ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് എങ്ങനെ വ്യത്യസ്തമാകുന്നു, നേട്ടങ്ങളെന്ത്?
- ലാര്‍ജ് ക്യാപിലും മിഡ് ക്യാപിലും നിക്ഷേപം നടത്തും
- ഈ വിഭാഗത്തില്‍ ആകെ 26 ഫണ്ടുകളുണ്ട്
- ലാര്‍ജ് ക്യാപില്‍ കുറഞ്ഞത് 35 ശതമാനവും മിഡ് ക്യാപ് സ്‌റ്റോക്കുകളില്‍ കുറഞ്ഞത് 35 ശതമാനവും
ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്... മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ ഈ ഫണ്ടുകളെ നിരവധി തവണ താരതമ്യം ചെയ്തിട്ടുണ്ടാകും. ഇവയില്‍ ഏതാണ് മികച്ച റിട്ടേണ്‍ നല്‍കുന്നതെന്ന് കണ്ടെത്തിയാകും പലരും ഇക്വിറ്റി ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതും. എന്നാല്‍ ലാര്‍ജ് ക്യാപിലും മിഡ് ക്യാപിലും ഒരുപോലെ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്കായി സെബി അവതരിപ്പിച്ചൊരു ഇക്വിറ്റി ഫണ്ട് ഉണ്ട്. ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട്. ഈ ഫണ്ടുകള്‍ ലാര്‍ജ് ക്യാപിലും മിഡ് ക്യാപിലുമായാണ് നിക്ഷേപം നടത്തുക.
നിക്ഷേപം ഇങ്ങനെ
സെബി പറയുന്നതനുസരിച്ച് ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടുകള്‍ക്ക് ലാര്‍ജ് ക്യാപില്‍ കുറഞ്ഞത് 35 ശതമാനവും മിഡ് ക്യാപ് സ്‌റ്റോക്കുകളില്‍ കുറഞ്ഞത് 35 ശതമാനവും നിക്ഷേപമുണ്ടായിരിക്കും. ബാക്കി 30 ശതമാനം ഫണ്ട് മാനേജറുടെ വീക്ഷണത്തിലായിരിക്കും നിക്ഷേപം നടത്തുക.
ഓഹരി വിപണിയിലെ ഏറ്റവും മികച്ച 100 കമ്പനികളാണ് ലാര്‍ജ് ക്യാപില്‍ ഉള്‍പ്പെടുന്നത്. 101 മുതല്‍ 250 വരെയുള്ളവ മിഡ് ക്യാപിലും ഉള്‍പ്പെടുന്നു. ഇങ്ങനെ ആദ്യത്തെ ഏറ്റവും വലിയ 250 കമ്പനികളിലായാണ് ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് നിക്ഷേപം നടത്തുന്നത്.
നേട്ടങ്ങള്‍ എന്തൊക്കെ?
വൈവിധ്യവല്‍ക്കരണം
ലാര്‍ജ് & മിഡ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ വിവിധ മേഖലകളിലെ കമ്പനികളിലായിരിക്കും നിക്ഷേപിക്കുക. അതിനാല്‍ തന്നെ നിങ്ങളുടെ നിക്ഷേപത്തിന് വൈവിധ്യവല്‍ക്കരണം ലഭിക്കുന്നു. ഏതെങ്കിലും ഘട്ടത്തില്‍ ഒരു മേഖല പാടെ തകര്‍ന്നാലും വൈവിധ്യവല്‍ക്കരണം കാരണം നിങ്ങളുടെ മൊത്തം നിക്ഷേപത്തെ ബാധിക്കില്ല. ഇത് നിക്ഷേപത്തിലെ റിസ്‌ക് കുറയ്ക്കും.
മികച്ച വരുമാന സാധ്യത
വന്‍കിട കമ്പനികള്‍ ബിസിനസ് രംഗത്ത് മുന്നേറുമ്പോള്‍ മികച്ച വരുമാനവും നല്‍കാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ മിഡ് ക്യാപ് കമ്പനികളും അതിവേഗ വളര്‍ച്ച കൈവരിച്ച് ലാര്‍ജ് ക്യാപിലേക്ക് കടന്നുവരാറുണ്ട്. ഇത് നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നേട്ടം സമ്മാനിച്ചേക്കാം.
പ്രൊഫഷണല്‍ മാനേജ്‌മെന്റ്
സ്‌റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് മികച്ച അറിവും വൈദഗ്ധ്യവുമുള്ള പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. അവര്‍ക്ക് നിക്ഷേപ അവസരങ്ങള്‍ തിരിച്ചറിയാനും നിക്ഷേപകര്‍ക്ക് വേണ്ടി അറിവുള്ള തീരുമാനങ്ങള്‍ എടുക്കാനും കഴിയും.
2023 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തില്‍ ആകെ 26 ഫണ്ടുകളുണ്ട്. ഒരു ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍, ആ ഫണ്ടിന്റെ സാധ്യതകളും ദീര്‍ഘകാല നിക്ഷേപ ട്രാക്ക് റെക്കോര്‍ഡും നിക്ഷേപകര്‍ പരിശോധിക്കുകയും താരതമ്യം ചെയ്യേണ്ടതുമാണ്.