കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്ന 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വ കാല വായ്പകളില്‍ കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ഇന്ററസ്റ്റ് സബവെന്‍ഷന്‍ സ്‌കീം അടുത്ത സാമ്പത്തിക വര്‍ഷത്തിലും തുടരുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി. കൃഷി, മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം, തേനീച്ച വളര്‍ത്തല്‍ എന്നിവക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കെസിസി മുഖേന 3 ലക്ഷം രൂപ വരെ ഹ്രസ്വകാല വായ്പകള്‍ പലിശസബ് സിഡിയോടെ നല്‍കുന്ന പദ്ധതിയാണ് ഇത്.
ഈ പദ്ധതിക്ക് കീഴില്‍ 7 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നു. ക്ര്യത്യ സമയത് വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 3 ശതമാനം പലിശ ഇളവ് നല്‍കും. നടപ്പു സാമ്പത്തിക വര്‍ഷത്തിലും, അടുത്ത വര്‍ഷത്തിലും ബാങ്കുകള്‍ക്ക് നല്‍കുന്ന ഇളവ് 1.5 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്ഷം ഇത് 2 ശതമാനമായിരുന്നു.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരണ ശാലകളില്‍ സൂക്ഷിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട കര്‍ഷകര്‍ക്ക് വിളവെടുപ്പിനു ശേഷം ആറുമാസം വരെ വെയര്‍ഹൗസിംഗ് ഡെവലപ്മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ഡബ്ല്യുഡിആര്‍എ) അംഗീകൃത വെയര്‍ഹൗസുകളില്‍ സംഭരിക്കാനുള്ള ചെലവിനും പലിശയിളവിന്റെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാകുന്നത് തുടരുമെന്നും ആര്‍ ബി ഐ അറിയിച്ചു.