ആളുകള്‍ക്ക് വളരെ കംഫര്‍ട്ടബിളായ വസ്ത്രമാണ് ടീഷര്‍ട്ടുകള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വരെ ടീഷര്‍ട്ടുകള്‍ പ്രിയപ്പെട്ട വസ്ത്രമാണ്. നൂറ് രൂപ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള ടീഷര്‍ട്ട് ബ്രാന്റുകള്‍ വരെ വിപണിയിലുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല വസ്ത്ര സംസ്‌കാരങ്ങളാണെങ്കിലും ടീഷര്‍ട്ട് എല്ലായിടത്തും ഒരുപോലെ ആളുകള്‍ ഉപയോഗിക്കുന്ന വസ്ത്രമാണ്. അതുകൊണ്ട് തന്നെ പച്ച പിടിച്ചാല്‍ രക്ഷപ്പെടുന്ന ഒരു മികച്ച സംരംഭമായി ഇതിനെ വളര്‍ത്താന്‍ സാധിക്കും. സ്വന്തം ബ്രാന്റിനെ സൃഷ്ടിക്കുന്നിടത്താണ് ടീഷര്‍ട്ട് ബിസിനസിന്റെ വിജയം. മികച്ച വരുമാനം നല്‍കുന്ന ഈ ബിസിനസ് ആരംഭിക്കുന്നത് എങ്ങിനെ?
വിപണി ഏത്?
ടീഷര്‍ട്ട് ബിസിനസിന് തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. ഏത് വിപണിയാണ് നിങ്ങളുടെ ലക്ഷ്യം. ? . ഓണ്‍ലൈന്‍ സ്‌റ്റോറോ ഓഫ്‌ലൈന്‍ ഷോപ്പോ എന്ന് ആദ്യം തീരുമാനിക്കുക. ഇത് അടിസ്ഥാനപ്പെടുത്തിയാണ് വിപണനവും ബ്രാന്‍ഡിങ്ങും സംരംഭവുമൊക്കെ എങ്ങിനെയൊക്കെ വേണമെന്ന് ആലോചിക്കാന്‍. ഇനി രണ്ട് രീതികളും ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിലും തെറ്റില്ല. മുടക്ക് മുതലിനെ കുറിച്ച് ധാരണ ലഭിക്കാന്‍ ഇക്കാര്യത്തില്‍ ആദ്യം നിലപാടെടുക്കുക. പിന്നീട് നമ്മുടെ വിപണിയെ കുറിച്ച് ഗൗരവമായി പഠിക്കുകയും സംരംഭം സംബന്ധിച്ച് വിശദമായി ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയും വേണം.
വ്യത്യസ്തതയും പ്രത്യേകതയും ഉറപ്പാക്കണം
നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അതിന്റേതായ പ്രത്യേകതയും ഗുണനിലവാരവും കൊണ്ടുവരാന്‍ സാധിക്കണം. എന്നാല്‍ മാത്രമേ കടുത്ത മത്സരം നടക്കുന്ന വിപണിയില്‍ തങ്ങളുടേതായ ഇടം നേടാന്‍ സാധിക്കൂ. മറ്റുള്ള ബ്രാന്‍ഡുകള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത വേറിട്ട് നില്‍ക്കുന്ന ഡിസൈനുകളും ഉല്‍പ്പന്നവും മാര്‍ക്കറ്റിങ്ങിന് ഏറെ സഹായിക്കും. ഇപ്പോള്‍ ഗ്രാഫിക് ടീകള്‍ക്കും എന്തെങ്കിലും അര്‍ത്ഥവത്തായ സ്ലോഗനുകളുള്ള ടീകള്‍ക്കുമൊക്കെ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കും. ടീഷര്‍ട്ട് വിപണിയില്‍ പിടിച്ചുകയറാന്‍ ബ്രാന്റിങ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഗുണനിലവാരം
ടീഷര്‍ട്ട് ബിസിനസില്‍ ഗുണനിലവാരത്തിന് വലിയ പ്രാധാന്യമുണ്ട്. കുറഞ്ഞ വിലക്ക് ഗുണനിലവാരമില്ലാത്ത വസ്ത്രങ്ങള്‍ നല്‍കിയാല്‍ ഉപഭോക്താക്കളെ ലഭിക്കില്ല. ഒരിക്കല്‍ വാങ്ങിയവര്‍ പിന്നെയും പിന്നെയും വാങ്ങണമെങ്കില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കണം. സ്ഥിരം കസ്റ്റമറാണ് ഏത് ബിസിനസിന്റെയും വിജയം. ടീഷര്‍ട്ടുകള്‍ വാങ്ങുന്ന ഫാക്ടറികളെ കുറിച്ച് നന്നായി ഗവേഷണം നടത്തിയിരിക്കണം.
മുതല്‍മുടക്ക്
ടീഷര്‍ട്ട് പ്രിന്റ് ചെയ്ത് സ്വന്തം ബ്രാന്റില്‍ വിപണിയിലെത്തിക്കുന്ന സംരംഭത്തിന് അരലക്ഷം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ മുതല്‍മുടക്കായി കരുതിയാല്‍ മതിയാകും. ഓണ്‍ലൈനായി തുടങ്ങുന്ന ബിസിനസാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആരംഭിക്കാനുള്ള തുകയും കരുതണം. ഓഫ്‌ലൈനാണെങ്കില്‍
ടീഷര്‍ട്ട് പ്രിന്റിങ്
ടീ ഷര്‍ട്ടുകളില്‍ അച്ചടിക്കാനുള്ള സ്‌ക്രീന്‍ പ്രിന്റിങ് മെഷീന്‍ ആവശ്യമാണ്. 200 സ്‌ക്വയര്‍ഫീറ്റ് സ്ഥലം വേണം പ്രിന്റിങ് മെഷീനുള്ള സംരംഭം തുടങ്ങാന്‍. കമ്പ്യൂട്ടര്‍,പ്രിന്റര്‍,യുപിഎസ് തുടങ്ങിയവയൊക്കെ സജ്ജീകരിക്കണം. ഇന്റര്‍നെറ്റ് കണക്ടിവിറ്റി സ്പീഡുള്ളതായിരിക്കണം. ഫോട്ടോഷോപ്പോ കോറല്‍ഡ്രോ സോഫ്റ്റ് വെയര്‍ പരിചയമുള്ള മികച്ചൊരു ഡിസൈനറെ കൂടി കിട്ടിയാല്‍ സംരംഭം ആരംഭിക്കാം.
കമ്പ്യൂട്ടര്‍ സെറ്റിന് 65000 രൂപയും ഹീറ്റ് പ്രസ്സ് മെഷീനിന് 25000 രൂപയും മറ്റുള്ള ചെലവിലേക്ക് പതിനായിരം രൂപയും അടക്കം ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ ഈ ബിസിനസ് തുടങ്ങാം.
വരുമാനം
ഈ ബിസിനസില്‍ ഉല്‍പ്പന്നത്തിന്റെ വിലയാണ് വരുമാനം തീരുമാനിക്കുന്നത്. മികച്ച വിലയില്‍ വില്‍ക്കാന്‍ സാധിച്ചാല്‍ എളുപ്പം ലാഭം കൊയ്യാവുന്ന ബിസിനസാണിത്. ആയിരം ടീഷര്‍ട്ടുകള്‍ വിറ്റഴിക്കാന്‍ സാധിച്ചാല്‍ ഏറ്റവും കുറഞ്ഞത് 20000 രൂപയെങ്കിലും ആദായമായി ലഭിക്കും.