2022-23 ല്‍ കയറ്റുമതി $480 ബില്യണ്‍ എത്തുമെന്ന് വാണിജ്യ സെക്രട്ടറി
ഡെല്‍ഹി: ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-22 ലെ 420 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 470-480 ബില്യണ്‍ യുഎസ് ഡോളറാകുമെന്ന് വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. കൂടാതെ 280 ബില്യണ്‍ ഡോളർ സേവന മേഖലയുടെ സംഭാവനയുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ വ്യാപാര കമ്മി 100 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നതായി കണക്കുകൾ പറയുന്നു. 2022 ജൂലൈയിലെ വ്യാപാര കമ്മി 31.02 ബില്യണ്‍ ഡോളറായിരുന്നു. […]
ഡെല്‍ഹി: ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-22 ലെ 420 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 470-480 ബില്യണ്‍ യുഎസ് ഡോളറാകുമെന്ന് വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു.
കൂടാതെ 280 ബില്യണ്‍ ഡോളർ സേവന മേഖലയുടെ സംഭാവനയുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ വ്യാപാര കമ്മി 100 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നതായി കണക്കുകൾ പറയുന്നു. 2022 ജൂലൈയിലെ വ്യാപാര കമ്മി 31.02 ബില്യണ്‍ ഡോളറായിരുന്നു.
എന്നാൽ, വ്യാപാര കമ്മി ഇനി കൂടുതൽ ഉയരില്ലെന്നും സെക്രട്ടറി പറഞ്ഞു. ആഗോള വിപണിയില്‍ എണ്ണയുടെയും മറ്റ് ചരക്കുകളുടെയും വില കുറയുന്നതിനാല്‍ വരും മാസങ്ങളില്‍ വ്യാപാരക്കമ്മി കുറയാന്‍ സാധ്യതയുണ്ടെന്ന് സെക്രട്ടറി സൂചിപ്പിച്ചു.
ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2021-22 ഏപ്രില്‍-മാര്‍ച്ച് കാലയളവില്‍ 669.65 ബില്യണ്‍ ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 34.50 ശതമാനം വളർച്ചയാണ് അന്ന് രേഖപ്പെടുത്തിയത്.
പല പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് മാറ്റാന്‍ പദ്ധതിയിടുന്നതിനാല്‍ ഇന്ത്യക്ക് വലിയ അവസരമാണ് മുന്നിലുളളതെന്ന് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പല കമ്പനികളും തങ്ങളുടെ ഉത്പാദനം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാപ്പനീസ് വസ്ത്രവ്യാപാരിയായ യുണിക്ലോ തങ്ങളുടെ പ്ലാന്റ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും 1 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായും സുബ്രഹ്‌മണ്യം പറഞ്ഞു.