വിന്‍ഡ്‌ഫോള്‍ നികുതി തിരിച്ചടിയായി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറ്റാദായത്തില്‍ കുറവ്

ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ നേരിയ കുറവ്. പുതിയതായി അവതരിപ്പിച്ച വിന്‍ഡ്ഫാള്‍ ടാക്സ് മൂലം ഓയില്‍ ബിസിനസില്‍ നിന്നുള്ള ലാഭം കുറഞ്ഞതാണ് ഇതിനു കാരണം. ഓയില്‍, റീട്ടെയില്‍, ടെലികോം എന്നിവയെല്ലാം ചേര്‍ന്ന ബിസിനസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021 സെപ്റ്റംബര്‍ പാദത്തിലെ 13,680 ല്‍ നിന്നും നേരിയ കുറവോടെ ഈ സെപ്റ്റംബറില്‍ 13,656 കോടി രൂപയിലേക്ക് എത്തിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവിലെ 17,955 കോടി രൂപയില്‍ നിന്നും അറ്റാദായം 24 ശതമാനം […]

Update: 2022-10-22 02:00 GMT

ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ നേരിയ കുറവ്. പുതിയതായി അവതരിപ്പിച്ച വിന്‍ഡ്ഫാള്‍ ടാക്സ് മൂലം ഓയില്‍ ബിസിനസില്‍ നിന്നുള്ള ലാഭം കുറഞ്ഞതാണ് ഇതിനു കാരണം.

ഓയില്‍, റീട്ടെയില്‍, ടെലികോം എന്നിവയെല്ലാം ചേര്‍ന്ന ബിസിനസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021 സെപ്റ്റംബര്‍ പാദത്തിലെ 13,680 ല്‍ നിന്നും നേരിയ കുറവോടെ ഈ സെപ്റ്റംബറില്‍ 13,656 കോടി രൂപയിലേക്ക് എത്തിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍-ജൂണ്‍ കാലയളവിലെ 17,955 കോടി രൂപയില്‍ നിന്നും അറ്റാദായം 24 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂലായ് ഒന്നു മുതല്‍ ഡീസല്‍, പെട്രോള്‍, എടിഎഫ് എന്നിവയുടെ കയറ്റുമതിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി കമ്പനിയുടെ പ്രധാന എണ്ണ-കെമിക്കല്‍സ് (ഓയില്‍ ടു കെമിക്കല്‍സ്) വില്‍പനയില്‍ നിന്നുള്ള വരുമാനത്തെ ബാധിച്ചതാണ് തിരിച്ചടിയായത്.

യുക്രെയ്‌നിലെ യുദ്ധത്തെത്തുടര്‍ന്ന് ആഗോള ഇന്ധന വിലയിലുണ്ടായ കുതിച്ചുചാട്ടത്തില്‍ നിന്നുള്ള ലാഭം കുറയ്ക്കാന്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഓയിലിന്റെയും, ക്രൂഡ് ഓയിലിന്റെയും കയറ്റുമതിക്ക് സര്‍ക്കാര്‍ വിന്‍ഡ്‌ഫോള്‍ നികുതി ചുമത്തിയിരുന്നു. വിന്‍ഡ്‌ഫോള്‍ നികുതി മൂലം ഈ പാദത്തില്‍ കമ്പനിക്ക് 4,039 കോടി രൂപയുടെ നഷ്ടമുണ്ടായി.

എണ്ണ-കെമിക്കല്‍ ബിസിനസില്‍ നിന്നുള്ള നികുതിക്ക് മുമ്പുള്ള വരുമാനം ഏകദേശം ആറ് ശതമാനം കുറഞ്ഞ് 11,968 കോടി രൂപയായി. ജിയോ പ്ലാറ്റ്‌ഫോമുകളുടെ അറ്റാദായം 27 ശതമാനം വര്‍ധിച്ച് 4,729 കോടി രൂപയായും, നികുതിക്ക് മുമ്പുള്ള വരുമാനം 51 ശതമാനം ഉയര്‍ന്ന് 4,404 കോടി രൂപയുമായി.

എണ്ണ, ഗ്യാസ് ഉത്പാദനത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം മൂന്ന് മടങ്ങ് വര്‍ധിച്ച് 3,171 കോടി രൂപയായി. കണ്‍സോളിഡേറ്റഡ് എബിറ്റിഡ വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഉള്‍പ്പെടുത്താതെ 38,702 കോടി രൂപയാണ്. പുതിയ നികുതി കൂടി കണക്കാക്കിയ ശേഷം 34,663 കോടി രൂപയായി. വരുമാനം 32.4 ശതമാനം വര്‍ധിച്ച് 253,497 കോടി രൂപയായി. എബിറ്റിഡ 14.5 ശതമാനം ഉയര്‍ന്നു.

Tags:    

Similar News