ക്രെഡിറ്റ് സ്‌കോര്‍ 750 ആയി നിലനിര്‍ത്താന്‍ എന്ത് ചെയ്യണം?
പഴയ ക്രെഡിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യരുത് ദീര്‍ഘകാല ക്രെഡിറ്റ് ഹിസ്റ്ററി നല്ലത് ക്രെഡിറ്റ് മിക്‌സ് നല്ലൊരു സ്ട്രാറ്റജി
ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. സ്‌കോര്‍ 750 ഉം അതിന് മുകളിലുമുള്ള ഉപഭോക്താക്കളെ അങ്ങോട്ടേക്ക് തേടിപ്പിടിച്ച് വായ്പാ വാഗ്ദാനങ്ങള്‍ നല്‍കുന്ന ധനകാര്യസ്ഥാപനങ്ങളുള്ള കാലമാണിത്. ക്രെഡിറ്റ് ഹിസ്റ്ററിയും പേയ്‌മെന്റ് ഹാബിറ്റുകളും ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ രീതികളുമൊക്കെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന വിഷയങ്ങളാണ്. ഓരോരുത്തരുടെയും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചാല്‍ അവരുടെ സാമ്പത്തിക കാര്യങ്ങളിലുള്ള സ്വഭാവമെന്താണെന്ന് എളുപ്പം മനസിലാക്കാം. അതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിലയില്‍ സൂക്ഷിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. ഭാവിയില്‍ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ മാത്രം ക്രെഡിറ്റ് സ്‌കോറിനെ കുറിച്ച് ചിന്തിച്ചാല്‍ പോരാ. സ്‌കോര്‍ 75 ന് മുകളിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ പറയാം.
ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക.
സ്വന്തം ക്രെഡിറ്റ് റിപ്പോര്‍ട്ടിന്റെ കോപ്പി പരിശോധിക്കുന്നത് നല്ലതാണ്. സിബില്‍,എക്‌സ്പിരിയന്‍,എക്വുഫാക്‌സ്,സിആര്‍ഐഎഫ് ഹൈമാര്‍ക്ക് തുടങ്ങിയ ഏജന്‍സികളുടെ റിപ്പോര്‍ട്ട് വാങ്ങാവുന്നതാണ്. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തെറ്റായ വിവരം രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രെഡിറ്റ് ബ്യൂറോ ഏതാണെന്ന് മനസിലാക്കി തിരുത്താനുള്ള നടപടികള്‍ കൈകൊള്ളുക.
സമയത്തിന് ബില്ല് അടക്കുക
ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുമ്പോള്‍ പരിഗണിക്കുന്ന പ്രധാന ഘടകമാണ് സമയത്തിന് ബില്ല് അടക്കുന്നുണ്ടോ എന്നത്. സമയം തെറ്റാതെ ക്രെഡിറ്റ് ബില്ല് അടക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി ഓട്ടോഡെബിറ്റ് സെറ്റ് ചെയ്യാന്‍ മറക്കരുത്. പേയ്‌മെന്റ് കൃത്യം അടക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നിരിക്കും.
ക്രെഡിറ്റ് ഉപയോഗം കുറക്കുക
ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ എപ്പോഴും ശ്രദ്ധിക്കണം. അനുവദിച്ച ക്രെഡിറ്റ് പരിധിയില്‍ എത്രത്തോളം തുക ചെലവിടുന്നുണ്ടോ അതാണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ കണക്കാക്കുന്നത്. ഈ അനുപാതം 30%ത്തില്‍ താഴെയായിരിക്കുന്നതാണ് നല്ലത്. അത്തരം ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ ഉയരും.
ക്രെഡിറ്റ് മിക്‌സ് പാലിക്കുക
നമുക്ക് പലവിധത്തിലുള്ള കടമെടുക്കല്‍ ഓപ്ഷനുകളുണ്ട്. ഭവന വായ്പ , വ്യക്തിഗത വായ്പ , ക്രെഡിറ്റ് കാര്‍ഡ് എന്നിവയൊക്കെ ഇതില്‍പ്പെടും. കടമെടുക്കേണ്ടി വരുന്ന ഓരോ ആവശ്യത്തിനും അനുയോജ്യമായത് ഏതെന്ന് നോക്കി ഇവയൊക്കെ സംയോജിപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാതെ വെറും ക്രെഡിറ്റ് കാര്‍ഡ് മാത്രം ഉപയോഗിച്ച് എല്ലാ ആവശ്യത്തിനും വായ്പയെടുക്കുന്നത് നല്ല രീതിയല്ല. എല്ലാംകൂടി അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കണം. ഒരൊറ്റ ക്രെഡിറ്റ് ഇന്‍സ്ട്രുമെന്റില്‍ നിന്ന് തന്നെ പരമാവധി വായ്പയെടുക്കുന്നവരുടെ സ്‌കോര്‍ കുറഞ്ഞിരിക്കും. പലരും വിചാരിക്കുന്നത് ഏതെങ്കിലും ഒന്ന് പരമാവധി ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് . ഇത് തെറ്റായ സാമ്പത്തിക രീതിയാണ്.
പരമാവധി വായ്പ ഒഴിവാക്കുക
നിരവധി വായ്പകള്‍ എടുക്കുന്നതും ക്രെഡിറ്റ് കാര്‍ഡിന്റെ പരമാവധി തുക ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഒരുപാട് കടങ്ങളുള്ള ഒരാളുടെ സാമ്പത്തിക സാഹചര്യം മോശമായിരിക്കുമെന്ന വിലയിരുത്തലിലാണ് ഏജന്‍സികള്‍. അത് ക്രെഡിറ്റ് സ്‌കോറിനെ നെഗറ്റീവായി ബാധിക്കും.
പഴയ ക്രെഡിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യരുത്
പഴയ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യാതിരിക്കുക. ഒരുപാട് ക്രെഡിറ്റ് ഹിസ്റ്ററിയുള്ള അത്തരം അക്കൗണ്ടുകള്‍ ആക്ടീവായി തന്നെ നിലനിര്‍ത്താന്‍ നോക്കുക. ഇത് ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും ക്ലോസ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുന്നവരുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയും.