ഒരു ലക്ഷത്തിന് 41,478 രൂപ പലിശ! ആരെയും കൊതിപ്പിക്കും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
- അറിയാതെ പോവുകയോ, പോസ്റ്റ് ഓഫീസിലെ ഇങ്ങനെയൊരു പദ്ധതി ഉപയോഗപ്പെടുത്താത്തവരോ ആണ് പലരും
ബാങ്കിലെ സ്ഥിര നിക്ഷേപ അക്കൗണ്ടിന് തുല്യമായി പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. സുരക്ഷിതത്വത്തിലും പലിശ നിരക്കിലും പൊതുമേഖലാ ബാങ്കുകളോട് കിടപിടിക്കുന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് ലഭിക്കുന്നത്. ഒരു വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നത്.
അക്കൗണ്ടെടുക്കാം
പ്രായ പരിധി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. പത്ത് വയസ് പൂര്‍ത്തിയാകാത്തവര്‍ക്കായി രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാം. വ്യക്തിഗത അക്കൗണ്ടുകള്‍ ജോയിന്റ് അക്കൗണ്ടാക്കി മാറ്റാനും ജോയിന്റ് അക്കൗണ്ട് വ്യക്തിഗത അക്കൗണ്ടാക്കി മാറ്റാനും സ്‌കീമില്‍ സാധിക്കും. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേരാണ് ഉള്‍പ്പെടുക. ഓണ്‍ലൈനായും പോസ്റ്റ് ഓഫീസില്‍ നേരിട്ട് ചെന്നും സ്ഥിര നിക്ഷേപം ആരംഭിക്കാം.
നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ കറന്‍സിയായോ ചെക്ക് അയോ പണമടക്കാം. 1,000 രൂപ മുതല്‍ സ്ഥിര നിക്ഷേപം ആരംഭിക്കാം. 100 ന്റെ ഗുണിതങ്ങളായി എത്ര തുകയുടെ നിക്ഷേപവും പോസ്റ്റ് ഓഫീസ് അനുവദിക്കുന്നുണ്ട്. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും.
പലിശ
1 മുതല്‍ 5 വര്‍ഷത്തേക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിക്ഷേപം സ്വീകരിക്കുന്നത്. 1 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 6.6% പലിശ ലഭിക്കും. 2 വര്‍ഷത്തേക്ക് 6.8% പലിശയും 3 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 6.9% പലിശയും നേടാം. 5 വര്‍ഷ ടൈം ഡെപ്പോസിറ്റിനാണ് ഉയര്‍ന്ന നിരക്കായ 7.0% പലിശ ലഭിക്കുക. പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പുനഃപരിശോധിക്കും. ജനുവരി മാര്‍ച്ച് പാദത്തിലെ പലിശ നിരക്കാണിത്.
വരുമാനം
ത്രൈമാസത്തില്‍ പലിശ കണക്കാക്കി വാര്‍ഷികാടിസ്ഥാനത്തില്‍ സേവിംഗ്സ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. 1 വര്‍ഷ ടൈം ഡോപ്പോസിറ്റിന് ലഭിക്കുന്ന 6.6 ശതമാനം പലിശ പ്രകാരം 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 6,765 രൂപ പലിശയായി ലഭിക്കും. 2 വര്‍ഷ ടേം ഡെപ്പോസിറ്റില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 14,437 രൂപ കാലാവധിയില്‍ നേടാം. മൂന്ന് വര്‍ഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 22,871 രൂപ പലിശയായി ലഭിക്കും. 5 വര്‍ഷത്തേക്ക് 1 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 41,478 രൂപ പലിശ വരുമാനം നേടാം.
നേരത്തെ പിന്‍വലിച്ചാല്‍?
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഉയര്‍ന്ന ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു. നിക്ഷേപം ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയായാല്‍ അക്കൗണ്ട് പിന്‍വലിക്കാന്‍ അനുവദിക്കും. 6 മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കില്ല. സേവിംഗ്സ് അക്കൗണ്ട് പലിശയാണ് അനുവദിക്കുക. 2 വര്‍ഷം, 3 വര്‍ഷം, അഞ്ച് വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപം ഒരു വര്‍ഷം കഴിഞ്ഞ് പിന്‍വലിച്ചാല്‍ സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശയില്‍ നിന്ന് രണ്ട് ശതമാനം കുറവ് വരുത്തും. ആവശ്യമെങ്കില്‍ കാലാവധി നീട്ടാനും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ സാധിക്കും. 1 വര്‍ഷ ടൈം ഡെപ്പോസിറ്റ് 6 മാസത്തേക്കും 2 വര്‍ഷ നിക്ഷേപം 12 മാസത്തേക്കും 3/5 വര്‍ഷ നിക്ഷേപം 18 മാസത്തേക്കും നീട്ടാന്‍ സാധിക്കും.