പേയ്മെന്റ് ബാങ്കുകളെ അറിയാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് പേയ്‌മെന്റ് ബാങ്കുകള്‍.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് പേയ്‌മെന്റ് ബാങ്കുകള്‍. പേയ്‌മെന്റ് ബാങ്കുകളുടെ നിയമം അനുസരിച്ച്...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് പേയ്‌മെന്റ് ബാങ്കുകള്‍. പേയ്‌മെന്റ് ബാങ്കുകളുടെ നിയമം അനുസരിച്ച് ഒരു ഉപഭോക്താവിന്റെ നിക്ഷേപ പരിധി രണ്ട് ലക്ഷം രൂപയാണ്. ഈ ബാങ്കുകള്‍ക്ക് വായ്പ നല്‍കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനും കഴിയില്ല, എന്നാല്‍ അവര്‍ക്ക് നെറ്റ് ബാങ്കിംഗ്, എ ടി എം കാര്‍ഡുകള്‍, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോലുള്ള സേവനങ്ങളും പേയ്മെന്റ് ബാങ്കുകളില്‍ നിന്നും ലഭ്യമാണ്.
പ്രവര്‍ത്തനവും ലക്ഷ്യവും
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍, ചെറുകിട ബിസിനസ്സുകള്‍, കുടിയേറ്റ തൊഴിലാളികള്‍, മറ്റ് അസംഘടിത മേഖലകള്‍ എന്നിവയ്ക്ക് ചെറുകിട സേവിംഗ്സ് അക്കൗണ്ടുകളും പണമടയ്ക്കാനുള്ള സേവനങ്ങളും നല്‍കിക്കൊണ്ട് അവരുടെ സാമ്പത്തികമായി ഉള്‍ച്ചേര്‍ക്കുക എന്നതാണ് പേയ്‌മെന്റ് ബാങ്കിന്റെ പ്രധാന ലക്ഷ്യം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്ന രണ്ട് തരത്തിലുള്ള ബാങ്കിംഗ് ലൈസന്‍സുകളുണ്ട്. യൂണിവേഴ്സല്‍ ബാങ്ക് ലൈസന്‍സും ഡിഫ്റന്‍ഷ്യേറ്റ് ബാങ്ക് ലൈസന്‍സും. വാണിജ്യ ബാങ്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളും നല്‍കാന്‍ കഴിയാത്തതിനാല്‍ പേയ്‌മെന്റ് ബാങ്ക് ഡിഫ്റന്‍ഷ്യേറ്റ് ബാങ്ക് ലൈസന്‍സിന് കീഴിലാണ് വരുന്നത്. 100 കോടി രൂപ അടച്ച് തീര്‍ത്ത ഇക്വറ്റി മൂലധനം ഉണ്ടെങ്കിലേ പേയ്‌മെന്റ് ബാങ്കിന് ആര്‍ ബി ഐ ലൈസന്‍സ് അനുവദിക്കൂ.
പേയ്മെന്റ് ബാങ്കുകളും നിയമങ്ങളും
ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ലെ സെക്ഷന്‍ 22 പ്രകാരം ബാങ്കുകള്‍ക്ക് പേയ്‌മെന്റ് ബാങ്കുകളായി ലൈസന്‍സ് ലഭിക്കും, കൂടാതെ കമ്പനി ആക്റ്റ്, 2013 പ്രകാരം പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യും. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിലെ എഫ് ഡി ഐ നിയമങ്ങള്‍ അനുസരിച്ച് ഈ ബാങ്കുകളില്‍ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കും. 1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരം വോട്ടിംഗ് അവകാശങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. മറ്റ് ബാങ്കുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ബാങ്ക് അതിന്റെ പേരില്‍ 'പേയ്മെന്റ് ബാങ്ക്' എന്ന പദം ഉപയോഗിക്കണം.
എത്ര പേയ്മെന്റ് ബാങ്കുകള്‍
ആര്‍ ബി ഐയുടെ നിയമപ്രകാരം നോണ്‍ ബാങ്ക് പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് (പി പി ഐ) ഇഷ്യൂവര്‍, വ്യക്തികള്‍, പ്രൊഫഷണലുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ ബി എഫ് സി), കോര്‍പ്പറേറ്റ് ബിസിനസ് കറസ്‌പോണ്ടന്റുകള്‍ (ബി സി) തുടങ്ങിയവര്‍ക്ക് പേയ്‌മെന്റ് ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കാം.ഇന്ത്യയില്‍ നിലവില്‍ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, ഫിനോ, പേടിഎം പേയ്‌മെന്റ് ബാങ്ക്, എന്‍ എസ് ഡി എല്‍ പേയ്‌മെന്റ് ബാങ്ക്, ജിയോ പേയ്‌മെന്റ് ബാങ്ക് എന്നിങ്ങനെ ആറ് പേയ്മെന്റ് ബാങ്കുകളാണുള്ളത്. എന്നാല്‍ ഇത്തരം സേവനങ്ങളുടെ ലഭ്യതയെ കുറിച്ച് അറിവില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൂടാതെ സാങ്കേതിക മേഖലയെക്കുറിച്ച് അവബോധമില്ലാത്തതും തുടങ്ങിയ കാര്യങ്ങളാല്‍ ഇന്നും താഴെത്തട്ടിലുള്ള ചില ആളുകളിലേക്ക് പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങള്‍ എത്തിയിട്ടില്ല.