സ്ത്രീകള്‍ക്കുള്ള ലഘു സമ്പാദ്യ പദ്ധതി ഇനി ബാങ്കിലും; സേവനം ഈ ബാങ്കുകളില്‍!
- മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ട് ജൂണ്‍ 27 മുതല്‍ ബാങ്കുകളിലും
- രണ്ടു വര്‍ഷത്തേക്ക് 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം
- ഈ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങൾ ബാധകമല്ല
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് എന്ന ലഘു സമ്പാദ്യ പദ്ധതിയില്‍ ഇനി ബാങ്കിലൂടെയും ചേരാം. എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകള്‍ക്കും മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാന്‍ അര്‍ഹതയുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. കൂടുതല്‍ എളുപ്പത്തില്‍ സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ അവസരമൊരുക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ധനമന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് എന്നിവയ്ക്കും മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാം. ജൂണ്‍ 27 മുതലാണ് ഈ ബാങ്കുകളില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയത്. ലഘു സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കാന്‍ സാധിക്കാത്ത ശാഖകളുടെ ലിസ്റ്റ് ബാങ്കുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉണ്ട്. ഒപ്പം സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങളും പിന്‍വലിക്കലുകളും സംബന്ധിച്ച് ഓരോ ബാങ്കും കാലാകാലങ്ങളില്‍ ഒരു ആനുകാലിക റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണം.
കഴിഞ്ഞ ബജറ്റിലാണ് ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപിച്ചത്. 2015ല്‍ ആരംഭിച്ച സുകന്യ സമൃദ്ധി യോജനയ്ക്ക് ശേഷം സ്ത്രീകള്‍ക്ക് മാത്രമായി പ്രഖ്യാപിക്കപ്പെടുന്ന അടുത്ത ലഘു സമ്പാദ്യ പദ്ധതിയാണിത്. പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി നിക്ഷേപം നടത്താന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സുകന്യ സമൃദ്ധി യോജന തുടങ്ങിയത്.
സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ പേരില്‍ മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് വഴി നിക്ഷേപം നടത്താന്‍ സാധിക്കും. നിക്ഷേപത്തിന് പ്രതിവര്‍ഷം 7.5 ശതമാനം എന്ന നിശ്ചിത നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അത് ത്രൈമാസ അടിസ്ഥാനത്തില്‍ കോമ്പൗണ്ട് ചെയ്യും. കാലാവധി രണ്ടുവര്‍ഷമാണ്.
നികുതി ആനുകൂല്യങ്ങളൊന്നും മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റിന് ലഭിക്കില്ല. നിക്ഷേപ കാലയളവില്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കും. സ്‌കീം അക്കൗണ്ടിലെ അര്‍ഹമായ ബാലന്‍സിന്റെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. 2025 മാര്‍ച്ച് 31 വരെയാണ് മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപം നടത്താനാകുക.