ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി
നിലവിലുള്ള ദേശീയ നീതിന്യായ വ്യവസ്ഥകളെ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്.
ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (ഐസിസി) നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര ട്രിബ്യൂണലാണ്. വംശഹത്യ,...
ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (ഐസിസി) നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര ട്രിബ്യൂണലാണ്. വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധ കുറ്റകൃത്യങ്ങള്‍, ആക്രമണ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് വ്യക്തികളെ വിചാരണ ചെയ്യുന്നതിന് അധികാരമുള്ള ആദ്യത്തെയും സ്ഥിരവുമായ അന്താരാഷ്ട്ര കോടതിയാണ് ഐസിസി. നിലവിലുള്ള ദേശീയ നീതിന്യായ വ്യവസ്ഥകളെ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്. അതിനാല്‍, ദേശീയ കോടതികള്‍ കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ തയ്യാറാവാതെയോ അല്ലെങ്കില്‍ കഴിയാതെയോ വരുമ്പോള്‍ മാത്രമേ ഐസിസി അധികാരപരിധി വിനിയോഗിക്കാവൂ.
ഐസിസിക്ക് പൂര്‍ണ്ണമായ പ്രാദേശിക അധികാരപരിധിയില്ല. അംഗരാജ്യങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍, അംഗരാജ്യങ്ങളിലെ പൗരന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍, അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ കോടതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന സാഹചര്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ എന്നിവ മാത്രമേ അന്വേഷിക്കാനും വിചാരണ ചെയ്യാനും കഴിയൂ. 2002 ജൂലൈ 1 ന് ഐസിസി പ്രവര്‍ത്തനം ആരംഭിച്ചു. 2020 ഡിസംബര്‍ വരെ, 123 ഐസിസി അംഗരാജ്യങ്ങളുണ്ട്. 42 രാജ്യങ്ങള്‍ റോം സ്റ്റാറ്റിയൂട്ടില്‍ ഒപ്പിടുകയോ കക്ഷികളാകുകയോ ചെയ്തിട്ടില്ല.
ഐസിസിക്ക് നാല് പ്രധാന ഘടകങ്ങളാണുള്ളത്. പ്രസിഡന്‍സി, ജുഡീഷ്യല്‍ ഡിവിഷന്‍, ഓഫീസ് ഓഫ് പ്രോസിക്യൂട്ടര്‍, രജിസ്ട്രി എന്നിവ. കോടതിയുടെ ശരിയായ ഭരണത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്‍സിയ്ക്കാണ്. കോടതിയിലെ 18 ജഡ്ജിമാര്‍ ഉള്‍പ്പെടുന്നതാണ് ജുഡീഷ്യല്‍ ഡിവിഷന്‍. കോടതിയുടെ ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രീ-ട്രയല്‍ ചേംബര്‍, ട്രയല്‍ ചേംബര്‍, അപ്പീല്‍ ചേംബര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ജുഡീഷ്യല്‍ ഡിവിഷനെ ക്രമീകരിച്ചിട്ടുണ്ട്.
അന്വേഷണങ്ങളും പ്രോസിക്യൂഷനുകളും നടത്തുകയെന്നതാണ് ഓഫീസ് ഓഫ് പ്രോസിക്യൂട്ടര്‍ന്റെ ഉത്തരവാദിത്തം. ഒന്നോ അതിലധികമോ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരും ഒരു ചീഫ് പ്രോസിക്യൂട്ടറുമാണ് ഈ വിഭാഗത്തെ നിയന്ത്രിക്കുന്നത്. കോടതിയുടെ ഭരണത്തിന്റെയും സേവനത്തിന്റെയും ജുഡീഷ്യല്‍ അല്ലാത്ത കാര്യങ്ങള്‍ക്ക് രജിസ്ട്രി ഉത്തരവാദിയായിരിക്കും. നിയമ സഹായ കാര്യങ്ങളുടെ നടത്തിപ്പ്, കോടതി മാനേജ്മെന്റ്, ഇരകളുടെയും സാക്ഷികളുടെയും കാര്യങ്ങള്‍, പ്രതിഭാഗം അഭിഭാഷകന്‍ എന്നീ കാര്യങ്ങളെല്ലാം രജിസ്ട്രിയില്‍ ഉള്‍പ്പെടുന്നു.