്ഷേപ തന്ത്രവും ചില മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട അപകടങ്ങളും അവയുടെ സങ്കീര്‍ണതയും മനസിലാക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് തെറ്റായ നിക്ഷേപത്തിലേക്ക് നയിച്ചേക്കാം.

പരമ്പരാഗത ഓപ്ഷനുകളാണ് കൂടുതല്‍ അനുയോജ്യം

നിക്ഷേപങ്ങളില്‍ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവരാണെങ്കില്‍ പരമ്പരാഗത ഓപ്ഷനുകളാണ് കൂടുതല്‍ അനുയോജ്യമാവുക. നിക്ഷേപ കാലയളവ് കൂടുതലാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോഗിക്കാം. ദീര്‍ഘകാലത്തേക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച റിട്ടേണുകള്‍ നല്‍കാറുണ്ട്. വിപണിയെ ആശ്രയിച്ചുള്ള നിക്ഷേപമായതിനാല്‍ പ്രായമായ നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ പണ്ട് സുഖകരമാകില്ല. ഇതേസമയം റിസ്‌ക് കുറഞ്ഞ ഡെബ്റ്റ് ഫണ്ടുകളെ പരിഗണിക്കാവുന്നതാണ്

Tags:    

Similar News