സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസമായി ടൂറിസം: 112.9 കോടി ഡോളര്‍ വരുമാനം നേടി ശ്രീലങ്ക
- 59,759 സഞ്ചാരികളാണ് നവംബറില്‍ രാജ്യത്തേക്കെത്തിയത്.
- ജനുവരി മുതല്‍ നവംബര്‍ വരെ 6,28,017 സഞ്ചാരികളാണ് ശ്രീലങ്കയിലേക്കെത്തി.
;

കൊളംമ്പോ: കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയായിരുന്ന ശ്രീലങ്കയ്ക്ക് ടൂറിസം മേഖലയില്‍ നിന്നുള്ള പണമൊഴുക്ക് വര്‍ധിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ടൂറിസം ഇനത്തില്‍ 1,129 മില്യണ്‍ ഡോളര്‍ (112.9 കോടി ഡോളര്‍) വരുമാനമെന്ന് ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് അറിയിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതും, കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതുമാണ് ഈ നേട്ടത്തിനു പിന്നില്‍. രാജ്യത്തെ വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ്സ് ടൂറിസം മേഖലയാണ്. എന്നാല്‍, 2020 ല്‍ കോവിഡ് വ്യാപനം ഈ മേഖലയെ ഗുരുതരമായി തളര്‍ത്തിയതാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്.
നവംബറില്‍ മാത്രം ശ്രീലങ്കയിലേക്ക് എത്തിയത് 59,759 വിനോദസഞ്ചാരികളാണ്. ഒക്ടോബറിനെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനയാണ് സഞ്ചാരികളുടെ വരവില്‍ ഉണ്ടായിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ വരവില്‍ നിന്നുള്ള വരുമാനം ഇതേ മാസം 107.5 ബില്യണ്‍ ഡോളറായിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കുന്നു. ഒക്ടോബറില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ നിന്നുള്ള വരുമാനം 75.6 ദശലക്ഷം ഡോളറായിരുന്നു. പതിനൊന്ന് മാസങ്ങളിലായി 6,28,017 സഞ്ചാരികള്‍ രാജ്യത്തേക്ക് വന്നു. നവംബറില്‍ ഏകദേശം 4,000 വിനോദസഞ്ചാരികളാണ് ശ്രീലങ്കയിലേക്ക് കടല്‍ മാര്‍ഗം എത്തിയത്.
നവംബറിലെ മൊത്തം വിനോദസഞ്ചാരികളുടെ വരവില്‍ ഏകദേശം 23 ശതമാനം റഷ്യക്കാരാണ്, തൊട്ടുപിന്നില്‍ 17 ശതമാനം സഞ്ചാരികളുമായി ഇന്ത്യയാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ സുരക്ഷ ലക്ഷ്യമിട്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ ആദ്യം മുതല്‍ രാജ്യത്തെ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധം നടത്തിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സെപ്റ്റംബറില്‍ ഐഎംഎഫ് 2.9 ബില്യണ്‍ ഡോളറിന്റെ പാക്കേജ് ശ്രീലങ്കയ്ക്കായി പ്രഖ്യാപിച്ചിരുന്നു. വിദേശ കരുതല്‍ ശേഖരത്തിന്റെ കുറവ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതോടെ വിലക്കയറ്റം ക്രമാതീതമായി ഉയര്‍ന്നു. ഇന്ധനത്തിനും പാചക വാതകത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങേണ്ട അവസ്ഥ വരെയുണ്ടായി. അതിനൊപ്പമാണ് പവര്‍ കട്ടും കുതിച്ചുയരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയും ജനങ്ങളെ ദുരിതത്തിലാക്കിയത്.