അന്താരാഷ്ട്ര തൊഴില്‍ സംഘടനയെ അറിയാം

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഒരു ഐക്യരാഷ്ട്ര സഭാ ഏജന്‍സിയാണ്.

Update: 2022-01-14 03:04 GMT
trueasdfstory

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഒരു ഐക്യരാഷ്ട്ര സഭാ ഏജന്‍സിയാണ്. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ...

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഒരു ഐക്യരാഷ്ട്ര സഭാ ഏജന്‍സിയാണ്. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ നീതിയെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് അതിന്റെ ചുമതല. 1919 ഒക്ടോബറില്‍ ലീഗ് ഓഫ് നേഷന്‍സിന് കീഴില്‍ സ്ഥാപിതമായ തൊഴില്‍ സംഘടന യുഎന്നിന്റെ ആദ്യത്തേതും ഏറ്റവും പഴയതുമായ ഏജന്‍സിയാണ്.

ഇതില്‍ 187 അംഗരാജ്യങ്ങളുണ്ട്. ലോകമെമ്പാടും 40 ഫീല്‍ഡ് ഓഫീസുകളുള്ള സംഘടനയുടെ ആസ്ഥാനം സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ്. കൂടാതെ 107 രാജ്യങ്ങളിലായി ഏകദേശം 3,381 ജീവനക്കാര്‍ ജോലി ചെയ്യുന്നു. അവരില്‍ 1,698 പേര്‍ സാങ്കേതിക മേഖലയിലും പ്രോജക്റ്റുകളിലും പ്രവര്‍ത്തിക്കുന്നു. 1969 ലെ
സമാധാനത്തിനുള്ള നോബല്‍ സമ്മാനം യുഎന്‍ തൊഴില്‍ സംഘടന കരസ്ഥമാക്കി.

സ്വാതന്ത്ര്യം, തുല്യത, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്ന ഫലപ്രദവും സുസ്ഥിരവുമായ ജോലി ഉറപ്പാക്കുകയാണ് ഐ എല്‍ ഓയുടെ ലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ അടങ്ങിയ 189 ഉടമ്പടികള്‍ തയ്യാറാക്കിയിട്ടുണ്ട്. അവയില്‍ എട്ടെണ്ണം 1998-ലെ അടിസ്ഥാന തത്വങ്ങളും ജോലിസ്ഥലത്തെ അവകാശങ്ങളും സംബന്ധിച്ച പ്രഖ്യാപനമനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. കൂട്ടായി വിലപേശുന്നതിനുള്ള അവകാശം നല്‍കുകയും നിര്‍ബന്ധിതമായി തൊഴിലില്‍ നിന്ന് പിരിച്ചുവിടുന്നത് നിര്‍ത്തലാക്കല്‍, ബാലവേല ഉന്മൂലനം ചെയ്യല്‍, തൊഴില്‍ വിവേചനം ഇല്ലാതാക്കല്‍ എന്നിവയാണ് അടിസ്ഥാന തത്വങ്ങളില്‍ വരുന്നത്. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താതിരിക്കുന്നതും അവര്‍ക്കു ദോഷം ഉണ്ടാകുന്ന
രീതിയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതും ലോകസമാധാനത്തിന് അപകടമാണെന്ന് തൊഴില്‍ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

തൊഴില്‍സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുക, തൊഴിലാളികള്‍ക്ക് സാങ്കേതികപരിശീലനം നല്കുക എന്നിവയെല്ലാം സംഘടനയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു. ജോലിസമയം, വേതനം എന്നിവയെ സംബന്ധിച്ച നയങ്ങള്‍ രൂപവത്കരിക്കുകയും സൗഹാര്‍ദപരമായ മുതലാളി-തൊഴിലാളി ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം നല്കുകയും തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍പെടുന്നു. ആരോഗ്യസംരക്ഷണം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ നല്‍കുക തുടങ്ങിയവയും തൊഴില്‍ സംഘടനാ ലക്ഷ്യങ്ങളാണ്.

അന്താരാഷ്ട്ര വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍
കൈവരിക്കാന്‍ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള യുഎന്‍ ഓര്‍ഗനൈസേഷന്റെ
ഒരു കൂട്ടായ്മയായ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് ഗ്രൂപ്പില്‍ ഇത് അംഗമാണ്.

സംഘടനയ്ക്ക് ഭരണസമിതി, ഡയറക്ടര്‍ ജനറല്‍, അന്താരാഷ്ട്ര തൊഴില്‍കാര്യാലയം എന്നിങ്ങനെ മൂന്ന് പ്രധാന ഭരണ സംവിധാനമുണ്ട്. അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികളെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സാണ് സംഘടനയുടെ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സംഘടനയുടെ ബഡ്ജറ്റ് ചര്‍ച്ച, ഡയറക്ടര്‍ ജനറലിന്റെ നിയമനം, തൊഴില്‍കാര്യാലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവ ഭരണസമിതിയുടെ അധികാരത്തില്‍പ്പെടുന്നു. കോണ്‍ഫറന്‍സില്‍ എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും തുല്യമായ അധികാരങ്ങളുണ്ട്. ഓരോ പ്രതിനിധിക്കും ഓരോ വോട്ട് രേഖപ്പെടുത്താം. ഭരണസമിതിയുടെ അംഗങ്ങളില്‍ വ്യവസായ പ്രാധാന്യമുള്ള 10 അംഗരാഷ്ട്രങ്ങളില്‍നിന്നുള്ള 10 പ്രതിനിധികള്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News