സമ്പാദ്യവും നിക്ഷേപവും ഉറപ്പാക്കുന്ന ഓട്ടോ സ്വീപ് അക്കൗണ്ടുകള്‍

  • ഓട്ടോ സ്വീപ് അക്കൗണ്ട് തുടങ്ങുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്നത് ഒരു സേവിംഗ്‌സ് അക്കൗണ്ടും അതിനോടൊപ്പം ഒരു സ്ഥിര നിക്ഷേപ അക്കൗണ്ടുമാണ്.
  • സേവിംഗ്‌സ് അക്കൗണ്ടില്‍ ആവശ്യത്തിന് പണമായി കഴിഞ്ഞാല്‍ അധികമായി വരുന്ന തുക എഫ്ഡി അക്കൗണ്ടിലേക്ക് നീക്കി പലിശ വരുമാനവും നേടാം.

Update: 2023-09-27 07:23 GMT
auto sweep accounts that ensure savings and investments
  • whatsapp icon

സേവിംഗ്‌സ് അക്കൗണ്ടില്‍ അധിക പണം വന്നാല്‍ അത് ചെലവാക്കി കളയാതെ നിക്ഷേപമായി മാറ്റിവെയ്ക്കാന്‍ അവസരമുണ്ട്. അതിന് വലിയ സമയമോ, ചെലവോ ഒന്നും ഇല്ലന്നെ. ഒരു ഓട്ടോ സ്വീപ് അക്കൗണ്ട് തുറന്നാല്‍ ഓട്ടോമാറ്റിക്കായി നിക്ഷേപം നടന്നോളും.

എന്താണ് ഓട്ടോ സ്വീപ് അക്കൗണ്ട്

സേവിംഗ്‌സ് അക്കൗണ്ടും അതോടൊപ്പം സ്ഥിര നിക്ഷേപത്തിനുള്ള അക്കൗണ്ടു കൂടിച്ചേര്‍ന്ന സൗകര്യമാണ് ഓട്ടോ സ്വീപ് അക്കൗണ്ടുകള്‍. അതായത് ഒരാള്‍ ഓട്ടോ സ്വീപ് അക്കൗണ്ട് തുടങ്ങുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്നത് ഒരു സേവിംഗ്‌സ് അക്കൗണ്ടും അതിനോടൊപ്പം ഒരു സ്ഥിര നിക്ഷേപ അക്കൗണ്ടുമാണ്. ഓട്ടോ സ്വീപ് അക്കൗണ്ടുടമകളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം വന്നാല്‍ അധിക തുക സ്ഥിര നിക്ഷേപ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി എത്തും. അങ്ങനെ സ്ഥിര നിക്ഷേപ അക്കൗണ്ടിലേക്ക് എത്തുന്ന തുകയ്ക്ക് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും ലഭിക്കും.

പ്രവര്‍ത്തനം ഇങ്ങനെ

ഉദാഹരണത്തിന് ഓരാള്‍ ഓട്ടോ സ്വീപ് അക്കൗണ്ട് തുറന്നുവെന്നിരിക്കട്ടെ. അതില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയാണ്. അക്കൗണ്ടിലേക്ക് 30,000 രൂപ വന്നു എന്നിരിക്കട്ടെ. അധികമായി അക്കൗണ്ടില്‍ എത്തിയ 5,000 രൂപ ഓട്ടോമാറ്റിക്കായി എഫ്ഡി അക്കൗണ്ടിലേക്ക് മാറും. എഫ്ഡി അക്കൗണ്ടിലേക്ക് മാറുന്ന തുകയ്ക്ക് സ്ഥിര നിക്ഷേപത്തിന് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് ലഭിക്കും.

സേവിംഗ്‌സ് അക്കൗണ്ടിലെ പണത്തിന് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കുള്ള പലിശ നിരക്കും ലഭിക്കും. സേവിംഗ്‌സ് അക്കൗണ്ടില്‍ 25,000 രൂപയുള്ളപ്പോഴും ബാലന്‍സ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളില്‍ 30,000 രൂപയായിരിക്കും. ആവശ്യങ്ങള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം. സേവിംഗ്‌സ് അക്കൗണ്ടിലെ 25,000 രൂപയും പിന്‍വലിച്ചതിനുശേഷം പണത്തിന് ആവശ്യം വന്നാല്‍ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ 5000 രൂപയും സാധാരണ പണം പിന്‍വലിക്കുന്ന രീതിയില്‍ എടിഎം കൗണ്ടറില്‍ നിന്നോ അല്ലെങ്കില്‍ ബാങ്കില്‍ നിന്നും നേരിട്ടോ പിന്‍വലിക്കാം.

സേവിംഗ്‌സ് അക്കൗണ്ടില്‍ വീണ്ടും 25,000 രൂപയ്ക്ക് മുകളില്‍ പണം വന്നാല്‍ സ്ഥിര നിക്ഷേപ അക്കൗണ്ടിലേക്ക് കൂടുതലുള്ള തുക ഓട്ടോമാറ്റിക്കായി മാറും. പൊതുവേ ഓട്ടോ സ്വീപ് അക്കൗണ്ടുകളുടെ രീതി ഇങ്ങനെയാണ്. എങ്കിലും ബാങ്കുകള്‍ക്കനുസരിച്ച് നടപടിക്രമങ്ങളില്‍ ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം.

മിക്ക ബാങ്കുകളും ഓട്ടോ സ്വീപ് അക്കൗണ്ട് സൗകര്യം ലഭ്യമക്കുന്നുണ്ട്. ഓണ്‍ലൈനായും അക്കൗണ്ട് തുറക്കാന്‍ സാധിക്കും. ആക്‌സിസ് ബാങ്ക്-എന്‍കാഷ്24, എസ്ബിഐ-മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് സ്‌കീം, ഐസിഐസി-മണി മള്‍ട്ടിപ്ലെയര്‍ എഫ്ഡി, എച്ച്ഡിഎഫ്‌സി-സൂപ്പര്‍ സേവര്‍ അക്കൗണ്ട് എന്നിവയൊക്കെ ഓട്ടോ സ്വീപ് അക്കൗണ്ടുകള്‍ക്ക് ഉദാഹരണമാണ്.

നേട്ടവും കോട്ടവും

ഓട്ടോ സ്വീപ് അക്കൗണ്ടുകള്‍ ഒരു തരത്തില്‍ നേട്ടമാണ.് പ്രത്യേകിച്ച് ശമ്പള വരുമാനക്കാര്‍ക്ക്. കാരണം അവര്‍ക്ക് എപ്പോഴും പണത്തിന്റെ ലിക്വിഡിറ്റി സൂക്ഷിക്കാന്‍ ഇതു വഴി കഴിയും. സേവിംഗ്‌സ് അക്കൗണ്ടില്‍ പണം കുറഞ്ഞാല്‍ സ്ഥിര നിക്ഷേപ അക്കൗണ്ടില്‍ നിന്നും പണം എളുപ്പത്തില്‍ പിന്‍വലിക്കാം. സേവിംഗ്‌സ് അക്കൗണ്ടില്‍ ആവശ്യത്തിന് പണമായി കഴിഞ്ഞാല്‍ അധികമായി വരുന്ന തുക എഫ്ഡി അക്കൗണ്ടിലേക്ക് നീക്കി പലിശ വരുമാനവും നേടാം. ഓട്ടോ സ്വീപ് അക്കൗണ്ട് വഴി അടിയന്തര ഘട്ടങ്ങളിലേക്ക് ഒരു ഫണ്ട് സ്വരൂപിക്കാനാകും. ഓട്ടോമാറ്റിക്കായി അക്കൗണ്ടിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അതിനായി പ്രത്യേക സമയമോ, ചെലവോ ആവശ്യായും വരുന്നില്ല.

ഓട്ടോ സ്വീപ് അക്കൗണ്ട് തുറക്കാന്‍ സാധാരണ അക്കൗണ്ട് തുറക്കുന്നതിനേക്കാള്‍ ചെലവുണ്ടോ, അക്കൗണ്ടുകളിലെ തുക നിശ്ചിത പരിധിക്കു താഴെയായാല്‍ പിഴ ഈടാക്കുമോ, അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് അതാത് ബാങ്കുകളുമായി ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതുണ്ട്.

Tags:    

Similar News