ഹരിതവിപ്ലവത്തിന്റെ ചരിത്രം

ഹരിതവിപ്ലവം, അല്ലെങ്കില്‍ മൂന്നാം കാര്‍ഷിക വിപ്ലവം 1950 നും 1960 കളുടെ അവസാനത്തിലും ഇടയില്‍ കാര്‍ഷിക മേഖലയില്‍ നടന്ന സാങ്കേതികതയുടെ ഇടപെടലായിരുന്നു.

Update: 2022-01-14 03:50 GMT
trueasdfstory

ഹരിതവിപ്ലവം, അല്ലെങ്കില്‍ മൂന്നാം കാര്‍ഷിക വിപ്ലവം 1950 നും 1960 കളുടെ അവസാനത്തിലും ഇടയില്‍ കാര്‍ഷിക മേഖലയില്‍ നടന്ന സാങ്കേതികതയുടെ...

ഹരിതവിപ്ലവം, അല്ലെങ്കില്‍ മൂന്നാം കാര്‍ഷിക വിപ്ലവം 1950 നും 1960 കളുടെ അവസാനത്തിലും ഇടയില്‍ കാര്‍ഷിക മേഖലയില്‍ നടന്ന സാങ്കേതികതയുടെ ഇടപെടലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിച്ചു. ഇന്ത്യയില്‍ ഹരിത വിപ്ലവം ശക്തമായത് 1966 - 69 പഞ്ചവത്സര പദ്ധതി കാലത്താണ്. വികസ്വര രാജ്യങ്ങളില്‍ കാര്‍ഷിക ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ഷിക ഗവേഷണവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതാണ് ഹരിത വിപ്ലവം.

1960 കളുടെ അവസാനത്തില്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന വിളവ് തരുന്ന ഇനങ്ങള്‍, ധാന്യങ്ങളുടെ, പ്രത്യേകിച്ച് കുള്ളന്‍ ഗോതമ്പും അരിയും ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കപ്പെട്ടു. രാസവളങ്ങള്‍, കാര്‍ഷിക രാസവസ്തുക്കള്‍, നിയന്ത്രിത ജലസേചനം, എന്നിവയും യന്ത്രവല്‍ക്കരണം ഉള്‍പ്പെടെയുള്ള പുതിയ കൃഷിരീതികളും ഹരിതവിപ്ലവത്തിന്റെ സംഭാവനയായിരുന്നു.

ഹരിതവിപ്ലവത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്…

1) അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള വസ്തുക്കളുടെ ഉപയോഗം

2) ആധുനിക ശാസ്ത്രീയ കൃഷിരീതികള്‍ സ്വീകരിക്കല്‍

3) അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ഉപയോഗം

4) രാസവളങ്ങളുടെ ശരിയായ ഉപയോഗം

5) കൈവശമുള്ള ഭൂമിയുടെ ഏകീകരണം

6) വിവിധ മെക്കാനിക്കല്‍ യന്ത്രങ്ങളുടെ ഉപയോഗം

1940കളില്‍ മെക്സിക്കോയില്‍ ഡോ. നോര്‍മന്‍ ഇ. ബോര്‍ലാഗിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ പദ്ധതിയുടെ സമ്പൂര്‍ണ്ണവിജയം ക്രമേണ ലോകമാകെ വ്യാപിക്കുകയായിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന് അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളായ സൊണോറ-64, ലെര്‍മാ റോജോ 64 എന്നീ വിത്തിനങ്ങള്‍ ഉത്പാദിപ്പിച്ചതിന് 1970 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. ഒരു ബില്യണിലധികം ആളുകളെ പട്ടിണിയില്‍ നിന്ന് രക്ഷിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.

ഇന്ത്യയില്‍ അന്ന് ഉണ്ടായിരുന്ന അതിഭീമമായ ക്ഷാമത്തെ തരണം ചെയ്യുവാന്‍ അന്നത്തെ കാര്‍ഷികമന്ത്രിയുടെ ഉപദേശകനായിരുന്ന ശ്രീ.എം.എസ്.സ്വാമിനാഥന്‍ ബോര്‍ലാഗിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു. ഭക്ഷ്യസുരക്ഷയ്ക്കും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഡോ. എം.എസ്. സ്വാമിനാഥന്‍ ' ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു.

തുടക്കത്തില്‍ പഞ്ചാബ് കേന്ദ്രീകരിച്ച് നെല്കൃഷി ആരംഭിച്ചു. ഇന്റര്‍നാഷണല്‍ റൈസ് റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഐ ആര്‍ എസ് എന്ന പൊക്കം കുറഞ്ഞതും ഓരോ ചെടിയിലും ധാരാളം നെന്‍മണികള്‍ ലഭിക്കുന്നതുമായ നെല്ലിനങ്ങളെ വ്യാപകമായി വളര്‍ത്താന്‍ തുടങ്ങി. അന്ന് ഉപയോഗത്തിലുണ്ടായിരുന്ന നെല്ലിനങ്ങളെക്കാള്‍ പത്തിരട്ടിയോളം ഉത്പാദനം ഈ വിത്തിനങ്ങള്‍ നല്‍കി.

1960-കളില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് 2 ടണ്‍ മാത്രം നെല്ലുല്‍പാദനമുണ്ടായിരുന്ന സ്ഥാനത്ത് 1990 ല്‍ ഹെക്ടറിന് ആറുടണ്‍ എന്നകണക്കില്‍ ഉത്പാദനം വര്‍ദ്ധിച്ചു. 2006 ല്‍ 4.5 ദശലക്ഷം ടണ്‍ നെല്ലുല്‍പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനമാണ് പഞ്ചാബ്.

Tags:    

Similar News