ഒറ്റത്തവണ നിക്ഷേപം, ഇരട്ടിയായി പിന്‍വലിക്കാം; കിസാന്‍ വികാസ് പത്രയെ അടുത്തറിയാം
- പോസ്‌റ്റോഫീസിലോ ബാങ്കിലോ നിക്ഷേപം ആരംഭിക്കാം
- ത്രൈമാസത്തിലാണ് പലിശ നിശ്ചയിക്കുന്നത്
- പലിശ നിരക്കില്‍ മാറ്റം വരുന്നതനുസരിച്ച് മച്യൂരിറ്റി കാലാവധിയിലും വ്യത്യാസമുണ്ടാകും
1988 ലാണ് കിസാന്‍ വികാസ് പത്ര എന്ന സേവിംഗ്‌സ് പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാകും എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
നിക്ഷേപം
പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. ഒറ്റത്തവണയാണ് നിക്ഷേപം.
അക്കൗണ്ട് തുറക്കല്‍
വ്യക്തിഗത അക്കൗണ്ടുകള്‍, മൂന്ന് പേര്‍ ചേര്‍ന്ന് സംയുക്ത അക്കൗണ്ടുകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. പത്ത് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് അവരുടെ പേരില്‍ അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ആരംഭിക്കാനും അനുവദിക്കുന്നുണ്ട്.
മച്യൂരിറ്റി
നിക്ഷേപം ഇരട്ടിയാകാനെടുക്കുന്ന സമയം 115 മാസം അല്ലെങ്കില്‍ 9 വര്‍ഷവും ഏഴ് മാസവുമാണ്. അതായത് 5000 രൂപ നിക്ഷേപിച്ചാല്‍ 115 മാസം കഴിയുമ്പോള്‍ 10000 രൂപയാകും.
കെവിപി അക്കൗണ്ട് എവിടെ തുടങ്ങാം
പോസ്‌റ്റോഫീസുകള്‍ ബാങ്കുകള്‍ എന്നിവയില്‍ നിക്ഷേപം ആരംഭിക്കാം.
പലിശ നിരക്ക്
കേന്ദ്ര സര്‍ക്കാര്‍ ഓരോ ത്രൈമാസത്തിലും ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിലാണ് കിസാന്‍ വികാസ് പത്രയും ഉള്‍പ്പെടുന്നത്. നിലവില്‍ 7.5 ശതമാനമാണ് പലിശ. വാര്‍ഷികമായാണ് പലിശ കണക്കാക്കുന്നത്. പലിശ നിരക്കില്‍ മാറ്റം വരുന്നതനുസരിച്ച് മച്യൂരിറ്റി കാലാവധിയിലും വ്യത്യാസമുണ്ടാകും.
പണയം വെയ്ക്കല്‍
ബന്ധപ്പെട്ട പോസ്റ്റോഫീസില്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം സമര്‍പ്പിച്ചുകൊണ്ട് കെവിപി പണയം വയ്ക്കുകയോ സെക്യൂരിറ്റിയായി കൈമാറുകയോ ചെയ്യാം.
കാലാവധി പൂര്‍ത്തിയാകും മുമ്പുള്ള പിന്‍വലിക്കല്‍
കെവിപി അക്കൗണ്ടുകള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിക്കാം. അക്കൗണ്ട് ഉടമ മരിച്ചാല്‍, ഗസറ്റ് ഓഫീസര്‍ കണ്ടുകെട്ടിയാല്‍, കോടതി ഉത്തരവുണ്ടെങ്കില്‍ ഈ ഘട്ടങ്ങളിലാണ് കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിക്കല്‍ അനുവദിക്കുന്നത്.നിക്ഷേപം ആരംഭിച്ച് രണ്ടര വര്‍ഷത്തിനുശേഷം നിക്ഷേപം പിന്‍വലിക്കാം.