ബാധ്യത ഇരട്ടിക്കുന്നു, സമ്പാദ്യം പകുതിയാകുന്നു
- ബാധ്യത കുതിച്ചു കയറി, സമ്പാദ്യത്തോതു കുറഞ്ഞു
- ഗാർഹിക മേഖലയുടെ അറ്റധനകാര്യ സമ്പാദ്യം ജിഡിപിയുടെ 5.1 ശതമാനമായി കുറഞ്ഞു
വസ്തുത ലളിതം. വരുമാനം കുറയുകയോ കൂടാതിരിക്കുകയോ ചെയ്യുന്നു. വിലക്കയറ്റം അസഹ്യമായി. ഇങ്ങനെ വരുമ്പോൾ സമ്പാദ്യം കുറയും, കടം കൂടും. ഇതാണിപ്പോൾ രാജ്യത്തു കാണുന്നതെന്ന് റിസർവ് ബാങ്കും പല ധനകാര്യ ഗവേഷണ സ്ഥാപനങ്ങളും പറയുന്നു.
ഗാർഹിക മേഖലയുടെ അറ്റധനകാര്യ സമ്പാദ്യം ജിഡിപിയുടെ 5.1 ശതമാനമായി കഴിഞ്ഞ ധനകാര്യ വർഷം (2022-23) കുറഞ്ഞെന്ന് റിസർവ് ബാങ്ക് ഒരു പഠന റിപ്പോർട്ടിൽ വ്യക്തമാക്കി. തലേ വർഷം 7.2 ശതമാനം സമ്പാദ്യം ഉണ്ടായിരുന്നു. ബാധ്യത ജിഡിപിയുടെ 3.8 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി വർധിച്ചു.
ബാധ്യത കുതിച്ചു കയറി, സമ്പാദ്യത്തോതു കുറഞ്ഞു. ഇതത്ര നല്ല കാര്യമല്ല. ജനങ്ങളുടെ സമ്പാദ്യവും ചെലവഴിക്കലും കൂടിക്കൂടി വന്നാലേ രാജ്യം സമ്പന്നമാകൂ. ബാധ്യതയും വിലക്കയറ്റവും രണ്ടിനും തടസമാണ്.
എല്ലാം ഭദ്രമെന്നു സർക്കാർ
ഗാർഹികമേഖല ബുദ്ധിമുട്ടിലാണെന്നു റിസർവ് ബാങ്കിന്റെ പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായി വിദഗ്ധർ പറയുന്നു. ഗവണ്മെന്റ് ആ വ്യാഖ്യാനത്തെ തള്ളിപ്പറയുന്നു. കുടുംബങ്ങളുടെ ധനകാര്യസമ്പാദ്യം കുറഞ്ഞപ്പാേൾ ഭൗതിക ആസ്തികൾ കൂടി എന്നാണു ധനമന്ത്രാലയം പറയുന്നത്. ഭവന, വാഹന വായ്പകൾ വർധിച്ചത് ചൂണ്ടിക്കാണിച്ചു കൊണ്ടാണു മന്ത്രാലയത്തിന്റെ വിശദീകരണം. ഈ വായ്പകൾ പത്തു ശതമാനത്തിലധികം തോതിൽ വർധിക്കുന്നുണ്ട്.
ധനകാര്യസമ്പാദ്യത്തിനു പകരം ധനകാര്യബാധ്യത കൂടുന്നത് കാര്യങ്ങൾ ഭദ്രമായതു കൊണ്ടാണെന്നു സൂചിപ്പിക്കുന്നതാണ് ഈ വിശദീകരണം. ഭാവിവരുമാനം സംബന്ധിച്ച് ഉറപ്പുള്ളപ്പോൾ ജനങ്ങൾ ചെലവു കൂട്ടും. കടമെടുത്ത് ആസ്തികൾ ഉണ്ടാക്കും.
എന്നാൽ ഗവണ്മെന്റ് പുറത്തു വിട്ട കണക്കിൽ തന്നെ കാണിക്കുന്നത് സ്വർണമടക്കം കുടുംബങ്ങളുടെ മൊത്തം ആസ്തിവർധന രാജ്യത്തെ ജിഡിപി വർധനയേക്കാൾ കുറവാണെന്നാണ്. കാര്യമായ ആസ്തിവർധന ഇല്ലാതെ കടം കൂടുന്നത് ദൈനംദിന ആവശ്യങ്ങൾക്കു വരുമാനം തികയാത്തതു കൊണ്ടു കൂടിയാകാം.
പ്രീമിയം കൂടി, സാദാ താണു
കോവിഡിനു ശേഷം രാജ്യത്തുണ്ടായ ഒരു മാറ്റം എല്ലാവർക്കും അറിയാം (സർക്കാർ സമ്മതിക്കുന്നില്ലെങ്കിലും). പ്രീമിയം വാഹനങ്ങളുടെ വിൽപന കൂടി, താഴ്ന്ന വിലയിലുള്ളവയുടെ വിൽപന കുറഞ്ഞു. പാർപ്പിടങ്ങളിലും ഇതു തന്നെ അവസ്ഥ. ലക്ഷുറി ഫ്ലാറ്റുകളും വില്ലകളും കൂടുതലായി വിറ്റു പോകുന്നു. സാദായ്ക്കു ഡിമാൻഡ് ഇല്ല.
കറൻസി റദ്ദാക്കലും ജിഎസ്ടിയും പിന്നീടു കോവിഡും ചേർന്നു രാജ്യത്തെ അനൗപചാരിക മേഖലയെ തകർത്തു കളഞ്ഞതിന്റെ ഫലം എന്നു വേണമെങ്കിലും പറയാം. ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്കു പിടിച്ചു നിൽക്കാൻ പറ്റാതായി. അവ നടത്തിയും അവയിൽ ജോലിയെടുത്തും കഴിഞ്ഞു പോന്ന വലിയ സംഖ്യ ആൾക്കാർക്കു വരുമാനമില്ലാതായി. കോവിഡനന്തരം കാർഷിക മേഖലയിലെ ജോലികളിലേക്കു കൂടുതൽ പേർ തിരിഞ്ഞതായി ഏറ്റവും ഒടുവിലത്തെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ കാണിച്ചതിലെ സൂചനയും അതാണ്. നഗരങ്ങളിലെയും പട്ടണങ്ങളിലെയും അനൗപചാരിക വ്യാപാര -വ്യവസായ സ്ഥാപനങ്ങളിലെ പണി നഷ്ടമായവർ ഗ്രാമീണ കാർഷിക പണികളിലേക്കു തിരിഞ്ഞു.
അവർക്കു വായ്പ ഇല്ല
ചെറുകിട സംരംഭകരും ചെറുകിട ജോലിക്കാരുമായ ഇക്കൂട്ടരാണ് നേരത്തേ എൻട്രി ലെവൽ ബൈക്കുകളും കാറുകളും വാങ്ങിയിരുന്നത്. അവർ വിപണിയിൽ ഇല്ലാതായി. അവർക്കു പണിയും വരുമാനവും ഉറപ്പില്ലാത്തതു കൊണ്ട് അവർ വായ്പ എടുക്കുന്നില്ല. (ബാങ്കുകൾ വായ്പ നൽകുകയുമില്ല).
അതേസമയം ഉയർന്ന വരുമാനക്കാരുടെ വരുമാനം വീണ്ടും കൂടി. അവർ കൂടുതൽ പണം ചെലവാക്കി. കൂടുതൽ യാത്രകൾ നടത്തി. കൂടുതൽ വലിയ പാർപ്പിടങ്ങൾ ഉണ്ടാക്കി, അല്ലെങ്കിൽ വാങ്ങി. കൂടുതൽ ആഡംബര കാറുകൾ വാങ്ങി.
വളരുന്ന മിഡിൽ ക്ലാസ്
ധനമന്ത്രാലയം ഇവരുടെ കാര്യമാണ് ഉദ്ദേശിച്ചത്. മിഡിൽ ക്ലാസ് അഥവാ ഉയർന്ന ഇടത്തരക്കാർ. 2013 ൽ 3.3 ലക്ഷവും 2023 -ൽ 13 ലക്ഷവും രൂപ ശരാശരി വാർഷിക വരുമാനമുള്ളവരെയാണ് ഇതിൽ പെടുത്തുക. 2021-ൽ ഇവരുടെ സംഖ്യ 43.2 കോടി ആണെന്ന് പ്രൈസ് (പീപ്പിൾസ് റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ ഇക്കാേണമി) എന്ന സ്വതന്ത്ര പഠനസ്ഥാപനം ഈയിടെ പുറത്തിറക്കിയ റിപോർട്ടിൽ പറയുന്നു. 2031-ൽ ഇവർ 71.5 കോടിയും 2047-ൽ 102 കോടിയും ആകുമത്രെ. എന്തായാലും ഇപ്പോൾ അവർ ജനസംഖ്യയുടെ മൂന്നിലൊന്നു മാത്രമാണ്.
ഇവരുടെ കടമെടുപ്പും അതുവഴിയുള്ള ഉപഭോഗവും വ്യാപാരവും ഒക്കെയാണ് ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. അതു ശരിയുമാണ്. പക്ഷേ ബാക്കി മൂന്നിൽ രണ്ടു ഭാഗമാേ?
ഭൂരിപക്ഷത്തിനു ദുരിതം
അവർക്ക് ആസ്തി കൂടുന്നില്ല, കൂടുന്നതു ബാധ്യത മാത്രം. അവർക്കു സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നുമില്ല. ആദായനികുതിയുടെ താഴത്തെ വരുമാന സ്ലാബിൽ റിട്ടേണുകൾ കുറയുകയും ഉയർന്ന വരുമാന സ്ലാബുകളിൽ റിട്ടേണുകൾ കൂടുകയും ചെയ്യുന്നത് ഇതിന്റെ ഫലമാണ്. താഴെ നിന്നു മുകളിലേക്ക് അധികം പേർ കയറുന്നില്ല. മുകളിലുള്ളവർ കൂടുതൽ മുകളിലേക്ക് കയറുന്നു. ഭൂരിപക്ഷത്തെ ഉൾപ്പെടുത്താത്ത വളർച്ച. ആ ഭൂരിപക്ഷത്തിനു ദുരിതം കൂടുന്നു എന്നു റിസർവ് ബാങ്ക് കണക്ക് സാക്ഷ്യപ്പെടുത്തി എന്നു മാത്രം.
കടബാധ്യത ഇരട്ടിക്കുകയും സമ്പാദ്യം പകുതിയാകുകയും ചെയ്യുമ്പോൾ കാര്യങ്ങൾ ഭദ്രമാണെന്നു വാദിച്ചു ജയിക്കുന്നതിനേക്കാൾ പ്രധാനം വരുമാനം കൂട്ടാൻ വഴിയൊരുക്കുന്നതാണെന്നു ഗവണ്‍മെന്റ് എന്നു മനസിലാക്കും ?