സുകന്യ സമൃദ്ധി, പിപിഎഫ് നിക്ഷേപങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശ വേണോ? ഇതാണ് പൊടിക്കൈ
- ഉയര്‍ന്ന റിട്ടേണ്‍ ഉറപ്പാക്കിയാവണം നിക്ഷേപം
- ത്രൈമാസത്തിലാണ് പലിശ നിരക്ക് അവലോകനം ചെയ്യുന്നത്
- പെണ്‍കുട്ടികള്‍ക്കുള്ള നിക്ഷേപ പദ്ധതിയാണ് എസ്എസ് വൈ
നിക്ഷേപം നടത്തുമ്പോള്‍ ഉയര്‍ന്ന പലിശ തന്നെയല്ലേ പ്രധാന ലക്ഷ്യം. സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ നിക്ഷേപമുള്ളവരാണോ? എങ്കില്‍ 2024-25 വര്‍ഷത്തിലെ ഉയര്‍ന്ന പലിശ ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തിന് വേണമെങ്കില്‍ ഏപ്രില്‍ 5 നകം നിക്ഷേപം നടത്തണം.
നിക്ഷേപം ഏപ്രില്‍ 5 കഴിഞ്ഞാണെങ്കിലോ?
സുകന്യ സമൃദ്ധി, പിപിഎഫ് നിക്ഷേപങ്ങളുടെ നിയമമനുസരിച്ച് ഏപ്രില്‍ അഞ്ചിനകം നിക്ഷേപം നടത്തിയാല്‍ മാത്രമേ ഉയര്‍ന്ന പലിശ നേടാന്‍ കഴിയൂ. ഈ നിക്ഷേപ പദ്ധതികളിലെ എല്ലാ മാസവും അഞ്ചാം തീയതിക്കും മാസാവസാനത്തിനും ഇടയില്‍ അക്കൗണ്ടിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുക അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്. അതുകൊണ്ടാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണ പേയ്‌മെന്റ് നടത്തുന്ന സുകന്യ സമൃദ്ധി നിക്ഷേപകര്‍ ഉയര്‍ന്ന പലിശ വരുമാനം ഉറപ്പാക്കാന്‍ ഏപ്രില്‍ 5 ന് മുമ്പ് നിക്ഷേപം നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഒറ്റത്തവണയായല്ല നിക്ഷേപം നടത്തുന്നതെങ്കില്‍ പ്രതിമാസ പലിശ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ അക്കൗണ്ടുകളിലേക്കുള്ള പ്രതിമാസ നിക്ഷേപം എല്ലാ മാസവും അഞ്ചാം തീയതിയോ അതിനുമുമ്പോ ചെയ്യണം. നിക്ഷേപം അഞ്ചിന് ശേഷമാണെങ്കില്‍, അത്തരം നിക്ഷേപങ്ങള്‍ ആ മാസത്തെ പലിശ കണക്കുകൂട്ടലിനായി പരിഗണിക്കില്ല.
ഉദാഹരണം; ഒരാള്‍ ഏപ്രില്‍ 20 ന് ഈ പദ്ധതികളില്‍ 1.5 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്നുവെന്നിരിക്കട്ടെ. പലിശ കണക്കാക്കുന്നത് ഏപ്രില്‍ അഞ്ച് മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തിനാണ്. അതിനാല്‍ ഏപ്രില്‍ 20 ലെ നിക്ഷേപം കണക്കാക്കില്ല. പ്രതിമാസമാണ് പലിശ കണക്കാക്കുന്നതെങ്കിലും വാര്‍ഷികമായാണ് പലിശ അക്കൗണ്ടില്‍ ക്രെഡിറ്റാകൂ. ഓരോ ത്രൈമാസത്തിലും കേന്ദ്ര സര്‍ക്കാരാണ് ഈ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് അവലോകനം ചെയ്യുന്നത്. നിലവില്‍ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 8.2 ശതമാനമാണ്. പിപിഎഫിന്റേത് 7.1 ശതമാനവും.
പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധിയില്‍ നിക്ഷേപം നടത്തേണ്ടത് പെണ്‍കുട്ടിക്ക് 14 വയസാകുന്നത് വരെയാണ്. എന്നാല്‍, പെണ്‍ കുട്ടിക്ക് 21 വയസാകുമ്പോഴെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കൂ. കുറഞ്ഞ നിക്ഷേപം 250 രൂപയും കൂടിയ നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. പിപിഎഫിലെ നിക്ഷേപ കാലാവധി 15 വര്‍ഷമാണ്. കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്.