5 വര്‍ഷത്തെ ആര്‍ഡിക്ക് ആര് തരും ഉയര്‍ന്ന പലിശ
- ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപം നടത്താം.
- ഓണ്‍ലൈനായും അക്കൗണ്ട് തുറക്കാന്‍ അവസരമുണ്ട്.
- ബാങ്കുകള്‍, പോസ്‌റ്റോഫീസ് എന്നിവിടങ്ങളില്‍ റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ ആരംഭിക്കാം.
കൃത്യമായൊരു സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിച്ചിട്ടും പറ്റുന്നില്ലെ. എങ്കില്‍ അതിനു പറ്റിയ ഒരു നിക്ഷേപ മാര്‍ഗമുണ്ട്. അതാണ് ആര്‍ഡി എന്ന ചുരുക്കപ്പേരില്‍ ഒതുങ്ങിക്കൂടിയ റെക്കറിംഗ് ഡെപ്പോസിറ്റ്. ഒരുമിച്ച് വലിയൊരു തുക നിക്ഷേപിക്കാനില്ലാത്തവര്‍ക്ക് മാസം തോറും ചെറിയ തുക നിക്ഷേപിക്കാം.
നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയും നേടാം. ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപം നടത്താം. ബാങ്കുകള്‍, പോസ്‌റ്റോഫീസ് എന്നിവിടങ്ങളില്‍ റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ ആരംഭിക്കാം. നിക്ഷേപത്തിന് 100 രൂപ മുതല്‍ എത്ര തുക വേണമെങ്കിലും തെരഞ്ഞെടുക്കാം. ഓണ്‍ലൈനായും അക്കൗണ്ട് തുറക്കാന്‍ അവസരമുണ്ട്.
വിവിധ ബാങ്കുകളില്‍ വിവിധ കാലയളവിലെ നിക്ഷേപത്തിന് പലിശയും വ്യത്യസ്തമായിരിക്കും. പോസ്‌റ്റോഫീസിലെ റെക്കറിംഗ് ഡെപ്പോസിറ്റ് പലിശ നിരക്കുകള്‍ മൂന്ന് മാസം കൂടുമ്പോള്‍ സര്‍ക്കാര്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുതുക്കുമ്പോള്‍ പുതുക്കാറുണ്ട്.
അഞ്ച് വര്‍ഷ കാലയളവിലുള്ള ആര്‍ഡി നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ നിരക്ക് നല്‍കുന്നത് ആരാണ്. ഒന്ന് പരിശോധിച്ചാലോ.
6.7 % മുതല്‍ 7.25 % വരെ
നിക്ഷേപം പൊതുമേഖലയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐലാണെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് ലഭിക്കുന്നത് 6.7 ശതമാനം പലിശയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ അഞ്ച് വര്‍ഷത്തേക്ക് ഏഴ് ശതമാനം പലിശ നല്‍കും.
യെസ് ബാങ്കിലെ നിക്ഷേപകര്‍ക്ക് 7.25 ശതമാനം പലിശ നിരക്ക് അഞ്ച് വര്‍ഷത്തേക്ക് ലഭിക്കും. ഫെഡറല്‍ ബാങ്ക് നല്‍കുന്നത് 6.60 ശതമാനമാണ്്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഇത് ആറ് ശതമാനമാണ്.
നിക്ഷേപം പോസ്‌റ്റോഫീസിലാണെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് 6.7 ശതമാനമാണ് പലിശ.
സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അഞ്ച് വര്‍ഷക്കാലയളവിലെ നിക്ഷേപത്തിന് 6.25 ശതമാനം പലിശ നല്‍കുമ്പോള്‍, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത് 7.20 ശതമാനമാണ്. ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 6.75 ശതമാനവും ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7.25 ശതമാനവും നല്‍കുന്നുണ്ട്.