സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില ഗ്രാമിന് 6,199 രൂപ; തിങ്കളാഴ്ച വാങ്ങാം

Update: 2023-12-15 15:17 GMT

സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ അടുത്ത ഗഡുവിനുള്ള ഇഷ്യൂ വില ഗ്രാമിന് 6,199 രൂപയായി നിശ്ചയിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ബോണ്ട് സബ്‌സ്‌ക്രിപ്ഷനായി 18ന് തുറക്കും. ബോണ്ട് ആര്‍ക്കും വാങ്ങാവുന്നതാണ്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) സ്‌കീം 2023-24 - സീരീസ് III 2023 ഡിസംബര്‍ 22വരെ തുറന്നിരിക്കും.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎല്‍), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐഎല്‍), നിയുക്ത തപാല്‍ ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്നിവ വഴിയാണ് എസ്ജിബികള്‍ വില്‍ക്കുന്നത്.

999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയുള്ള ബോണ്ടിന്റെ മൂല്യം ഗ്രാമിന് 6,199 രൂപയാണെന്ന് ഒരു പ്രസ്താവനയില്‍ ആര്‍ബിഐ പറഞ്ഞു.

ഓൺലൈനായി അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് നാമമാത്ര മൂല്യത്തേക്കാൾ ഗ്രാമിന് 50 രൂപ കിഴിവ് നൽകാനും റിസർവ് ബാങ്ക് തീരുമാനിച്ചു..

''അത്തരം നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വില ഒരു ഗ്രാം സ്വര്‍ണത്തിന് 6,149 രൂപയായിരിക്കും,'' സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ഗോള്‍ഡ് ബോണ്ട് സ്‌കീം 2023-24 - സീരീസ് IV

ഗോള്‍ഡ് ബോണ്ട് സ്‌കീം 2023-24 - സീരീസ് IV ഫെബ്രുവരി 12 മുതല്‍ 16വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 2.50 ശതമാനം എന്ന നിശ്ചിത നിരക്കില്‍ പലിശ അര്‍ധവാഷികമായി നല്‍കും.

സബ്സ്‌ക്രിപ്ഷന്റെ പരമാവധി പരിധി വ്യക്തികള്‍ക്ക് 4 കിലോയും എച് യു എഫ്-കൾക്ക് (HUF) 4 കിലോയും ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും 20 കിലോഗ്രാമും ആയിരിക്കും.

ബോണ്ടിന്റെ കാലാവധി എട്ട് വര്‍ഷമായിരിക്കുമെന്നും അഞ്ചാം വര്‍ഷത്തിന് ശേഷം റിഡംപ്ഷന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കമെന്നും നമന്ത്രാലയം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ബോണ്ടുകള്‍ ലോണുകള്‍ക്ക് ഈടായി ഉപയോഗിക്കുകയും ചെയ്യാം. കെവൈസി മാനദണ്ഡങ്ങള്‍ ഭൗതിക സ്വര്‍ണ്ണം വാങ്ങുന്നതിന് തുല്യമായിരിക്കും.

2015 നവംബറിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം ആരംഭിച്ചത്.

Tags:    

Similar News