ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം (എ ബി എസ്)

എബിഎസ് സംവിധാനമുള്ള വാഹനങ്ങളുടെ ബ്രേക്കുകള്‍ പക്ഷെ അനാവശ്യമായി അടിക്കടി ചവിട്ടുന്നത് ഒഴിവാക്കണം.

Update: 2022-01-14 01:07 GMT
trueasdfstory

ഏതൊരു യാത്രയിലും ഏറ്റവും പ്രധാനപ്പെട്ടത് സുരക്ഷ തന്നെയാണ്. യാത്രയുടെ സുരക്ഷ വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ കൂടി...

ഏതൊരു യാത്രയിലും ഏറ്റവും പ്രധാനപ്പെട്ടത് സുരക്ഷ തന്നെയാണ്. യാത്രയുടെ സുരക്ഷ വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നതാണ്. ബ്രേക്കിംഗ് സിസ്റ്റം വാഹനസുരക്ഷയില്‍ ഏറ്റവും തന്ത്രപ്രധാനമേറിയ ഒന്നാകുന്നത് അതിനാലാണ്. വാഹനങ്ങളില്‍ പലതരം ബ്രേക്കിംഗ് സിസ്റ്റങ്ങള്‍ ഉണ്ടെങ്കിലും എബിഎസ് ബ്രേക്കിംഗ് സിസ്റ്റമാണ് ഇപ്പോള്‍ ഭൂരിഭാഗം വാഹനങ്ങളുടേയും വലിയ സുരക്ഷാപ്രത്യേകതയായി കമ്പനികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

1929 ലാണ് വിമാനങ്ങളില്‍ ഉപയോഗിക്കുന്നതിനായി ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം (എ ബി എസ്) സംവിധാനം കണ്ടെത്തിയത്. ഗബ്രിയേല്‍ വോയ്സിന്‍ ആണ് വിമാനങ്ങളുടെ ലാന്റിംഗിലെ അപകടം ഇല്ലാതാക്കാനായി പുതിയ സംവിധാനം വികസിപ്പിച്ചത്. പിന്നീട് 1958 ല്‍ റോയല്‍ എന്‍ഫീല്‍ഡും 60 ല്‍ ഫോര്‍ഡും പരീക്ഷണാടിസ്ഥാനത്തില്‍ തങ്ങളുടെ വാഹനങ്ങളില്‍ എ ബി എസ് സംവിധാനം പ്രയോഗിച്ചു. എന്നാല്‍ പൂര്‍ണമായി വാഹനങ്ങളില്‍ എ ബി എസ് സംവിധാനം ഉപയോഗിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.

വേഗത്തില്‍ വരുന്ന വാഹനം സഡന്‍ ബ്രേക്കിടുമ്പോള്‍ വാഹനം തെന്നിനീങ്ങി അപകടം സംഭവിക്കുന്നത് തടയുന്നതിനാണ് എ ബി എസ് സംവിധാനം അവതരിപ്പിച്ചത്. സഡന്‍ ബ്രേക്കിടുമ്പോള്‍ ബ്രേക്കിന്റെ പ്രവര്‍ത്തനം മൂലം വാഹനത്തിന്റെ ടയറുകളുടെ കറക്കം നിലയ്ക്കുമെങ്കിലും വേഗതമൂലം വാഹനത്തിന്റെ ചലനം നില്‍ക്കണമെന്നില്ല. സാധാരണ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നതാണ് പലപ്പോഴും അപകടത്തിന് വഴിവെക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്തുകയാണ് എ ബി എസ് ചെയ്യുന്നത്. എബിഎസ് സംവിധാനം ടയറുകള്‍ പൂര്‍ണമായും ലോക്ക് ചെയ്യാതെ അതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്നത് തടഞ്ഞ് സ്റ്റിയറിംഗിന്റെ കണ്‍ട്രോള്‍ നഷ്ടമാകാതെ ശ്രദ്ധിക്കും. ഇത് മൂലം ബ്രേക്ക് ചെയ്യുന്നതിനൊപ്പം തന്നെ വാഹനം വെട്ടിച്ച് മാറ്റി അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും.

ഇതെങ്ങനെ സാധിക്കും?

എബിഎസ് സംവിധാനത്തിലെ സെന്‍സറുകള്‍, ഇലക്ട്രോണിക്ക് കണ്‍ട്രോള്‍ യൂണിറ്റ്, ഹൈഡ്രോളിക്ക് വാല്‍വ്, പമ്പ് എന്നിവയുടെ പ്രവര്‍ത്തന മൂലമാണ് ഇത് സാധ്യമാകുന്നത്. ടയറുകളുടെ കറക്കം സെന്‍സ് ചെയ്യുന്ന സെന്‍സറുകള്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് കൃത്യമായി വിവരം കൈമാറും. ഇത് മനസിലാക്കി ബ്രേക്കിന്റെ ഫോഴ്സ് നിയന്ത്രിച്ച് നിര്‍ത്തുന്ന വാല്‍വുകള്‍ ആണ് ബ്രേക്കിംഗില്‍ ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനം നടത്തുന്നത്. ഒരു ടയറിന്റെ കറക്കം മറ്റേതിനേക്കാള്‍ കുറഞ്ഞാല്‍ അതിനനുസരിച്ച് മര്‍ദ്ദം ക്രമീകരിച്ച് വാല്‍വുകള്‍ മറ്റുള്ളവയ്ക്കൊപ്പമാക്കും. സെക്കന്റില്‍ 15 തവണ ഇത്തരത്തില്‍ ബ്രേക്കിന്റെ മര്‍ദ്ദം ക്രമീകരിക്കാന്‍ എബിഎസിന് സാധിക്കും. ഇത് വാഹനം തെന്നിമാറുന്നത് തടയാന്‍ സഹായിക്കും.

എബിഎസ് സംവിധാനമുള്ള വാഹനങ്ങളുടെ ബ്രേക്കുകള്‍ പക്ഷെ അനാവശ്യമായി അടിക്കടി ചവിട്ടുന്നത് ഒഴിവാക്കണം. ഇത് കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. എന്നാല്‍ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോള്‍ വാഹനം പൂര്‍ണമായും നില്‍ക്കുന്നത് വരെ ബ്രേക്ക് പെഡല്‍ ചവിട്ടിപിടിക്കുകയും വേണം. എബിഎസ് പ്രവര്‍ത്തിക്കുമ്പോള്‍ പെഡലില്‍ നേരിയ വൈബ്രേഷന്‍ അനുഭവപ്പെടുന്നത് ബ്രേക്ക് വര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണ്. അതില്‍ പരിഭ്രമിക്കേണ്ടതില്ല. വാല്‍വുകള്‍ ബ്രേക്കിലെ മര്‍ദ്ദം ക്രമീകരിക്കുന്നതിന്റെ ഫലമായാണ് ഈ വൈബ്രേഷന്‍ അനുഭവപ്പെടുന്നത്.

 

Tags:    

Similar News