ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നാല്‍ എന്ത്?
ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ക്കും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന രൂപത്തിലുള്ളവയാണ്.
കൊമേര്‍ഷ്യല്‍ ബാങ്കുകളും, വികസന ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയ്ക്കായി പുറത്തിറക്കുന്ന ഹ്രസ്വകാല നിക്ഷേപ ഉപകരണമാണ്...
കൊമേര്‍ഷ്യല്‍ ബാങ്കുകളും, വികസന ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയ്ക്കായി പുറത്തിറക്കുന്ന ഹ്രസ്വകാല നിക്ഷേപ ഉപകരണമാണ് ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍. ഇത് ഏറെക്കുറെ, സ്ഥിരനിക്ഷേപങ്ങളെപ്പോലെ (Fixed Deposit)യാണ്. സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റൊരാള്‍ക്കു വില്‍ക്കാനോ, വാങ്ങാനോ സാധിക്കുകയില്ല. അത് പണം നിക്ഷേപിച്ച വ്യക്തിയുടേയോ, സ്ഥാപനത്തിന്റെയോ പേരില്‍ ബാങ്ക് നല്‍കുന്നതാണ്. എന്നാല്‍ ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ക്കും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന രൂപത്തിലുള്ളവയാണ്.
സ്ഥിര നിക്ഷേപം കുറയുകയും, വായ്പയ്ക്ക് ആവശ്യക്കാരേറുകയും ചെയ്യുമ്പോള്‍ ബാങ്കുകള്‍ പണം കണ്ടെത്താനായി സ്വീകരിക്കുന്ന മാര്‍ഗമാണിത്. ഇത് സുരക്ഷിതത്വം കുറവുള്ള (Unsecured) നിക്ഷേപ ഉപകരണങ്ങളില്‍ ഒന്നാണ്. കാരണം 'ഡിഫോള്‍ട്ട്' സംഭവിച്ചാല്‍ നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടും. ഒരു ധനകാര്യ സ്ഥാപനം പുറത്തിറക്കുന്ന ഉല്‍പ്പന്നം 'അണ്‍സെക്വേഡ്്' ആണെങ്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ സ്ഥാപനത്തിന് പണം തിരിച്ചു നല്‍കാന്‍ സാധിക്കാതെ വന്നാല്‍ നിക്ഷേപകര്‍ക്ക് സ്ഥാപനത്തിന്റെ ആസ്തികളില്‍ (Asset) നിയമപരമായി അവകാശം ഉന്നയിക്കാനാവില്ല.
ബാങ്കുകളാണ് കൊമേര്‍ഷ്യല്‍ പേപ്പറുകളില്‍ ഏറ്റവുമധികം നിക്ഷേപിക്കുന്നത്. അവര്‍ പണം സ്വരൂപിക്കുന്നത് ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വഴിയാണ്. ഒരു സമ്പദ്ഘടനയില്‍ വായ്പയെടുക്കാനായി ധാരാളം ആവശ്യക്കാരുള്ളപ്പോള്‍, എന്നാല്‍ പണം ആവശ്യത്തിന് ലഭ്യമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, ബാങ്കുകള്‍ കൂടുതല്‍ ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കി പണം സമാഹരിക്കുകയും, അത് വായ്പയായി നല്‍കുകയും ചെയ്യും. എന്നാല്‍ ബാങ്ക് വായ്പകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ കൊമേര്‍ഷ്യല്‍ പേപ്പറുകള്‍ പോലെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളിലേക്ക് പണമിറക്കുകയും ചെയ്യും.