മ്യൂച്വല്‍ ഫണ്ട് ഉണ്ടെങ്കില്‍ ലോണ്‍ എടുക്കാം; അറിയേണ്ടതെല്ലാം

Update: 2023-03-22 04:57 GMT

പത്തോ ഇരുപതോ കൊല്ലത്തിനുള്ളില്‍ പണം വേണ്ടി വരുന്ന ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പലരും മ്യൂച്വല്‍ഫണ്ടില്‍ പണം നിക്ഷേപിക്കുന്നത്. കാലമെടുത്ത് സ്വരുക്കൂട്ടി നിക്ഷേപിച്ച് വലിയൊരു സമ്പാദ്യത്തിന് ഉടമയാകാനാണ് ഇത്തരം പദ്ധതികളിലൂടെ നിക്ഷേപകര്‍ ലക്ഷ്യമിടുന്നത്. ഇതൊക്കെ വെറുമൊരു സമ്പാദ്യപദ്ധതികളല്ല. മ്യൂച്വല്‍ഫണ്ടിന് പല ഗുണങ്ങളുണ്ട്. സമ്പത്ത് ഇരട്ടിപ്പിക്കുന്നതിനൊപ്പം തന്നെ ദീര്‍ഘകാല നിക്ഷേപങ്ങളായതിനാല്‍ എപ്പോഴെങ്കിലും പണത്തിന് തിടുക്കം വന്നാല്‍ ഒരു വായ്പയെടുക്കാനും ഉപകരിക്കും.

മ്യൂച്വല്‍ഫണ്ട് നിക്ഷേപം സെക്യൂരിറ്റിയായി കാണിച്ച് എടുക്കുന്ന വായ്പകള്‍ക്ക് പേഴ്‌സണല്‍ ലോണിനേക്കാളൊക്കെ കുറഞ്ഞ പലിശ നിരക്കാണ് ഉണ്ടായിരിക്കുക. തിരിച്ചടവ് മുടങ്ങിയാലും തിരിച്ചുപിടിക്കാനുള്ളതിന് ഗ്യാരണ്ടിയുള്ളതിനാലാണിത്. മ്യൂച്വല്‍ഫണ്ട് യൂണിറ്റുകളില്‍ ലീന്‍ രജിസ്ട്രര്‍ ചെയ്താണ് വായ്പ നല്‍കുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപം സുരക്ഷിതമാണ്.

വായ്പ ലഭിക്കാന്‍ എന്തുവേണം?

മ്യൂച്വല്‍ഫണ്ട് ആസ്തികളില്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് വായ്പ ലഭിക്കും. അതുപോലെ ഇത്തരം ആസ്തികള്‍ കൈവശമുള്ള

എന്‍ആര്‍ഐ,ബിസിനസുകള്‍,എച്ച് യുഎഫ്, ട്രസ്റ്റുകള്‍,കോര്‍പ്പറേഷനുകള്‍,മറ്റ് സ്ഥാപനങ്ങള്‍ക്കും വായ്പ എടുക്കാം. പ്രായ പൂര്‍ത്തിയായവര്‍ക്ക് മാത്രമേ മ്യൂച്വല്‍ഫണ്ട് ആസ്തികള്‍ ഈടായി നല്‍കി വായ്പ എടുക്കാന്‍ സാധിക്കുകയുള്ളൂ. ഇടത്തരം ,ദീര്‍ഘകാല സ്‌കീമുകളിലുള്ളവര്‍ക്കാണ് വായ്പാ സൗകര്യം എളുപ്പം ലഭിക്കുന്നത്.

അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോണ്‍ നല്‍കുന്നത്. വായ്പ തുക, ദൈര്‍ഘ്യം, പലിശ നിരക്ക് എന്നിവയൊക്കെ ഇതിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. ഒരു മികച്ച ക്രെഡിറ്റ് സ്‌കോറുളള അപേക്ഷകന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും.

വായ്പ എത്ര?

ഇക്വിറ്റി മ്യൂച്വല്‍ഫണ്ടിലാണ് നിക്ഷേപമുള്ളതെങ്കില്‍ ആസ്തിയുടെ അമ്പത് ശതമാനം വരെ വായ്പയായി അനുവദിക്കും. സ്ഥിര വരുമാന മ്യൂച്വല്‍ഫണ്ടുകളാണ് ഉള്ളതെങ്കില്‍ നെറ്റ് അസറ്റ് വാല്യുവിന്റെ 70 മുതല്‍ 80 ശതമാനം വരെയും വായ്പ ലഭിക്കും. ഫിനാന്‍സിങ് ഓര്‍ഗനൈസേഷനുകളും ബാങ്കും മ്യൂച്വല്‍ഫണ്ട് ഈടായി സ്വീകരിച്ച് വായ്പ നല്‍കും. പല സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വഴി തന്നെ ഇത്തരം വായ്പകള്‍ നല്‍കുന്നുണ്ട്. മ്യൂച്വല്‍ഫണ്ട് രജിസ്ട്രാറുടെ രേഖകള്‍ ഉപയോഗിച്ച് യൂനിറ്റ് ലെയ്‌നുകളായി ഇലക്ട്രോണിക് ആയി തന്നെ രജിസ്ട്രര്‍ ചെയ്യാം. വായ്പ തിരിച്ചടക്കുന്ന മുറയ്ക്ക് ഓരോ മ്യൂച്വല്‍ഫണ്ട് യൂനിറ്റുകളും ഒഴിവാക്കി നല്‍കുകയാണ് ചെയ്യുന്നത്. വായ്പ നിലനില്‍ക്കുമ്പോഴുള്ള ലാഭവിഹിതവും നേട്ടവുമൊക്കെ ആ ലീനുകള്‍ കൈവശം വെക്കുന്ന ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ ആയിരിക്കും.

ചെലവ്

മ്യൂച്വല്‍ഫണ്ട് വായ്പകളില്‍ പേഴ്‌സണല്‍ ലോണിനേക്കാള്‍ പലിശ നിരക്ക് കുറവായിരിക്കും. ഈടായി മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ നല്‍കുന്നത് കൊണ്ടാണിത്. പ്രൊസസ്സിങ് ,ഫോര്‍ക്ലോഷര്‍ ചെലവുകള്‍ പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ആണ് പതിവ്. വായ്പയുടെ ഒരു ഭാഗം തിരിച്ചടക്കുമ്പോള്‍ മ്യൂച്വല്‍ഫണ്ട് യൂനിറ്റുകളുടെ അത്രയും അനുപാതം ലെയ്‌നില്‍ നിന്ന് ഒഴിവാക്കും.

Tags:    

Similar News