പേടിഎം ബിസിനസ് മോഡലിനെ ചോദ്യം ചെയ്ത് ആദിത്യ പുരി
മുബൈ: ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ഉപഭോക്താക്കളെ സമ്പാദിച്ചത് സേവനങ്ങള്‍ നല്‍കിയല്ല മറിച്ച് ക്യാഷ് ബാക്ക് വഴിയാണെന്ന് മുതിര്‍ന്ന ബാങ്കറായ ആദിത്യ പുരി. പേടിഎമ്മിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ പരാമര്‍ശം. ബാങ്കില്‍ നിന്ന് വ്യത്യസ്തമായി, പേടിഎം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ നേടിയെടുത്തു. എന്നാൽ, "ഇത്രയധികം പേയ്‌മെന്റുകള്‍ പേടിഎം കൈകാര്യം ചെയ്താല്‍ അതിന്റെ ലാഭം എവിടെനിന്നു വരും," അദ്ദേഹം ചോദിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തുടക്കം മുതല്‍ അതിനെ നയിച്ച പുരി 2020 ല്‍ […]
മുബൈ: ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ഉപഭോക്താക്കളെ സമ്പാദിച്ചത് സേവനങ്ങള്‍ നല്‍കിയല്ല മറിച്ച് ക്യാഷ് ബാക്ക് വഴിയാണെന്ന് മുതിര്‍ന്ന ബാങ്കറായ ആദിത്യ പുരി. പേടിഎമ്മിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ പരാമര്‍ശം.
ബാങ്കില്‍ നിന്ന് വ്യത്യസ്തമായി, പേടിഎം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ നേടിയെടുത്തു. എന്നാൽ, "ഇത്രയധികം പേയ്‌മെന്റുകള്‍ പേടിഎം കൈകാര്യം ചെയ്താല്‍ അതിന്റെ ലാഭം എവിടെനിന്നു വരും," അദ്ദേഹം ചോദിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തുടക്കം മുതല്‍ അതിനെ നയിച്ച പുരി 2020 ല്‍ വിരമിക്കുമ്പോഴേക്കും ബാങ്ക് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമായി മാറിയിരുന്നു.
പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) യിലൂടെ നിക്ഷേപകര്‍ പേടിഎം ഓഹരികള്‍ വാങ്ങിയ വിലയേക്കാള്‍ 75 ശതമാനം താഴ്ചയിലാണ് ഇപ്പോൾ അവ വിപണിയിൽ വ്യാപാരം നടത്തുന്നത്. ഇത്തരം കമ്പനികളുടെ ബിസിനസ് മോഡലുകളെക്കുറിച്ചുള്ള ആശങ്കകള്‍ പുരി പരസ്യമാക്കുന്നത് ഇതാദ്യമല്ല. മുംബൈ സര്‍വകലാശാലയിലെ ഐഎംസി ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രോസ് സെല്ലിംഗ് പോലുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ കഠിനാധ്വാനത്തെപ്പറ്റി പരാമർശിച്ച പുരി, എച്ച്ഡിഎഫ്സി ബാങ്കിന് മറ്റ് സേവനങ്ങള്‍ വഴി നേടിയെടുത്ത ധാരാളം ഉപഭോക്താക്കളുണ്ടായിരുന്നെങ്കിലും വാഹന വായ്പാ വിഭാഗത്തില്‍ ക്രോസ് സെല്ലിംഗ് കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് വര്‍ഷങ്ങളോളം പരിശ്രമിക്കേണ്ടിവന്നെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേറ്റ് ഭരണം ഒരു സംസ്‌ക്കാരമാണെന്നും, അത് ഒരു സ്ഥാപനത്തിന്റെ
തലപ്പത്ത് മുതൽ നടപ്പിലാക്കിത്തുടങ്ങേണ്ടതാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാങ്കുകളിൽ ഈ സംസ്‌ക്കാരം കൊണ്ടുവരുന്നതിന് ആര്‍ബിഐ ശ്രമങ്ങള്‍ നടത്തുന്നുണ്ട്, പുരി പറഞ്ഞു.
ആമസോണും, ഗൂഗിള്‍പേയും പോലുള്ള സേവന ദാതാക്കള്‍ക്ക് സ്വന്തമായി ഒരു ബാങ്ക് ആരംഭിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ വാണിജ്യ ബാങ്കുകള്‍ പാലിക്കേണ്ട നിരവധി നിയന്ത്രണങ്ങൾ അവരും അനുസരിക്കേണ്ടിവരുമെന്ന് പുരി പറഞ്ഞു.
സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അര്‍ധ-നഗര, ഗ്രാമീണ വിപണികളിലുണ്ടെന്ന് പറഞ്ഞ പുരി എന്നാല്‍ അവരുടെ ധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ധനകാര്യസ്ഥാപനങ്ങളുടെ പിന്തുണ ലഭിക്കുന്നില്ലന്നും ചൂണ്ടിക്കാട്ടി. "അത്തരം മേഖലകളിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച് ബാങ്കര്‍മാര്‍ ഭയപ്പെടുന്നു. ആശങ്കകള്‍ പരിഹരിക്കുന്നതിനും, ബാങ്കിംഗ് സേവനങ്ങള്‍ മികച്ചതാക്കുന്നതിനും സര്‍ക്കാര്‍ ഗ്യാരണ്ടി സജ്ജീകരിക്കണം," പുരി നിര്‍ദ്ദേശിച്ചു.