ബാങ്കുകളുടെ കോര്‍പറേറ്റ് കിട്ടാക്കടം കൂടുന്നു

കടം വാങ്ങിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍
വായ്പ തിരിച്ച് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുമ്പോഴാണ് എന്‍ പി എ കള്‍ ബാങ്കുകള്‍ എഴുതി തള്ളുന്നത്

Update: 2022-01-18 01:20 GMT

 

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകളില്‍ എഴുതി തള്ളിയത് 11,68,095 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ഇതില്‍ കൂടുതലും കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലാണ്. കോവിഡ് ബാധിച്ച കാലയളവായ 2021 അവസാനിച്ച സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബാങ്കുകള്‍ എഴുതി തള്ളിയ തുക 2,02,781 കോടി രൂപ വരും. ഇങ്ങനെ എഴുതി തള്ളിയ തുകയില്‍ 10.72 ലക്ഷം കോടി രൂപയും
2014-15 ന് ശേഷമാണ്. അതായത് സാധാരണക്കാരുടെ പണമാണ് കോര്‍പ്പറേറ്റ് തട്ടിപ്പുകാര്‍ക്ക് വാരി കോരി നല്‍കി ഒടുവില്‍ എഴുതി തള്ളി ബാങ്കുകള്‍ തലയൂരുന്നത്.

സാധാരണക്കാര്‍ക്ക് ജപ്തി

രോഗം, കൃഷി നഷ്ടം, എന്നിവ അടക്കമുളള പ്രതിസന്ധിയും മൂലം തിരിച്ചടവ് മുടങ്ങുന്ന സാധരണക്കാരായ കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ തുടര്‍ക്കഥയാകുമ്പോഴാണ് കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ പേപ്പര്‍ കമ്പനികള്‍ക്കും വായ്പകള്‍ വാരിക്കോരി നല്‍കി പിന്നീട് എഴുതി തള്ളുന്നത്. ഷെല്‍ കമ്പനികള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് വായ്പ നല്‍കുന്നതില്‍ പൊതുമേഖലാ സ്ഥാപനങ്ങളാണ് മുന്നില്‍. ഇതിന് ബാങ്കിലെ ഉന്നതരും ഒത്താശ ചെയ്യുമ്പോള്‍ ഭരണകൂടങ്ങളും കൂട്ടുനില്‍ക്കുന്നു. ആകെ എഴുതി തള്ളുന്ന തുകയുടെ 75
ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ സംഭാവനയാണ്.

കൊടുക്കുന്നു, തള്ളുന്നു

ഒടുവില്‍ തിരിച്ചടവ് മുടങ്ങി ലക്ഷക്കണക്കിന് കോടി രൂപ നിഷ്‌ക്രിയ ആസ്തിയും പിന്നീട് കിട്ടാക്കടവും ആയി മാറുന്നതോടെയാണ് ബുക്ക് ക്ലിയറാക്കാന്‍ ബാങ്കുകള്‍ വായ്പകള്‍ എഴുതി തള്ളുന്നത്. ഇതോടെ കിട്ടാക്കട ബാധ്യതയില്‍ നിന്ന് ബാങ്കുകള്‍ സ്വതന്ത്രമാകുകയും ചെയ്യുന്നു. പിന്നീട് വരും വര്‍ഷങ്ങളിലും വായ്പ നല്‍കുകയും വീണ്ടും എഴുതി തള്ളുകയും ചെയ്യുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019-20 വര്‍ഷത്തില്‍ 2,34,170 കോടിയും, 18-19 ല്‍ 2,36,265 കോടി രൂപയും, 17-18 ല്‍ 1,61,328 കോടി രൂപയും, 16-17 ല്‍ 1,08,373 കോടി രൂപയുമാണ് ഇങ്ങനെ കോര്‍പ്പറേറ്റ് വായ്പകള്‍ ബാങ്കുകള്‍ എഴുതി തള്ളിയത്.

പേര് പറയില്ല

സാധാരണനിലയില്‍ തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ കുടിശ്ശിക വരുത്തുന്ന വായ്പകളാണ് എഴുതി തള്ളുന്നത്. കുടിശ്ശികയാക്കിയതാരാണെന്നോ എത്ര തുകയെന്നോ ബാങ്ക് വെളിപ്പെടുത്തുന്നില്ല എന്നതാണ് ഇവിടെ ഏറെ രസകരം. അതേസമയം മൂന്ന് മാസം തിരിച്ചടവ് മുടങ്ങുന്ന സാധാരണ ഭവന വായ്പകളിലടക്കം ജപ്തിനടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുകയും ചെയ്യുന്നു.

പൊതുമേഖലാ ബാങ്കുകള്‍

പതിവ് പോലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ ആണ് ഈ കണക്കില്‍ മുന്നില്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ 89,686 കോടി രൂപയാണ് എസ് ബി ഐ യും അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഇങ്ങനെ നികുതിദായകരുടെ പണം നഷ്ടപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളായ യൂണിയന്‍ ബാങ്ക് 16,983 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് 15,877 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 14,782 കോടി രൂപയും 2021 സാമ്പത്തിക വര്‍ഷം എഴുതി തള്ളി.

കിട്ടാക്കട പ്രതിസന്ധിയക്ക് മുട്ടുശാന്തി എന്ന നിലയ്ക്ക് ബാങ്കുകള്‍ വന്‍തോതില്‍ പണം എഴുതിത്തള്ളുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദമായ ഡിസംബറില്‍ രാജ്യത്തെ 18 ബാങ്കുകള്‍ ചേര്‍ന്ന് 25,539 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി. കിട്ടാക്കടം കുമിഞ്ഞ് കൂടുന്നത് മൂലമുള്ള പതിസന്ധി മറികടക്കാന്‍ ബാങ്കുകള്‍ക്കുള്ള എളുപ്പ വഴിയാണ് എഴുതി തള്ളല്‍. കടം വാങ്ങിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ വായ്പ തിരിച്ച് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുമ്പോഴാണ് എന്‍ പി എ കള്‍ ബാങ്കുകള്‍ എഴുതി തള്ളുന്നത്. കൃഷി നാശവും മറ്റും മൂലം വായ്പ തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികളെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യ ചെയ്യുമ്പോഴാണ് കോര്‍പ്പറേറ്റുകള്‍ എടുത്ത കോടികളുടെ ലോണുകള്‍ ബാങ്കുകള്‍ എഴുതി തള്ളുന്നത്.

 

Tags:    

Similar News