സ്ത്രീകളേ ഇനിയും നിക്ഷേപത്തിനു വൈകേണ്ട ഈ പദ്ധതികളൊന്നു നോക്കൂ

  • കാലത്തിനനുസരിച്ച് നിക്ഷേപ രീതികളിലും മാറ്റം വന്നിട്ടുണ്ട്
  • വൈകാരിക അടുപ്പം കൂടിയുള്ള ഒന്നാണ് സ്ത്രീകള്‍ക്ക് സ്വര്‍ണം
  • വനിതാ ദിനത്തോടനുബന്ധിച്ച് പല സ്ഥാപനങ്ങളും മികച്ച പദ്ധതികള്‍ അവതരിപ്പിക്കാറുമുണ്ട്

Update: 2024-03-05 09:57 GMT

കയ്യില്‍ കിട്ടുന്ന കാശ് മുഴുവന്‍ ചെലവാക്കാതെ എവിടെയെങ്കിലും നിക്ഷേപിക്കണം എന്നൊക്കെയുണ്ട്. പക്ഷേ, എവിടെ നിക്ഷേപിക്കും എങ്ങനെ നിക്ഷേപിക്കും എന്നതിനെക്കുറിച്ചൊരു ധാരണയില്ലാത്തതിനാലാണ് ഇതുവരെ തുടങ്ങാത്തത്. പല സ്ത്രീകളും നിക്ഷേപത്തെക്കുറിച്ച് പറയുന്നതാണിത്. കയ്യില്‍ കാശ് വെറുതെ വെച്ചിരുന്നാല്‍ അത് നിങ്ങള്‍ക്കായി പണിയെടുക്കുകയോ അതിന്റെ മൂല്യം വര്‍ധിക്കുകയോ ചെയ്യില്ലല്ലോ? കാലം കുറേയധികം മുന്നേട്ട് പോയിരിക്കുന്നു. കാലത്തിനനുസരിച്ച് നിക്ഷേപ രീതികളിലും മാറ്റം വന്നിട്ടുണ്ട്. ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന മികച്ച നിക്ഷേപ ഓപ്ഷനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എപ്പോഴും മികച്ച  ഓപ്ഷനാണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ വലിയൊരു തുക നിക്ഷേപിക്കാനുള്ളവര്‍ക്ക് അത് നിക്ഷേപിക്കാം. ഇനി ചെറിയ തുകകള്‍ തവണകളായി നിക്ഷേപിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴി നിക്ഷേപിക്കം. എസ്‌ഐപി നിക്ഷേപം 100 രൂപ മുതല്‍ ആരംഭിക്കുന്നുണ്ട്.

മാസം തോറും ചെറിയ നിക്ഷേപമാകുമ്പോള്‍ വലിയൊരു ഭാരമായി തോന്നില്ല. അക്കൗണ്ടില്‍ നിന്നും ഇസിഎസ് ആയി നിക്ഷേപം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ കൂടി നല്‍കിയാല്‍ നിക്ഷേപം എളുപ്പമാകും. കുറഞ്ഞ തുകയുടെ വീതം ഒന്നില്‍ കൂടുതല്‍ ഫണ്ടുകള്‍ കണ്ടെത്തിയാല്‍ നിക്ഷേപം വൈവിധ്യവത്കരിക്കുകയും ചെയ്യാം. ദീര്‍ഘകാലത്തില്‍ നിക്ഷേപം നടത്തിയാലെ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും മികച്ച നേട്ടം ലഭിക്കൂ എന്നോര്‍ക്കുക.

പബ്ലിക് പ്രോവിഡന്റ് ഫണ്ട്

സര്‍ക്കാര്‍ പിന്തുണയോടെയുള്ള നിക്ഷേപ പദ്ധതിയാണിത്.  റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്. ബാങ്കുകളും പോസ്‌റ്റോഫീസുകളും പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ അവസരം നല്‍കുന്നുണ്ട്. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. പദ്ധതിയില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാം. കൂടിയ നിക്ഷേപം 1.5 ലക്ഷം രൂപയാണ്. ഒറ്റത്തവണയായോ, തവണകളായോ നിക്ഷേപം നടത്താം. പദ്ധതിക്ക് 15 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുണ്ട്. അത് അഞ്ച് വര്‍ഷത്തേക്കു കൂടി നീട്ടാം.

സ്ഥിര നിക്ഷേപം

മറ്റൊരു സുരക്ഷിതമായ നിക്ഷേപ രീതിയാണ് സ്ഥിര നിക്ഷേപം. ഇതും ബാങ്കുകള്‍, പോസ്‌റ്റോഫീസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ ആരംഭിക്കാം. സ്ത്രീകള്‍ക്കായി പ്രത്യേക സ്ഥിര നിക്ഷേപ ഓപ്ഷനുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുണ്ട്. വനിത ദിനം തുടങ്ങിയ പ്രത്യേക അവസരങ്ങളില്‍ സ്ത്രീകള്‍ക്ക് സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന് നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട് ഇത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്താം. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ കാലായളവിലാണ് സാധാരണ എഫ്ഡികളുടെ കാലാവധി. പലിശ നിരക്ക് ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായിരിക്കും. നിക്ഷേപിക്കും മുമ്പ് ഏത് സ്ഥാപനത്തിലാണോ നിക്ഷേപിക്കുന്നത് അതുമായി ബന്ധപ്പെട്ട് നിക്ഷേപ നിരക്ക് ഉറപ്പാക്കുക.

സ്വര്‍ണം

നിക്ഷേപം എന്നതിനപ്പുറം വൈകാരിക അടുപ്പം കൂടിയുള്ള ഒന്നാണ് സ്ത്രീകള്‍ക്ക് സ്വര്‍ണം. പണപ്പെരുപ്പമോ, യുദ്ധമോ പോലുള്ള സാമ്പത്തിക പ്രതിസന്ധിഘട്ടങ്ങളില്‍ മികച്ച റിട്ടേണ്‍ നല്‍കാന്‍ സ്വര്‍ണത്തിനാകും എന്നതാണ് മറ്റൊരു പ്രത്യകത. ആഭരണമായോ, നാണയമായോ, ഗോള്‍ഡ് ഇടിഎഫുകളായോ സ്വര്‍ണം വാങ്ങാം. ആഭരണമോ, നാണയോ ഒക്കെയാണെങ്കില്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടും. എന്നാല്‍, ഗോള്‍ഡ് ഇടിഎഫ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടിലോ ആണ് നിക്ഷേപമെങ്കില്‍ സുരക്ഷിതത്വത്തെക്കുറിച്ചോര്‍ത്ത് ഭയപ്പെടേണ്ട.

എന്‍പിഎസ്

കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിലാണ് പദ്ധതി വരുന്നത്. അറുപത് വയസുവരെ നിക്ഷേപം നടത്താം. കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ടയര്‍-വണ്‍, ടയര്‍-2 എന്നിങ്ങനെ രണ്ട് അക്കൗണ്ടുകളുണ്ട്. എന്‍പിഎസിലെ പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭ്യമാണ്.

മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം

സ്ത്രീകള്‍ക്കു മാത്രമായുള്ള പദ്ധതിയാണിത്. പോസ്‌റ്റോഫീസുകള്‍ വഴി അക്കൗണ്ട് തുറക്കാം. അക്കൗണ്ടിലെ പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപയാണ്. പലിശ നിരക്ക് 7.5 ശതമാനമാണ്. അക്കൗണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.

മുകളില്‍ നല്‍കിയിരിക്കുന്നതെല്ലാം നിക്ഷേപത്തിനുള്ള ഏതാനും ഓപ്ഷനുകള്‍ മാത്രമാണ്. ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വനിതകള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, വനിതാ ദിനത്തോടനുബന്ധിച്ച് പല സ്ഥാപനങ്ങളും മികച്ച പദ്ധതികള്‍ അവതരിപ്പിക്കാറുമുണ്ട്. ഓരോരുത്തരും അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍, വരുമാനം, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവയൊക്കെ പരിഗണിച്ചു വേണം നിക്ഷേപ രീതികള്‍ കണ്ടെത്താന്‍.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

Tags:    

Similar News