മാസം 617 രൂപ, വര്‍ഷം 7,404 രൂപ; ഈ മംത്‌ലി ഇന്‍കം പദ്ധതിയെക്കുറിച്ചറിയാം
- അക്കൗണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.
- നിക്ഷേപമാരംഭിച്ച് ഒരു മാസം കഴിയുമ്പോള്‍ മുതല്‍ പലിശ അക്കൗണ്ടില്‍ ക്രെഡിറ്റാകും.
- അപേക്ഷ ഫോമിനൊപ്പം പാസ് ബുക്കും നല്‍കണം.
നിക്ഷേപത്തില്‍ നിന്നും ഓരോ മാസവും നിശ്ചിത വരുമാനം ലഭിച്ചാല്‍ അത് വലിയ കാര്യമാണല്ലേ. അതിനു പറ്റിയ മികച്ച നിക്ഷേപ ഓപ്ഷനാണ് പോസ്‌റ്റോഫീസ് മംത്‌ലി സ്‌കീം അഥവാ നാഷണല്‍ സേവിംഗ്‌സ് മംത്‌ലി ഇന്‍കം അക്കൗണ്ട് (എംഐഎസ്). ഉദാഹരണത്തിന് അഞ്ച് വര്‍ഷത്തേക്കായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്നിരിക്കട്ടെ. എങ്കില്‍ ഇപ്പോഴത്തെ 7.4 ശതമാനം പലിശ നിരക്കുവെച്ചു നോക്കുകയാണെങ്കില്‍ പ്രതിമാസം 617 രൂപ പലിശ വരുമാനമായി ലഭിക്കും. പ്രതി വര്‍ഷം 7,404 രൂപയാണ് പലിശ വരുമാനമായി ലഭിക്കുന്നത്. പ്രതിമാസം പലിശ പിന്‍വലിക്കാതിരുന്നാല്‍ ലഭിക്കുന്ന തുക 137,020 രൂപയാണ്. ഈ നിക്ഷേപ പദ്ധതിയുടെ സവിശേഷതകള്‍ നോക്കാം.
ആര്‍ക്കൊക്കെ അക്കൗണ്ട് തുറക്കാം
ഇന്ത്യക്കാരായ വ്യക്തികള്‍ക്ക് സിംഗിള്‍ അക്കൗണ്ടായോ, മൂന്ന് പേര്‍ക്ക് വരെ ജോയിന്റ് അക്കൗണ്ടായോ നിക്ഷേപം ആരംഭിക്കാം. അതിനായി അടുത്തുള്ള പോസ്‌റ്റോഫീസിനെ സമീപിച്ചാല്‍ മതി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി രക്ഷിതാക്കള്‍ക്ക് ആരംഭിക്കാം. പത്ത് വയസിനു മുകളിലുള്ള കുട്ടിയാണെങ്കില്‍ കുട്ടിയുടെ പേരില്‍ തന്നെ അക്കൗണ്ട് തുറക്കാം.
നിക്ഷേപം
അക്കൗണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. നിക്ഷേപകര്‍ക്ക് 1000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപ തുക നിശ്ചയിക്കാം. ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ഒരു അക്കൗണ്ടിലെ പരമാവധി നിക്ഷേപ തുക ഒമ്പത് ലക്ഷം രൂപയാണ്. ജോയിന്റ് അക്കൗണ്ടിലെ പരമാവധി നിക്ഷേപം 15 ലക്ഷം രൂപയാണ്. ജോയിന്റ് അക്കൗണ്ടിലെ പങ്കാളികള്‍ തുല്യമായ തുകയായി വേണം നിക്ഷേപം നടത്താന്‍.
പലിശ
അക്കൗണ്ട് തുറന്ന് നിക്ഷേപമാരംഭിച്ച് ഒരു മാസം കഴിയുമ്പോള്‍ മുതല്‍ പലിശ അക്കൗണ്ടില്‍ ക്രെഡിറ്റാകും. അത് മച്യൂരിറ്റി ആകുമ്പോള്‍ വരെ ലഭിക്കും. ഇപ്പോള്‍ പലിശ നിരക്ക് 7.4 ശതമാനമാണ്. പലിശ പിന്‍വലിക്കാതിരുന്നാല്‍ അതിന് അധിക പലിശ ലഭിക്കില്ല. മാസാമാസം പലിശ നിരക്ക് പോസ്‌റ്റോഫീസിലെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് വരണമെങ്കില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ നിര്‍ദ്ദേശം നല്‍കാം. പലിശ വരുമാനത്തിന് നകുതിയുണ്ട്.
കാലവധിക്കു മുമ്പിള്ള പിന്‍വലിക്കല്‍
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷം ആകുന്നതിനു മുമ്പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. ഒരു വര്‍ഷത്തിനു ശേഷമോ മൂന്ന് വര്‍ഷത്തിനു മുമ്പോ അക്കൗണ്ട് ക്ലോസ് ചെയ്താല്‍ നിക്ഷേപ തുകയുടെ രണ്ട് ശതമാനം പിടിച്ചതിനുശേഷമേ അക്കൗണ്ടുടമയക്ക് തുക ലഭിക്കൂ. മൂന്ന് വര്‍ഷത്തിനുശേഷം അഞ്ച് വര്‍ഷത്തിനു മുമ്പുമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ തുകയുടെ ഒരു ശതമാനം പിടിച്ചതിനുശേഷമേ അക്കൗണ്ടുടമയ്ക്ക് പണം ലഭിക്കൂ. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് നിശ്ചിത അപേക്ഷ ഫോമും അതോടൊപ്പം പാസ്ബുക്കും സമര്‍പ്പിക്കണം.
കാലാവധി പൂര്‍ത്തിയായാല്‍
മച്യൂരിറ്റിയായതിനുശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ നിശ്ചിത അപേക്ഷ ഫോമിനൊപ്പം പാസ് ബുക്കും നല്‍കണം. അക്കൗണ്ട് ഉടമ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് മരിച്ചാല്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് തുക നോമിനിക്ക് നല്‍കും.