ഇനി കപ്പലിലാവാം വിനോദയാത്രകൾ: ക്രൂയിസുകൾക്ക് വിപണി തുറന്ന് കൊച്ചി
- സൈപ്രസ് കേന്ദ്രമാക്കിയുള്ള ലൂയിസ് ക്രൂയിസ് കൊച്ചിയില്‍ നിന്ന് തുടങ്ങിക്കഴിഞ്ഞു
- 2022-ൽ 31 ക്രൂയിസ് കപ്പലുകളില്‍ നിന്നു മാത്രം 36,403 സഞ്ചാരികൾ കൊച്ചിയില്‍ എത്തി
- 25 ഓപ്പറേഷന്‍ ക്രൂയിസ് ടെര്‍മിനലുകളാണ് 2047 ഓടെ സജ്ജമാക്കുക.
'ഗ്ലോബലൈസേഷന്‍ അറ്റ് ദി സീ', ടൂറിസത്തില്‍ പുതിയ തീരങ്ങള്‍ കണ്ടെത്തിയ മുദ്രാവാക്യമാണ്. ക്രൂയിസ് ടൂറിസത്തിന്റെ കടല്‍പോലെ പരന്നു കീടക്കുന്ന സാധ്യതകളാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. അന്താരാഷ്ട്ര-ആഭ്യന്തര ടൂറിസത്തില്‍ ഒന്നാമനായി കേരളം വാണുകൊണ്ടിരിക്കുമ്പോള്‍ ക്രൂയിസ് ടൂറിസത്തില്‍ സംസ്ഥാനത്തിന് രണ്ടാമതൊന്നു ചിന്തിക്കേണ്ട കാര്യമേയില്ല, അത്രകണ്ട് അവസരങ്ങള്‍ കേരളത്തിനുണ്ട്- കൊച്ചി വഴി.
ടൂറിസം മാത്രമല്ല ബിസിനസിന്റെ മറ്റൊരു വിപണിയാണ് കൊച്ചിയിലേക്ക് ഒഴുകിയെത്തുക. സന്ദര്‍ശകരെ ഇരു കയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് നമ്മുടേത്. അതിനാല്‍ അറബിക്കടലിന്റെ റാണിയെ തേടി ക്രൂയിസ് കപ്പലുകള്‍ തീരത്തേക്ക് എത്തിക്കൊണ്ടിയിരിക്കുകയാണ്.
എന്തുകൊണ്ട് ക്രൂയിസ്
ക്രൂയിസ് ടൂറിസം- വിവിധ തരം ടൂറിസത്തില്‍ കേന്ദ്രത്തിന്റെ പുതിയ താരോദയമാണിത്. സഞ്ചരിക്കുന്ന കൊട്ടാരം എന്നു വേണം വിശേഷിപ്പിക്കാന്‍. ക്രൂയിസ് ഷിപ്പില്‍ ബെഡ്‌റൂം, അടുക്ക, ഡെനിംഗ് ഹാള്‍, ബാത്ത്‌റൂം എന്നിവ ഉള്‍പ്പെടുന്ന ഒരു മിനി-ഹോം തന്നെയാണ് ഓരോ യാത്രികനും ലഭിക്കുക. ഇതുകൂടാതെ പൊതുവായി ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍, ഡിജെ സൗകര്യം, ബാര്‍ എന്നിവയും ആഡംബര കപ്പലിനുള്ളിലുണ്ടാകും. നവംബര്‍ മുതല്‍ മേയ് വരെയാണ് ക്രൂയിസ് ടൂറിസത്തിന്റെ സീസണായി കണക്കാക്കുന്നത്.
കൊച്ചിയിലെ ക്രൂയിസ് കപ്പലുകള്‍
ടൂറിസത്തില്‍ കൊച്ചിയുടെ പ്രധാന ആകര്‍ഷണങ്ങിലൊന്നാണ് ക്രൂയിസ് ടൂറിസം. ലോക പ്രശസ്തമായ ആഡംബര കപ്പലുകളായ മിനര്‍വ, ക്വീന്‍ എലിസബത്ത് രണ്ട്, സോംഗ് ഓഫ് ഫ്‌ളവര്‍ തുടങ്ങിയവയെല്ലാം കൊച്ചി തീരത്തണഞ്ഞിട്ടുണ്ട്.അത് മാത്രമല്ല ക്രൂയിസ് ഷിപ്പുകളെ സ്വീകരിക്കുന്നതിലുപരി കൊച്ചി കേന്ദ്രമാക്കി ക്രൂസ് ഷിപ്പുകളും ആരംഭിച്ചിട്ടുമുണ്ട്. സൈപ്രസ് കേന്ദ്രമാക്കിയുള്ള ലൂയിസ് ക്രൂയിസ് ലൈന്‍സ് കൊച്ചിയില്‍ നിന്ന് ക്രൂസ് ടൂറിസം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിനോടൊപ്പം ക്രൂയിസ് ടൂറിസം ഹബ്ബ് സ്ഥാപിക്കാന്‍ സംസ്ഥാന തുറമുഖ വകുപ്പ് നേരത്തെ പദ്ധതിയിട്ടിരുന്നതാണ്. തുറമുഖത്ത് സാഗരിക ക്രൂസ് ടെര്‍മിനല്‍ എന്ന പേരില്‍ 13.76 ഏക്കറില്‍ പദ്ധതികള്‍ വരുന്നുമുണ്ട്. കൊച്ചിയേക്കാള്‍ സാധ്യത വിഴിഞ്ഞത്തിനുണ്ടെന്ന് കണക്കാക്കി പൊതു-സ്വകാര്യ പങ്കാളിത്തമോ, പാട്ട മാതൃകയിലോ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം.
കഴിഞ്ഞ വര്‍ഷം 31 ക്രൂയിസ് കപ്പലുകളില്‍ നിന്നു മാത്രം 36,403 സഞ്ചാരികളാണ് കൊച്ചിയില്‍ എത്തിയതെന്ന് തുറമുഖ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നുള്ള നികുതി മാത്രം മതി നല്ലൊരു തുക സംസ്ഥാനത്തിന് നേടാന്‍. ഇതില്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ 16 ആഡംബര കപ്പലുകളുണ്ടായിരുന്നു. താമസ സൗകര്യം ഹോട്ടലുകള്‍, എക്‌സിബിഷന്‍-കണ്‍വന്‍ഷന്‍ സെന്ററുകള്‍, ആയുര്‍വേദ ഹെല്‍ത്ത് സ്പാകള്‍, വിവിധ സ്റ്റാളുകള്‍ എന്നിങ്ങനെ വിവിധ സാധ്യതകള്‍ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും.
ഇത് മാത്രമല്ല കേരളത്തിന്റെ തനത് വിഭവങ്ങളും സഞ്ചാരികള്‍ക്ക് മുന്നിലെത്തിക്കാം, കയര്‍, റബര്‍, നാളികേര, സ്‌പൈസസ് ബോര്‍ഡുകളും, ആയുഷ്, തുടങ്ങിയവയുടെ സ്റ്റാളുകളും ആരംഭിക്കാം, അങ്ങനെ സാധ്യതകള്‍ നിരവധിയാണ്.
ക്രൂയിസ് ഹബ്ബാകുന്ന ഇന്ത്യ
2047 ഓടെ ഇന്ത്യ ക്രൂയിസ് ടൂറിസത്തിന്റെ ഹബ്ബാകുമെന്നാണ് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് വകുപ്പ് മന്ത്രി സര്‍ബനന്ദ സൊനോവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50 ലക്ഷം യാത്രക്കാരെയാണ് കപ്പലിറക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നത്. ഏഷ്യാ പസഫിക് മേഖലയിലെ പ്രധാന ക്രൂയിസ് ഹബ്ബായി ഇന്ത്യയെ സ്ഥാപിക്കുന്നത് തീരദേശ സംസ്ഥാനമായ കേരളത്തിനും ഗുണകരമാണ്. അത്യാധുനിക ക്രൂയിസ് ടെര്‍മിനലുകളുടെ വികസനം, സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍, ഇ-വിസ സൗകര്യങ്ങള്‍ എന്നിവ കേന്ദ്രം വേഗത്തിലാക്കി തുടങ്ങിയിട്ടുണ്ട്. 25 ഓപ്പറേഷന്‍ ക്രൂയിസ് ടെര്‍മിനലുകളാണ് 2047 ഓടെ സജ്ജമാക്കുക.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും അനുസരിച്ചുള്ള ക്രൂയിസ് ടൂറിസം നയം സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആന്തമാന്‍ ടൂറിസം അടുത്തിടെ പുതിയ ദ്വീപ് കൂടി സ്ഞ്ചാരികള്‍ക്ക് തുറന്ന് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഗലാത്തിയ ഉള്‍ക്കടലിനെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി വികസിപ്പിക്കാനും കേന്ദ്രം നീക്കം നടത്തുന്നുണ്ട്. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും പ്രധാന വ്യാപാര പാതകളിലെ ഈ പദ്ധതിക്ക് ഈ പ്രദേശത്തിന്റെ സമുദ്ര ഭൂപ്രകൃതിയെ യഥാര്‍ത്ഥത്തില്‍ മാറ്റാന്‍ കഴിയും.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) ഇന്ത്യയെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി ഷിപ്പിംഗ് പാതകളിലൂടെ ബന്ധിപ്പിക്കും. നാല് പ്രധാന ജലപാതകളും ചില അന്താരാഷ്ട്ര റൂട്ടുകളും ഉള്‍പ്പെടുന്ന 5,000 കിലോമീറ്റര്‍ റീജിണല്‍ വാട്ടര്‍വേ ഗ്രിഡിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ദക്ഷണേഷ്യന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രാദേശിക വ്യാപാരം സുഗമമാകുമെന്നാണ് കണക്കാക്കുന്നത്.
അവസരങ്ങളൊരുക്കി കെഎസ്‌ഐഎന്‍സി
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) നടത്തുന്ന ക്രൂയിസ് ബുക്കിംഗ് പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. നിലവില്‍ വിവിധ സര്‍വീസുകള്‍ക്ക് വിവിധ വെബ്‌സൈറ്റുകളാണ് ഉപയോഗിക്കുന്നത്. ഇത് ഏകോപിപ്പിച്ച് ഒരു വെബ്‌സൈറ്റിന് കീഴില്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. കടല്‍ യാത്രക്ക് 200 പേരെ ഉള്‍ക്കൊള്ളാവുന്ന നെഫര്‍റ്റിറ്റി എന്ന കപ്പലും 100 പേരെ കൊള്ളാവുന്ന രണ്ട് സാഗരറാണി കപ്പലുമാണ് നിലവില്‍ കെഎസ്‌ഐഎന്‍സിയ്ക്ക് കീഴിലുള്ളത്.
11.50 കോടി രൂപ ചെലവില്‍ 150 പേര്‍ക്ക് യാത്ര ചെയ്യാവുന്ന പുതിയ കപ്പല്‍ നിര്‍മിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. 150 യാത്രികര്‍ക്ക് പുറമേ പത്ത് ജീവനക്കാരും കപ്പല്‍ യാത്രയിലുണ്ടാകും. മെയിന്‍ ഡക്ക്, ഓപ്പണ്‍ ഡക്ക്, അപ്പര്‍ ഡക്ക്, എന്നിങ്ങനെ മൂന്ന് ഡക്കുകളുണ്ടാകും. ഇതിന്‍ മെയിന്‍ ഡക്കില്‍ റസ്റ്റൊറന്റ്, ഡിജെ റൂം എന്നിവയും, അപ്പര്‍ ഡക്കില്‍ കോണ്‍ഫറന്‍സ് ഹാളുമുണ്ടാകും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉപയോഗിക്കാവുന്ന ലിഫ്റ്റാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഏതാണ്ട 18 മാസക്കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് നിലവില്‍ പദ്ധതിയുള്ളത്.
തീരങ്ങള്‍ തേടി
ദേശീയ ജലപാതയുമായി ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ക്രൂയിസ് ടൂറിസത്തിന്റെ ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രണ്ടര മീറ്റര്‍ ആഴവും അനുബന്ധ സൗകര്യവുമുള്ള ജെട്ടികളാണ് ക്രൂയിസ് കപ്പലുകള്‍ക്ക് അനുയോജ്യമായത്. ഇതിന് വെല്ലുവിളിയാകുന്ന പ്രധാന കാര്യം കേരളത്തിന്റെ എല്ലാ തീരങ്ങളിലും ഈ സൗകര്യം ലഭ്യമല്ലെന്നതാണ്.
ദേശീയ ജലപാതയിലൂടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആലപ്പുഴ-കോട്ടയം-തൃശൂര്‍-കോഴിക്കോട് വഴിയുള്ള ജലയാത്രയും വിഭാവനം ചെയ്യാനാകും. വര്‍ക്കലയിലെ കനാല്‍ ഗതാഗത യോഗ്യമാക്കുന്നതിനുള്ള പദ്ധതി പുരോഗമിച്ച് വരികയാണ്. കോവളം മുതല്‍ ബേക്കല്‍ വരെ 616 കിലോമീറ്റര്‍ ജലപാതയില്‍ ആക്കുളം മുതല്‍ വര്‍ക്കല വരെ ആഴം കൂട്ടുന്ന ജോലികളും നടക്കുന്നുണ്ട്. കേരള തീരത്ത് നിന്ന് ശ്രീലങ്കന്‍ തീരം, ലക്ഷ ദ്വീപ് തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കള്‍ക്ക് ക്രൂയിസ് ടൂറിസം സാധ്യമാക്കാന്‍ കഴിയും. ആഡംബര യാത്രകളിലൂടെ കാഴ്ചകളുടെ മറു തീരത്തെത്താന്‍ സഞ്ചാരികള്‍ക്കാകും.
2023-24 സീസണില്‍ 44 കപ്പലുകള്‍ കൊച്ചിയിലേക്ക് ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ അവസരം മുതലെടുക്കാന്‍ കൊച്ചി തുറമുഖ അതോറിറ്റി ആധുനിക ക്രൂയിസ് ടെര്‍മിനലുകളാണ് സജ്ജീകരിച്ചത്. ഒരു കപ്പല്‍ തുറമുഖത്ത് അടുക്കുന്നതോടെ വിവിധ സേവങ്ങളില്‍ നിന്നുമായി 25 ലക്ഷം രൂപ വരെ വരുമാനം സ്വന്തമാക്കാന്‍ തുറമുഖ വകുപ്പിന് സാധിക്കും. അധിക വരുമാനങ്ങള്‍ കൂടാതെയാണിത്. വാഹന സൗകര്യ മടക്കം ഒരു സഞ്ചാരിക്ക് 1500 ഡോളര്‍ അഥവാ ഒന്നര ലക്ഷം രൂപ വരെ ക്രൂയിസ് യാത്രക്ക് ചെലവ് കണക്കാക്കുന്നുണ്ട്.
അല്‍ഹിന്ദ് ഹോളിഡേയ്‌സ് എന്ന ഏജന്‍സി ഒരു സഞ്ചാരിയില്‍ നിന്നും 44,800 രൂപയാണ് മൂന്ന് രാത്രിയും 4 പകലും ചെലവഴിക്കുന്നതിന് ഈടാക്കുന്നത്. കോര്‍ഡെലിയ എന്ന ക്രൂയിസാണ് ഡിസംബര്‍ 29 നുള്ള യാത്രക്കായി സ,ഞ്ചാരികളെ കാത്തിരിക്കുന്നത്. കൊച്ചി- ലക്ഷദ്വീപ്, ഹൈ സീ- മുബൈ എന്നതാണ് ഡെസിറ്റിനേഷനുകള്‍. ബവ്‌റീജസ്, സ്പാ അടക്കമുള്ള വ്യക്തിഗത ചെലവുകള്‍ പലതും ഇതില്‍ ഉള്‍പ്പെടുന്നില്ല.
പ്രവാസികള്‍ക്കും കടല്‍ കടന്നെത്താം
കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ വീണ്ടും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ പോകുകയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്രം. യാത്രാ കപ്പല്‍ സര്‍വ്വീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചുവെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ മുന്‍പ് ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
യാത്രാ സമയം കൂടുമെങ്കിലും വിമാനയാത്രാ നിരക്കുകളെ അപേക്ഷിച്ച് നിരക്ക് കൈ പൊള്ളിക്കില്ലെന്നാണ് കേന്ദ്രം ഉറപ്പു നല്‍കുന്നത്. ഒപ്പം കൂടുതല്‍ ലഗേജുകള്‍ കൊണ്ടുവരാനും സാധിക്കും. കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക. പരമാവധി 1250 പേര്‍ക്ക് യാത്ര ചെയ്യാനാകും. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് സര്‍വീസിന് ഉപയോഗിക്കുക. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഉടന്‍ സര്‍വ്വീസ് ആരംഭിക്കും.