നിക്ഷേപം വളരാനുള്ള ഫോര്‍മുല അറിയുമോ?
- നിക്ഷേപകന്റെ പ്രധാന പാഠങ്ങളിൽ ഒന്നാണ് കോമ്പൗണ്ടിംഗ്
- കോമ്പൗണ്ടിംഗ് ഗുണം ലഭിക്കാൻ എന്തെല്ലാം വേണം?
- വരുമാനത്തിനനുസരിച്ച് നിക്ഷേപവും വർധിപ്പിക്കുക
എന്താണ് നിക്ഷേപം വളരാനുള്ള ഫോര്‍മുല എന്നറിയാമോ? നിങ്ങള്‍ ഈ ഫോര്‍മുലയെ പറ്റി അറിയാത്തവരാണെങ്കില്‍ നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനും ഉയര്‍ന്ന വരുമാനം നേടുന്നതിനും ഒരിക്കലും സാധിക്കില്ല. നിക്ഷേപ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്നാണ് കോമ്പൗണ്ടിംഗ്. ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അത്ഭുതകരമായ റിട്ടേണ്‍ നല്‍കാന്‍ സാധിക്കുന്നൊരു സാമ്പത്തിക ആശയമാണിത്. ഒരു പ്രാരംഭ നിക്ഷേപത്തില്‍ നേടിയ പലിശ വീണ്ടും നിക്ഷേപത്തിനൊപ്പം കൂട്ടിചേര്‍ക്കുകയും വീണ്ടും പലിശ ലഭിക്കുകയും ചെയ്യുന്നു. ഈ കൂട്ടുപലിശ പണം കാലക്രമേണ ഗണ്യമായി വളരാന്‍ സഹായിക്കുന്നു. കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കാന്‍ ഈ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്
നേരത്തെ തുടങ്ങാം
കൂട്ടുപലിശയില്‍ പരമാവധി നേട്ടങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും നിര്‍ണായകമായ ഘടകം സമയമാണ്. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും സമയം നിങ്ങളുടെ പണം വളരും. ചെറിയ അളവിലാണെങ്കില്‍ പോലും, കഴിയുന്നത്ര നേരത്തെ നിക്ഷേപം ആരംഭിച്ച് കോമ്പൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്താം.
സ്ഥിരതയുള്ള നിക്ഷേപം
കോമ്പൗണ്ടിംഗ് കൂടുതല്‍ അനുകൂലമാക്കുന്നതില്‍ സ്ഥിരത പ്രധാനമാണ്. നിക്ഷേപത്തിലേക്ക് പ്രതിമാസം എന്നനിലയിലോ വാര്‍ഷിക അടിസ്ഥാനത്തിലോ തുടര്‍ച്ചയായ ഇടവേളകളില്‍ സ്ഥിരതയോടെ നിക്ഷേപിക്കണം. നിക്ഷേപങ്ങള്‍ അച്ചടക്കത്തോടെ നടത്തുന്നതിലൂടെ വളര്‍ച്ച നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാനാക്കും.
ശരിയായ നിക്ഷേപം തിരഞ്ഞെടുക്കുക
നിരവധി നിക്ഷേപ ഓപ്ഷനുകള്‍ കോമ്പൗണ്ടിംഗ് അവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവ കോമ്പൗണ്ടിംഗ് ആനുകൂല്യങ്ങള്‍ നല്‍കുന്ന നിക്ഷേപങ്ങളാണ്. ഓരോ നിക്ഷേപവുമായും ബന്ധപ്പെട്ട അപകടസാധ്യതകളും റിട്ടേണുകളും മനസിലാക്കുകയും അതിനനുസരിച്ച് നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുകയും ചെയ്യുക.
വീണ്ടും നിക്ഷേപിക്കുക
കോമ്പൗണ്ടിംഗിന്റെ ശക്തി പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന്, നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ലാഭവിഹിതമോ പലിശയോ വീണ്ടും നിക്ഷേപിക്കുക. അവ കാഷ് ഔട്ട് ചെയ്യുന്നതിനുപകരം തുടര്‍ നിക്ഷേപമാക്കുന്ന ഈ സമീപനം നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനം ഗണ്യമായി വര്‍ധിപ്പിക്കും.
പിന്‍വലിക്കാതെ തുടരുക
നിക്ഷേപങ്ങള്‍ അകാലത്തില്‍ പിന്‍വലിക്കാനുള്ള പ്രലോഭനം ഒഴിവാക്കുക എന്നത് കോമ്പൗണ്ടിംഗ് വിജയകരമായി ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കും. ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുകയും പണം വളരാന്‍ അനുവദിക്കുകകയും ചെയ്യണം. കോമ്പൗണ്ടിംഗിന്റെ നേട്ടം കൊയ്യാന്‍ ക്ഷമയാണ് പ്രധാനം.
കോമ്പൗണ്ടിംഗ് ഫ്രീക്വന്‍സി
കോമ്പൗണ്ടിംഗ് നിക്ഷേപങ്ങള്‍ പരിഗണിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വര്‍ഷം തോറും പലിശ കൂട്ടിചേര്‍ക്കുന്ന നിക്ഷേപങ്ങളും ത്രൈമാസത്തിലോ പ്രതിമാസത്തിലോ പലിശ കൂട്ടിചേര്‍ക്കുന്ന നിക്ഷേപങ്ങളും ഉണ്ടാകും എന്നതാണ്. ഇടയ്ക്കിടെ കോമ്പൗണ്ടിംഗ് ചെയ്യുന്ന നിക്ഷേപങ്ങളാണെങ്കില്‍ സമ്പത്ത് വേഗത്തില്‍ വളരും.
നിക്ഷേപം വര്‍ധിപ്പിക്കാം
വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുക. നിക്ഷേപത്തില്‍ വര്‍ധന വരുത്തുന്നത് നിങ്ങള്‍ കോമ്പൗണ്ടിംഗ് പ്രക്രിയ ത്വരിതപ്പെടുത്തുകയും സമ്പത്ത് വളരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.