നിപ്പണ് ഇന്ത്യ ലാര്ജ്-ക്യാപ് ഫണ്ട്
ഈ ഫണ്ടിന്റെ ലക്ഷ്യം 80 ശതമാനം പണം ലാര്‍ജ്-ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുക എന്നതാണ്.
ഈ ഫണ്ടിന്റെ ലക്ഷ്യം 80 ശതമാനം പണം ലാര്‍ജ്-ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുക എന്നതാണ്. ലാര്‍ജ്-ക്യാപ് ഓഹരികള്‍ വലിയ, ശക്തമായ കമ്പനികളുടെ ഓഹരികളാണ്. ദീര്‍ഘകാല നേട്ടമുണ്ടാക്കാനായി പരമ്പരാഗത ഓഹരി നിക്ഷേപകന് ഏറ്റവും ആശ്രയിക്കാവുന്ന ഫണ്ടുകളാണ് ലാര്‍ജ്-ക്യാപ് ഫണ്ടുകള്‍. ഇവയിലെ നിക്ഷേപം താരതമ്യേന സുരക്ഷിതമായിരിക്കും. നിപ്പണ്‍ ഇന്ത്യ ലാര്ജ്-ക്യാപ് ഫണ്ട് ഒരു ഓപ്പണ്‍-എന്‍ഡഡ് (ഇതില്‍ ചേരുന്നതിന് സമയപരിധിയില്ല.) ഓഹരി നിക്ഷേപ സ്‌ക്കീമാണ്. 2007 ഓഗസ്റ്റ് 8-നാണ് ഇത് ആദ്യമായി പുറത്തിറക്കിയത്. ഇപ്പോഴത്തെ അറ്റ ആസ്തി മൂല്യം (നെറ്റ് അസറ്റ് വാല്യു) ജനുവരി 18-ാം തിയതിയിലെ കണക്കനുസരിച്ച് 51.6558 രൂപയാണ്. ഇത്, ഗ്രോത്ത് ഓപ്ഷന്‍ പ്ലാനിന്റെ കണക്കാണ്. (ഗ്രോത്ത് ഓപ്ഷനില്‍ ഡിവിഡന്റുകള്‍ ഫണ്ടിലേക്കു തന്നെ തിരികെ നിക്ഷേപിക്കുന്നു. അതിനാല്‍ അറ്റ ആസ്തി മൂല്യം വേഗത്തില്‍ വര്‍ദ്ധിക്കുന്നു.)
ഈ ഫണ്ടിന്റെ വ്യത്യസ്ഥ കാലയളവിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെ പറയുന്ന വിധമാണ്.
41.96 ശതമാനം (ഒന്നാം വര്‍ഷം)
14.11 ശതമാനം (മൂന്നാം വര്‍ഷം)
15.05 ശതമാനം (അഞ്ചാം വര്‍ഷം)
11.7 ശതമാനം (തുടക്കം മുതല്‍)
എന്നാല്‍ കാറ്റഗറി റിട്ടേണ്‍ ഇപ്രകാരമാണ്.
33.68 ശതമാനം (ഒന്നാം വര്‍ഷം)
16.58 ശതമാനം (മൂന്നാം വര്‍ഷം)
16.06 ശതമാനം (അഞ്ചാം വര്‍ഷം)
ഈ ഫണ്ട് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ (assets under management) മൂല്യം 11,279.24 കോടി രൂപയാണ്. ഇത് ഒക്ടോബര്‍ 31, 2021 ലെ കണക്കനുസരിച്ചാണ്. ഈ ഫണ്ടിന്റെ ചെലവ് അനുപാതം (expense ratio) 1.86 ശതമാനമാണ്. ഇത് റെഗുലര്‍ പ്ലാനിന്റെ ഒക്ടോബര്‍ 31, 2021 വരെയുള്ള കണക്കനുസരിച്ചാണ്.
ഈ ഫണ്ടില്‍ നിന്നും പുറത്ത് കടക്കുന്നതിന് എക്‌സിറ്റ് ലോഡ് (exit load) നല്‍കേണ്ടി വരും. ഫണ്ടില്‍ ചേര്‍ന്ന് 7 ദിവസത്തിനകമാണ് വിട്ടുപോകുന്നതെങ്കില്‍ 1 ശതമാനം എക്‌സിറ്റ് ലോഡ് നല്‍കേണ്ടി വരും. ഇതില്‍ ചേരുന്നതിന് ഏറ്റവും ചുരുങ്ങിയത് 100 രൂപ വേണം. ചുരുങ്ങിയ അധിക നിക്ഷേപവും (minimum additional investment) 100 രൂപയാണ്. എസ്‌ഐപിയിലെ (systematic investment plan) ചുരുങ്ങിയ നിക്ഷേപവും 100 രൂപയാണ്.
അസറ്റ് അലോക്കേഷന്‍:
ഈ ഫണ്ടിന്റെ 98.29 ശതമാനവും ഓഹരികളിലാണ് (equity) നിക്ഷേപിക്കുന്നത്. 1.71 ശതമാനം പണമായും, പണത്തിന് തുല്യമായ സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നു. ബോണ്ടുകളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നില്ല. ഈ ഫണ്ടിന്റെ 54.48 ശതമാനം ആസ്തികളും രാജ്യത്തെ ഏറ്റവും മികച്ച പത്ത് ഓഹരികള്‍ കൂടിച്ചേര്‍ന്നതാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന 3 സെക്ടറുകളിലെ ഓഹരികളും 55.59 ശതമാനം ആസ്തികളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത് വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ പദ്ധതിയാണ്. 84.06 ശതമാനം നിക്ഷേപങ്ങളും ലാര്‍ജ്-ക്യാപ് കമ്പനികളുടെ ഓഹരികളിലാണ്. 11.49 ശതമാനം നിക്ഷേപങ്ങള്‍ മിഡ്-ക്യാപ് (മധ്യനിര) കമ്പനികളുടെ ഓഹരികളിലാണ്. 4.44 ശതമാനം സ്‌മോള്‍-ക്യാപ് (താരതമ്യേന ചെറിയ) കമ്പനികളുടെ ഓഹരികളിലാണ്. പണത്തിന്റെ സിംഹ ഭാഗവും നിക്ഷേപിച്ചിരിക്കുന്നത് ഫിനാന്‍ഷ്യല്‍, ടെക്‌നോളജി, ഊര്‍ജം, സേവന വിഭാഗങ്ങള്‍, എഫ്എംസിജി (കണ്‍സ്യൂമര്‍ ഉത്പ്പന്നങ്ങള്‍) എന്നീ മേഖലകളിലാണ്. ഈ വിഭാഗത്തിലുള്ള മറ്റ് ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിപ്പണ്‍ ഇന്ത്യ ലാര്ജ്-ക്യാപ് ഫണ്ടിന് ഫിനാന്‍ഷ്യല്‍, ടെക്‌നോളജി മേഖലകളില്‍ നിക്ഷേപം കുറവാണ്.
ഈ ഫണ്ടിന്റെ ഏറ്റവും ഉയര്‍ന്ന 5 നിക്ഷേപങ്ങള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എസ്ബിഐ എന്നീ ഓഹരികളിലാണ്.
ഡിവിഡന്റുകള്‍ (ലാഭവിഹിതം):
ലാഭവിഹിതം നിക്ഷേപകന്റെ വരുമാനമായി കണക്കാക്കി ഓരോരുത്തരുടേയും നികുതി സ്ലാബിനനുസരിച്ച് നികുതി ഈടാക്കുന്നതാണ്. ഒരു നിക്ഷേപകന്റെ ഡിവിഡന്റ് വരുമാനം ഒരു സാമ്പത്തിക വര്‍ഷം 5,000 രൂപയില്‍ കവിഞ്ഞാല്‍ ഫണ്ട് സ്ഥപനം തന്നെ ഡിവിഡന്റ് വിതരണം ചെയ്യുന്നതിനു മുമ്പ് 10 ശതമാനം ടിഡിഎസ് ഈടാക്കുന്നതായിരിക്കും.
മുന്നറിയിപ്പ്:
5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ലാര്‍ജ്-ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാതിരിക്കുക. ഇവ ദീര്‍ഘകാല നിക്ഷേപത്തിനുള്ളവയാണ്.
നികുതിനിരക്കുകള്‍:
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്ക് പുറത്ത് 10 ശതമാനം നികുതി നല്‍കേണ്ടി വരും. ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്‍വലിച്ചാല്‍ മുഴുവന്‍ ലാഭത്തിനും 15 ശതമാനം നിരക്കില്‍ നികുതി നല്‍കേണ്ടി വരും. നിക്ഷേപം തുടര്‍ന്നാല്‍ നികുതി നല്‍കേണ്ടി വരില്ല.
ഫണ്ട് മാനേജര്‍:
2007 മുതല്‍ ശൈലേഷ് രാജ് ഭാന്‍ ആണ് ഫണ്ട് മാനേജര്‍. നിപ്പണ്‍ ഇന്ത്യയുടെ (നിപ്പണ്‍ ഇന്ത്യ മള്‍ട്ടി-ക്യാപ് ഫണ്ട്, നിപ്പണ്‍ ഇന്ത്യ ഫാര്‍മ ഫണ്ട് എന്നിവയടക്കം) മൂന്ന് ഓപ്പണ്‍-എന്‍ഡഡ് സ്‌ക്കീമുകള്‍ കൂടി അദ്ദേഹം നിയന്ത്രിക്കുന്നു.
വിദഗ്ദ അഭിപ്രായം:
ഈ ഫണ്ട് വലിയ കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ഈ നിക്ഷേപത്തിന് നഷ്ട സാധ്യത കുറവായിരിക്കും. അതിനാല്‍ സാധാരണ ഓഹരി നിക്ഷേപകര്‍ക്ക് ഇത് അനുയോജ്യമാണ്. 5 വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം തുടരാനാഗ്രഹിക്കുന്നുവെങ്കില്‍ മാത്രം ഈ ഫണ്ട് തിരഞ്ഞെടുക്കുക. എസ്‌ഐപി മാര്‍ഗം സ്വീകരിക്കുന്നതാവും നല്ലത്. പണപ്പെരുപ്പത്തേയും, സ്ഥിര വരുമാന മാര്‍ഗങ്ങളേയും മറികടക്കുന്ന മികച്ച വരുമാനം ലഭിക്കാന്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം തുടര്‍ന്നേ മതിയാവൂ. എന്നിരുന്നാലും, നിക്ഷേപ മൂല്യങ്ങളിലെ ഉയര്‍ച്ച താഴ്ച്ചകള്‍ നേരിടാന്‍ തയ്യാറെടുത്തു കൊള്ളണം.