അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ക്കായി വിപണി കാത്തിരിക്കുന്നു
ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ അമേരിക്കന്‍ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കയില്‍ സുപ്രധാനമായ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ജൂലൈയിലെ പണപ്പെരുപ്പ കണക്കുകള്‍ ഇന്നു രാത്രിയോടെ പുറത്ത് വരും. ഇന്ത്യന്‍ വിപണിയില്‍ ഇത് നാളെ മാത്രമേ പ്രതിഫലിക്കുകയുള്ളു. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും യുഎസ് ഫെഡിന്റെ നിരക്കുയര്‍ത്തലിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക. ഈ സാഹചര്യത്തില്‍ വിപണികളെല്ലാം സസൂക്ഷമം കാത്തിരിക്കുകയാണ്. ജൂണിലെ പണപ്പെരുപ്പ നിരക്ക് 9.1 ശതമാനമായിരുന്നു. മേയില്‍ 8.6 ശതമാനവും. ഏഷ്യന്‍ വിപണികള്‍ […]
ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ അമേരിക്കന്‍ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കയില്‍ സുപ്രധാനമായ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ജൂലൈയിലെ പണപ്പെരുപ്പ കണക്കുകള്‍ ഇന്നു രാത്രിയോടെ പുറത്ത് വരും. ഇന്ത്യന്‍ വിപണിയില്‍ ഇത് നാളെ മാത്രമേ പ്രതിഫലിക്കുകയുള്ളു. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും യുഎസ് ഫെഡിന്റെ നിരക്കുയര്‍ത്തലിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക. ഈ സാഹചര്യത്തില്‍ വിപണികളെല്ലാം സസൂക്ഷമം കാത്തിരിക്കുകയാണ്. ജൂണിലെ പണപ്പെരുപ്പ നിരക്ക് 9.1 ശതമാനമായിരുന്നു. മേയില്‍ 8.6 ശതമാനവും.
ഏഷ്യന്‍ വിപണികള്‍
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.15 ന് 0.21 ശതമാനം താഴ്ച്ചയിലാണ്. മറ്റെല്ലാ ഏഷ്യന്‍ വിപണികളും നഷ്ടം നേരിടുകയാണ്. ഇന്നു രാവിലെ പുറത്തുവന്ന ഏറ്റവും സുപ്രധാനമായ വിവരം ചൈനയിലെ ഫാക്റ്ററി ഗേറ്റ് പണപ്പെരുപ്പം ഒന്നര വര്‍ഷത്തെ താഴ്ന്ന നിലയിലേയ്‌ക്കെത്തി എന്നതാണ്. ഇതിനര്‍ത്ഥം അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നുവെന്നാണ്. കൂടാതെ, ചൈനയിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്കുകളും സാവധാനമാണ് ഉയരുന്നത്. ഇവയെല്ലാം ഓഹരി ഏഷ്യന്‍ വിപണികൾക്ക് അനുകൂലമായ ഘടകങ്ങളാണ്.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില നേരിയ ഉയര്‍ച്ചയിലാണ്. റഷ്യന്‍ വാതക വിതരണത്തിലെ തടസ്സങ്ങളാണ് വീണ്ടും ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് സഹായകമാകുന്നത്. ക്രൂഡ് വില 100 ഡോളറില്‍ താഴ്ന്ന് നില്‍ക്കുന്നത് ഇന്ത്യന്‍ വിപണിയ്ക്കും ഏറെ അനുകൂലമാണ്. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, ക്രൂഡ് ഓയില്‍ ശേഖരം വര്‍ധിച്ചിരിക്കുകയാണ്. ഇതിനര്‍ത്ഥം അമേരിക്കയിലെ ഉപഭോഗം കുറയുന്നുവെന്നാണ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ക്രൂഡ് ഓയില്‍ കണക്കുകള്‍ ഇന്നു രാത്രിയോടെ പുറത്ത് വരും. ഇതോടെ അമേരിക്കയിലെ കഴിഞ്ഞയാഴ്ച്ചയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഏകദേശ ചിത്രം ലഭിക്കും.
വിദേശ നിക്ഷേപം
തിങ്കളാഴ്ച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,449 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 140 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങല്‍ ഇന്നും തുടരുകയാണെങ്കില്‍ അത് വിപണിയ്ക്ക് ഏറെ സഹായകരമാകും. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളില്‍ കൃത്യത ലഭിക്കുന്നതു വരെ അവര്‍ ഒരുപക്ഷേ കാത്തിരുന്നേക്കാം. അങ്ങനെ വന്നാല്‍ വിപണിയില്‍ ഇന്ന് വില്‍പ്പന സമ്മര്‍ദ്ദമുണ്ടാകും.
കമ്പനി ഫലങ്ങള്‍
ഇന്നു പുറത്തുവരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍- ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്, കോള്‍ ഇന്ത്യ, ഏഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, സെയില്‍, ഐആര്‍സിടിസി, സൈഡസ് ലൈഫ് സയന്‍സസ്.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ജൂണ്‍ അവസാനത്തിലെ താഴ്ന്ന നിലയില്‍ നിന്നും 15.4 ശതമാനത്തിന്റെ ഉയര്‍ച്ച നിഫ്റ്റിയില്‍ സംഭവിച്ചതോടെ ഓഹരികളുടെ മൂല്യ നിര്‍ണ്ണയം അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വിപണി മറ്റ് ലോക വിപണികളേക്കാള്‍ മെച്ചപ്പെട്ട നിലയിലാണെങ്കിലും, സമ്പദ്ഘടന മികച്ച വളര്‍ച്ച കാഴ്ച്ചവയ്ക്കുമെങ്കിലും നിഫ്റ്റി 2023 സാമ്പത്തിക വര്‍ഷത്തെ വരുമാന കണക്കുകൂട്ടലിന്റെ 20 മടങ്ങ് വര്‍ധിച്ചാണ് വ്യാപാരം നടത്തുന്നത്. നിക്ഷേപകര്‍ ഈ വസ്തുത കണക്കിലെടുക്കണം. വിദേശ നിക്ഷേപകരുടെ ശക്തമായ വരവും, ഡോളര്‍ ഇന്‍ഡെക്‌സിലുണ്ടായ താഴ്ച്ചയും ആഭ്യന്തര വിപണിയെ കരുത്തുറ്റ നിലയിലാക്കിയിട്ടുണ്ട്. ഇന്ന് എല്ലാവരും കാത്തിരിക്കുന്ന സുപ്രധാന വിവരം അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളാണ്. പണപ്പെരുപ്പം കുറഞ്ഞു നിന്നാല്‍ വിപണികള്‍ക്ക് ഏറെ അനുഗ്രഹമാകും. അമേരിക്കയില്‍ മാന്ദ്യത്തിനുള്ള സാധ്യത കുറയുന്നതും, പണപ്പെരുപ്പം താഴുന്നതും ആഗോള വിപണികള്‍ക്കെല്ലാം ആശ്വാസമാണ്."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,785 രൂപ (ഓഗസ്റ്റ് 10 )
ഒരു ഡോളറിന് 79.49 രൂപ (ഓഗസ്റ്റ് 10, 08.01 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 96.53 ഡോളര്‍ (ഓഗസ്റ്റ് 10, 8.02 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 17,57,000 രൂപ (ഓഗസ്റ്റ് 10, 8.03 am, വസീര്‍എക്‌സ്)