100 രൂപയ്ക്ക് നിക്ഷേപം ആരംഭിക്കാം, പലിശ 6.7%; പോസ്റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റിനെ അറിയാം

  • മികച്ച റിട്ടേണ്‍ നല്‍കുന്ന നിക്ഷേപങ്ങളാകണം തെരഞ്ഞെടുക്കുന്നത്
  • സുരക്ഷിതത്വം പ്രധാനമാണ്
  • ഉറപ്പുള്ള റിട്ടേണ്‍ സുരക്ഷിതത്വം ഇവ രണ്ടും പോസ്‌റ്റോഫീസ് നല്‍കും

Update: 2024-04-04 10:06 GMT

വലിയ തുകകള്‍ നിക്ഷേപത്തിനായി മാറ്റിവെയ്ക്കാന്‍ സാധിക്കാത്തവര്‍ക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ് റെക്കറിംഗ് ഡെപ്പോസിറ്റുകള്‍. അതായത്, 100 രൂപ മുതല്‍ നിക്ഷേപത്തിനായി നീക്കിവെയ്ക്കാം. ഓരോ മാസവും കൃത്യമായി നിക്ഷേപം നടത്താം. ബാങ്കുകളിലും നിക്ഷേപം ആരംഭിക്കാം. എന്നാല്‍, പോസ്‌റ്റോഫീസിലെ അഞ്ച് വര്‍ഷ റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ എപ്പോഴും ആകര്‍ഷകമാണ്. പോസറ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റിനെ ഒന്നടുത്തറിഞ്ഞാലോ?

നിക്ഷേപം

100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. നിക്ഷേപത്തിന് പരിധിയില്ല. പ്രതിമാസമാണ് നിക്ഷേപം നടത്തേണ്ടത്. അഞ്ച് വര്‍ഷത്തേക്ക് ഒറ്റത്തവണയായും നിക്ഷേപം നടത്താം. തുടര്‍ച്ചയായി നാല് തവണ അടവ് മുടങ്ങിയാല്‍ അക്കൗണ്ട് ക്ലോസ് ആകും.

പലിശ നിരക്ക്

പ്രതിവര്‍ഷം 6.7 ശതമാനമാണ് പലിശ. ഓരോ ത്രൈമാസത്തിലും സര്‍ക്കാരാണ് ഈ നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്.

അക്കൗണ്ട്

ഒരാള്‍ക്കോ, മൂന്ന് പേര്‍ക്ക് സംയുക്തമായോ അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട തുറക്കാം. പത്ത് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് തുറക്കാം.

കാലാവധി

അഞ്ച് വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ അഞ്ച് വര്‍ഷത്തേക്കു കൂടി നീട്ടാം. നിക്ഷേപം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാനും അവസരമുണ്ട്. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് അക്കൗണ്ടുടമ മരിച്ചാല്‍ നിക്ഷേപം നോമിനിക്ക് ലഭിക്കും.

വായ്പാ

ഒരു വര്‍ഷം നിക്ഷേപം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപ തുകയുടെ 50 ശതമാനം വായ്പയായി ലഭിക്കും.

1000 രൂപ 5 വര്‍ഷം നിക്ഷേപിച്ചാല്‍

ഓരോ മാസവും 1000 രൂപ വീതം 5 വര്‍ഷം 6.7 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന മച്യൂരിറ്റി തുക 71,365 രൂപയാണ്. നിക്ഷേപ തുക 60,000 രൂപയും പലിശയിനത്തില്‍ ലഭിക്കുന്ന തുക 11,365 രൂപയുമാണ്.

Tags:    

Similar News