ബ്ലോക്ക്ചെയിനില്‍ കുരുത്തത് വിപണിയില്‍ വാടില്ല, ഉഷാറാകുമോ ക്രിപ്റ്റോ ?
ക്രിപ്റ്റോ മേഖല കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചടി നേരിട്ടുവെങ്കിലും ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ ഉണര്‍വ് പ്രകടമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ 2.36 ശതമാനം വര്‍ധിച്ച് ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റ് മൂല്യം 1.27 ട്രില്യണ്‍ ഡോളറിലെത്തി. മാത്രമല്ല മൊത്തം മാര്‍ക്കറ്റ് വോള്യം 24 മണിക്കൂറിനിടെ 2.12 ട്രില്യണ്‍ ഡോളറായെന്നും ഇത് 869.28 ശതമാനം വര്‍ധനവാണ് വെളിവാക്കുന്നതെന്നും പ്രൈസ് ട്രാക്കിംഗ് വെബ്സൈറ്റായ കൊയിന്‍ മാര്‍ക്കറ്റ് ക്യാപ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ന് ബിറ്റ്കൊയിനിന്റെ മൂല്യം (2022 മെയ് 13 […]
ക്രിപ്റ്റോ മേഖല കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചടി നേരിട്ടുവെങ്കിലും ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ ഉണര്‍വ് പ്രകടമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ 2.36 ശതമാനം വര്‍ധിച്ച് ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റ് മൂല്യം 1.27 ട്രില്യണ്‍ ഡോളറിലെത്തി. മാത്രമല്ല മൊത്തം മാര്‍ക്കറ്റ് വോള്യം 24 മണിക്കൂറിനിടെ 2.12 ട്രില്യണ്‍ ഡോളറായെന്നും ഇത് 869.28 ശതമാനം വര്‍ധനവാണ് വെളിവാക്കുന്നതെന്നും പ്രൈസ് ട്രാക്കിംഗ് വെബ്സൈറ്റായ കൊയിന്‍ മാര്‍ക്കറ്റ് ക്യാപ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ന് ബിറ്റ്കൊയിനിന്റെ മൂല്യം (2022 മെയ് 13 ഉച്ചയ്ക്ക് 1.00 മണി വരെയുള്ള കണക്ക് പ്രകാരം) 30,319.99 ഡോളറാണ് (ഏകദേശം 23,44,454.98 രൂപ). എഥറിയം 2,073.52- യുഎസ് ഡോളര്‍ (ഏകദേശം 160,339.70 രൂപ). എക്സ് ആര്‍ പി- 0.44 യുഎസ് ഡോളര്‍ (ഏകദേശം 34.02 രൂപ), ബിറ്റ്കൊയിന്‍ ക്യാഷ്-207.08 യുഎസ് ഡോളര്‍ (ഏകദേശം 16,013.95 രൂപ). ഇഒഎസ് - 1.39 യുഎസ് ഡോളര്‍ (ഏകദേശം 107.49 രൂപ). സോളാനാ - 50.17 ഡോളര്‍ (ഏകദേശം 3,879.51 രൂപ). കാര്‍ഡാനോ - 0.57 ഡോളര്‍ (ഏകദേശം 44.07 രൂപ). സ്റ്റെല്ലാര്‍ - 0.133 ഡോളര്‍ (ഏകദേശം 10.05 രൂപ). ടെറാ ലൂണ - 0.00001346 ഡോളര്‍.
ടെറ ലൂണയുടെ തളര്‍ച്ച
ടെറാഫോം ലാബ്‌സിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ടെറ ലൂണയുടെ ഇടിവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ളവയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 24 മണിക്കൂറിനുള്ളില്‍ ടെറ ലൂണയ്ക്ക് 99 ശതമാനം മൂല്യവും നഷ്ടമായതാണ് ക്രിപ്‌റ്റോ മേഖലയെ നടുക്കിയത്. ഇന്ന് 0.00001346 ഡോളറിലാണ് ടെറ ലൂണയുടെ വ്യാപാരം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ അര ഡോളറിനും താഴെയാണ് ഇന്ന് ടെറയുടെ മൂല്യം. ഏതാനും മാസം മുന്‍പ് ഇത് 112 ഡോളര്‍ വരെ എത്തിയെന്ന് ഓര്‍ക്കണം. ഏപ്രിലില്‍ 90 ഡോളറായിരുന്നു ടെറ ലൂണയുടെ മൂല്യം.
ടെറയ്ക്ക് തിരിച്ചടി ഏറ്റതോടെ ആഗോള ക്രിപ്റ്റോ കറന്‍സികള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. ടെറയുടെ കൈവശമുള്ള ബിറ്റ്‌കോയിനുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞതാണ് ടെറ ലൂണ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളെ പ്രതിസന്ധിയിലാക്കിയത്. യുഎസിലെ പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നതും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് തിരിച്ചടിയായി. പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍തന്നെ തുടരുകയാണെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ആഗോള നിയന്ത്രണ സംവിധാനം ഉടന്‍
ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച നിയമങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി ആഗോള മാര്‍ക്കറ്റ് റെഗുലേറ്റര്‍മാര്‍ ചേര്‍ന്ന് ഒരു ജോയിന്റ് ബോഡി (സംയുക്ത നിയന്ത്രണ സമിതി) ആരംഭിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സൈബര്‍ സുരക്ഷ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം, ക്രിപ്റ്റോ ദുരുപയോഗം തടയുക തുടങ്ങിയവയില്‍ സമിതി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക ഇരട്ടപ്രഹരത്തിനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.
രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് മേല്‍ 28 ശതമാനം നികുതി ചുമത്താനുള്ള കേന്ദ്ര നീക്കം സംബന്ധിച്ച് തീരുമാനം എന്താകുമെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. നിലവില്‍ ലോട്ടറി, കാസിനോ എന്നിവയ്ക്ക് ഈടാക്കുന്ന ജിഎസ്ടിയ്ക്ക് തുല്യമാണിത്. ഇനി നടക്കാനിരിക്കുന്ന ജിഎസ്ടി മീറ്റിംഗിന് ശേഷമാകും പുതിയ നികുതി ചുമത്തുന്നതില്‍ അന്തിമ തീരുമാനമുണ്ടാകുക. ഇത് നടപ്പായാല്‍ രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച ഒട്ടുമിക്ക ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമാകും.
1961ലെ ആദായ നികുതി നിയമത്തില്‍ അധിക വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി പ്രഖ്യാപിച്ചത്. മാത്രമല്ല ഒരു ശതമാനം ടിഡിഎസും നല്‍കണം. എന്നാല്‍ ഇ-വൗച്ചറുകള്‍, കാര്‍ഡ് വഴിയുള്ള പേയ്മെന്റുകള്‍ എന്നിവ നടത്തുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ റിവാര്‍ഡുകളെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ക്രിപ്റ്റോ കറന്‍സിയ്ക്ക് ഇന്ത്യ നിയമപരമായ അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും രാജ്യത്തെ ക്രിപ്റ്റോ മാര്‍ക്കറ്റ് എന്നത് അതിശക്തമാണ്.