ഡോളര്‍ പുറത്താകുമോ? ഇന്ത്യന്‍ കമ്പനി കല്‍ക്കരി വാങ്ങുന്നത് 'യുവാന്‍' കൊടുത്ത്

എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ മുതല്‍ ഡോളറിന്റെ ആധിപത്യം തകരുമോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. എന്നാലിതാ ആഴ്ച്ചകള്‍ക്കപ്പുറം ഇന്ത്യന്‍ സിമന്റ് കമ്പനിയായ അള്‍ട്രാടെക്ക് ചൈനീസ് യുവാന്‍ ഉപയോഗിച്ച് വന്‍ ഇടപാട് നടത്താന്‍ ഒരുങ്ങുകയാണ്. റഷ്യയില്‍ നിന്നും കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിനാണ് കമ്പനി യുവാന്‍ ഉപയോഗിക്കുന്നത്. റോയിട്ടേഴ്‌സ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 172,652,900 യുവാന്‍ (25.81 മില്യണ്‍) മൂല്യമുള്ള കാര്‍ഗോ ട്രാന്‍സാക്ഷനാണ് നടക്കുന്നതെന്നും, […]

Update: 2022-06-30 03:11 GMT
എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ മുതല്‍ ഡോളറിന്റെ ആധിപത്യം തകരുമോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. എന്നാലിതാ ആഴ്ച്ചകള്‍ക്കപ്പുറം ഇന്ത്യന്‍ സിമന്റ് കമ്പനിയായ അള്‍ട്രാടെക്ക് ചൈനീസ് യുവാന്‍ ഉപയോഗിച്ച് വന്‍ ഇടപാട് നടത്താന്‍ ഒരുങ്ങുകയാണ്. റഷ്യയില്‍ നിന്നും കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിനാണ് കമ്പനി യുവാന്‍ ഉപയോഗിക്കുന്നത്. റോയിട്ടേഴ്‌സ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 172,652,900 യുവാന്‍ (25.81 മില്യണ്‍) മൂല്യമുള്ള കാര്‍ഗോ ട്രാന്‍സാക്ഷനാണ് നടക്കുന്നതെന്നും, രേഖകള്‍ പ്രകാരം ഈ മാസം അഞ്ചിന് ഇറക്കിയ ഇന്‍വോയിസാണ് ഇടപാടിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. 1,57,000 ടണ്‍ കല്‍ക്കരിയാണ് റഷ്യന്‍ നിര്‍മ്മാണ കമ്പനിയായ SUEKല്‍ നിന്നും അള്‍ട്രാടെക്ക് വാങ്ങുന്നത്.
മാത്രമല്ല മറ്റ് ചില കമ്പനികളും SUEKല്‍ കല്‍ക്കരിയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ ഇടപാടുകളും യുവാന്‍ ഉപയോഗിച്ചായിരിക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യം പരിശോധിച്ചാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ യുവാന്റെ സാന്നിധ്യം കരുത്താര്‍ജ്ജിക്കുകയാണ്. യുഎസ് ഡോളറിന് ആഗോള മാര്‍ക്കറ്റിലുള്ള ആധിപത്യത്തിന് ഇടിവ് വരുന്നതോടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ള വിവിധ സാമ്പത്തിക ഉപരോധങ്ങളെ ഇത് കൂടുതല്‍ നിഷ്ഫലമാക്കാനാണ് സാധ്യത. ചൈനീസ് യുവാന്‍ ഉപയോഗം വ്യാപിക്കുന്നത് യുഎസിന്റെ സാമ്പത്തിക ബലക്ഷയത്തിന് കാരണമാകും. സാമ്പത്തിക രംഗത്തിന് ചൈന അമേരിക്കയുടെ മുഖ്യ എതിരാളിയാണ്.
യുക്രൈന്‍ വിഷയത്തില്‍ റഷ്യയെ ചൈന ശക്തമായി പിന്തുണയ്ക്കുകയും ചെയ്തതോടെ യുഎസുമായുള്ള ഇടച്ചില്‍ ശക്തമായി. യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ യുവാന്റെ മൂല്യം വര്‍ധിച്ചിരുന്നു. സൗദിയുടെ പാത മറ്റ് ഗള്‍ഫ് രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ ആഗോളതലത്തില്‍ ഡോളറിനുള്ള ആധിപത്യത്തിന് തിരിച്ചടി നേരിടാനുള്ള സാധ്യത ഏറെയാണ്. യുഎസിന് എതിരെയുള്ള ശക്തമായ നിലപാടാണ് സൗദിയുടെ നീക്കമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദി നടത്തിയ നീക്കങ്ങളെ യുഎസ് പിന്തുണച്ചിരുന്നില്ല.
മാത്രമല്ല ഇറാന്‍ ആണവകരാറുകള്‍ പുതുക്കുന്നതിനായി യുഎസ് മുന്‍കൈ എടുത്തത് സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ളിടയില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ലോകത്തെ തന്നെ മുന്‍നിര സിമന്റ് കമ്പനിയായ അള്‍ട്രാടെക്കിന്റെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ യുവാന്റെ മൂല്യം ഇനിയും ഉയരാനാണ് സാധ്യത. ഇത് ഡോളര്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്നും മാറി ചിന്തിക്കാന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിച്ചേക്കാം. റഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപയിലൂടെ പേയ്മെന്റ് നടത്താന്‍ ഇന്ത്യ ആലോചിച്ചിരുന്നെങ്കിലും അത് നടപ്പില്‍ വന്നില്ല. കാലങ്ങളായി യുവാനിലൂടെയാണ് റഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ ചൈന നടത്തുന്നത്.
Tags:    

Similar News