ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ അറിയാം
അറിഞ്ഞോ സബ്‌സിഡിയും ആനുകൂല്യങ്ങളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ നിലവിലുണ്ടായിരുന്ന സംവിധാനത്തെ പരിഷ്‌കരിച്ചു
വിവിധ കേന്ദ്ര പദ്ധതികളുടെ ഭാഗമായി സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും രാജ്യത്തെ സാധരണക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കി വരുന്നു. ഇത്തരം...
വിവിധ കേന്ദ്ര പദ്ധതികളുടെ ഭാഗമായി സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും രാജ്യത്തെ സാധരണക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കി വരുന്നു. ഇത്തരം സബ്‌സിഡിയും ആനുകൂല്യങ്ങളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ നിലവിലുണ്ടായിരുന്ന സംവിധാനത്തെ പരിഷ്‌കരിച്ചു കൊണ്ട് 2013 ജനുവരി 1 ന് ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ച ഒന്നാണ് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ ഡി ബി ടി. സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ജനങ്ങള്‍ക്ക് കൈമാറുക എന്നതാണ് ഡി ബി ടിയുടെ ലക്ഷ്യം. ഇത്തരം സബ്‌സിഡികള്‍ അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ പല ഇടനിലക്കാരിലൂടെ ജനങ്ങളിലേക്കെത്തുമ്പോള്‍ അര്‍ഹരായവരുടെ കൈയ്യില്‍ ലഭിക്കുന്നത് വളരെ തുച്ഛമായ തുകയാണ്. മാത്രമല്ല ഇതിന് കാലതാമസവുമെടുക്കുന്നു. ഇവ ഒഴിവാക്കാനാണ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍.
പ്രത്യേകതകള്‍
ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത അത് തികച്ചും സുതാര്യമാണ് എന്നതാണ്. സബ്‌സിഡി വിതരണത്തിലെ അപാകതകള്‍ അവ ഇല്ലാതാക്കുന്നു. ഇത്തരം ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ ആളുകള്‍ക്ക് സബ്‌സിഡികള്‍ ഉറപ്പാക്കാന്‍ ഡി ബി ടി സഹായിക്കുന്നു. കൂടാതെ സര്‍ക്കാരിന്റെ ഫണ്ടുകളുടെ ദുരുപയോഗം തടയുകയും ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാര്‍ തുടക്കത്തില്‍ 34 കേന്ദ്ര പദ്ധതികളിലാണ് ഇത് ആരംഭിച്ചത്. എല്‍പിജി സബ്‌സിഡി, ധനലക്ഷ്മി സ്‌കീം, ജനനി സുരക്ഷാ യോജന തുടങ്ങി ഇന്ന് ഡി ബി ടിക്ക് കീഴില്‍ നിരവധി കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ), എന്‍ പി സി ഐ, 500 ല്‍ ഏറെ പൊതു, സ്വകാര്യ മേഖല, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഏകീകൃതമായി ഡി ബി ടി പദ്ധതി നടപ്പാക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസ സബ്‌സിഡികള്‍ വേഗത്തില്‍ ആളുകളിലേക്ക് എത്തിച്ചേരുന്നതിന് ഡിബിറ്റി സഹായിച്ചു.
ഡിബിറ്റി പ്രവര്‍ത്തിക്കുന്നത്
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ രൂപകല്പന ചെയ്ത ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വിവിധ കേന്ദ്ര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സെന്‍ട്രല്‍ പ്ലാന്‍ സ്‌കീം മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ (സിപിഎസ്എംഎസ്) രാജ്യത്ത് ആരെല്ലാമാണ് ഇത്തരം സബ്സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരെന്ന് കണ്ടെത്തി ഓഫീസ് ഓഫ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് സര്‍ക്കാരിനെ അത് അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും ഓര്‍ഡറുകളും സിപിഎസ്എംഎസ് വെബ്സൈറ്റില്‍ ലഭ്യമാണ്.
സിപിഎസ്എംഎസ് നല്‍കുന്ന രേഖകള്‍ സര്‍ക്കാര്‍ പരിശോധിച്ച ശേഷമാണ് ഇടപാടുകള്‍ നടത്തുന്നത്. ആധാര്‍ ഐഡന്റിഫിക്കേഷന്‍ ഉപയോഗിച്ചാണ് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളുടെ നടപടിക്രമം നടക്കുന്നത്. ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും https://dbtbharat.gov.in/ എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്. എല്ലാ സംസ്ഥാന, കേന്ദ്ര ക്ഷേമ പദ്ധതികളും ലഭ്യമായ എല്ലാ സബ്‌സിഡികളുടെ വിവരങ്ങളും ഇതില്‍ ലഭ്യമാണ്.