ആസ്‍തി കൈകാര്യ കമ്പനികള്‍ക്കായി എത്തിക്‌സ് പാനൽ രൂപീകരിക്കാനൊരുങ്ങി ആംഫി

  • സമിതിക്ക് ജുഡീഷ്യല്‍ അധികാരമുണ്ടാവില്ല
  • സ്വയം നിയന്ത്രണം ഫലപ്രദമായില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സെബി
  • 2 മാസത്തിനുള്ളില്‍ സമിതിക്ക് സെബി അംഗീകാരം നേടാന്‍ നീക്കം

Update: 2023-05-31 06:15 GMT

അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലെ (എഎംസി) വ്യക്തിഗത തെറ്റുകൾക്കെതിരെ നടപടിയെടുക്കുന്നതിന് ഒരു എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കാൻ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ (ആംഫി) തയാറെടുക്കുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മാര്‍ഗ നിര്‍ദേശം അനുസരിച്ചാണ് സമിതി രൂപീകരിക്കുന്നത്. മുംബൈയിൽ ആംഫിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്രണ്ട് റണ്ണിംഗ്, ഇൻസൈഡർ ട്രേഡിംഗ് തുടങ്ങിയ തെറ്റായ പ്രവ‍ൃത്തികളില്‍ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കെതിരെ സ്വയം നിയന്ത്രണ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയുന്ന തരത്തിലാണ് ആംഫിയുടെ എത്തിക്‌സ് കമ്മിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളുടെ നോഡൽ അസോസിയേഷനാണ് ആംഫി.

“സമിതിക്ക് ജുഡീഷ്യൽ അധികാരങ്ങൾ ഉണ്ടാകില്ല, മറിച്ച് കൂട്ടായ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ സ്വമേധയായുള്ള വിന്യാസമാണ്. അതായത് എത്തിക്‌സ് കമ്മിറ്റിക്ക് ആരെയെങ്കിലും വിളിച്ച്, ഇത് മോശം പെരുമാറ്റമാണെന്നും നിങ്ങളുടെ മോശം പെരുമാറ്റത്തിന് നമ്മൾ എല്ലാവരും വില നൽകേണ്ടിവരുമെന്നും പറയാം. ‘ഞങ്ങൾ അത് കാര്യമാക്കുന്നില്ല’ എന്ന് ആ സ്ഥാപനം പറഞ്ഞാൽ, ആംഫി വിട്ടുപോകാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്,” ബുച്ച് പറഞ്ഞു.

റെഗുലേറ്ററിന് മുമ്പാകെ ഇത്തരം വ്യക്തിഗത ദുഷ്പ്രവൃത്തികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇത് നിയന്ത്രിക്കുന്നതിന് അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ മുന്‍കൈയെടുക്കണമെന്നും സെബി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. സ്വമേധയാ ഉള്ള നിയന്ത്രണ സംവിധാനത്തിന് ഈ തെറ്റായ പ്രവൃത്തികളെ തടയാനായില്ലെങ്കില്‍ സെബി കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും അദ്ദേഹം നല്‍കി.

നിർദ്ദിഷ്ട എത്തിക്‌സ് കമ്മിറ്റിക്ക് ഉടന്‍ രൂപം നല്‍കാനും അടുത്ത രണ്ട് മാസത്തിനുള്ളിൽ സെബിയുടെ അംഗീകാരം നേടാനും ആംഫി പദ്ധതിയിടുന്നു. “അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലെ ഫണ്ട് മാനേജർമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരേ നടപടിയെടുക്കാൻ ശുപാർശ ചെയ്യാൻ എത്തിക്‌സ് കമ്മിറ്റിക്ക് കഴിയും. എഎംസികൾ അസോസിയേഷനുമായി പെരുമാറ്റച്ചട്ട ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്, നടപടിയെടുക്കേണ്ടത് അവരാണ്,” ആംഫി സിഇഒ എൻ എസ് വെങ്കിടേഷ് പറഞ്ഞു.

ഈ മാസം ആദ്യം സെബി പുറത്തിറക്കിയ ഒരു കൺസൾട്ടേഷൻ പേപ്പർ അനുസരിച്ച്, ജീവനക്കാരുടെ ജീവിത ശൈലിയും റെക്കോഡ് ചെയ്യപ്പെട്ട ആശയവിനിമയങ്ങളും സിസിടിവി ഫൂട്ടേജുകളുമെല്ലാം പരിശോധിച്ച് തെറ്റായ പ്രവൃത്തികളുടെ സാധ്യത തിരിച്ചറിയുന്ന ഒരു മുന്നറിയിപ്പ് സംവിധാനം രൂപകല്പന ചെയ്യാൻ എഎംസികളോട് നിർദ്ദേശിക്കുന്നു. ഫ്രണ്ട് റണ്ണിംഗ്, ഇൻസൈഡർ ട്രേഡിംഗ്, ഉൽപ്പന്നങ്ങളുടെ തെറ്റായ വിൽപ്പന, പ്രധാന ജീവനക്കാരുടെ വിവരങ്ങളുടെ ദുരുപയോഗം, ഓർഡറുകൾ നടപ്പിലാക്കുന്നതില്‍ അവരുടെ ബ്രോക്കർമാർ/ഡീലർമാർ വരുത്തുന്ന കാലതാമസം എന്നിവ കണ്ടെത്തുന്നതിന് ആന്തരിക നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തവും ഇത് എഎംസികള്‍ക്ക് നല്‍കുന്നു. 

Tags:    

Similar News