ഓഗസ്റ്റോടെ 300 ഹില്‍ സ്റ്റേഷന്‍ ഹോട്ടലുകളെ കൂട്ടിച്ചേര്‍ക്കുമെന്ന് ഒയോ

  • മൂന്നാര്‍ ഉള്‍പ്പടെയുള്ള ഡെസ്റ്റിനേഷനുകളില്‍ നിന്ന് പുതിയ ഹോട്ടലുകള്‍
  • ഹില്‍ സ്റ്റേഷന്‍ യാത്രകള്‍ക്കായുള്ള ആവശ്യകതയില്‍ വലിയ വര്‍ധന
  • 2023-ൽ മൊത്തം 1,800 ഹോട്ടലുകൾ പുതുതായി പോര്‍ട്ട്‍ഫോളിയോയില്‍ എത്തും

Update: 2023-06-12 12:00 GMT

ഈ വര്‍ഷം ഓഗസ്റ്റോടു കൂടി 300 ഹിൽ‌സ്റ്റേഷൻ ഹോട്ടലുകളെ കൂടി തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ കൂട്ടിച്ചേര്‍ക്കുമെന്ന് ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ-ടെക് സ്ഥാപനമായ ഒയോ പ്രഖ്യാപിച്ചു. ഇതിലൂടെ പ്രധാനമായും വേനൽക്കാല അവധിയാത്രകളില്‍ നിന്ന് നേട്ടം കൊയ്യുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്.

ഉത്തരേന്ത്യയിൽ നിന്ന് മണാലി, മുസ്സൂറി, നൈനിറ്റാൾ, ശ്രീനഗർ, ഷിംല, ഡൽഹൗസി, ഹരിദ്വാർ തുടങ്ങിയ ഡെസ്റ്റിനേഷനുകളില്‍ നിന്നാണ് പുതിയ ഹോട്ടലുകൾ കൂട്ടിച്ചേര്‍ക്കുക. ദക്ഷിണേന്ത്യയിൽ നിന്ന് ഊട്ടി, മൂന്നാർ, കൊടൈക്കനാൽ എന്നിവിടങ്ങളിലെ ഹോട്ടലുകളെയും പുതുതായി പ്ലാറ്റ്‍ഫോമില്‍ എത്തിക്കും. കിഴക്കേ ഇന്ത്യയില്‍ ഗാംഗ്‌ടോക്ക്, ഡാർജിലിംഗ്, ഷില്ലോംഗ് തുടങ്ങിയ ഡെസ്റ്റിനേഷനുകളിലും പടിഞ്ഞാറേ ഇന്ത്യയില്‍ ലോണാവാല, മഹാബലേശ്വർ എന്നിവിടങ്ങളിലും പുതിയ ഒയോ ഹോട്ടലുകള്‍ ഉണ്ടാകും

"ഹിൽ സ്റ്റേഷനുകളിലേക്കുള്ള യാത്ര, താമസ ആവശ്യകതയില്‍ വലിയ മുന്നേറ്റമാണ് കമ്പനിക്ക് കാണാനാകുന്നത്. അടുത്ത മൂന്ന് മാസങ്ങളിലും ഈ പ്രവണത തുടരുമെന്ന് കരുതുന്നു. ഇന്ത്യയിലെ പ്രധാന ഹിൽ സ്റ്റേഷനുകളിലുടനീളം നടത്തുന്ന വിപുലീകരണത്തിലൂടെ, യാത്രക്കാർക്ക് കൂടുതല്‍ ഓപ്ഷനുകൾ നൽകാനും ആഭ്യന്തര ടൂറിസത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു," ഒയോ വക്താവ് കൂട്ടിച്ചേർത്തു.

2023-ൽ മൊത്തം 1,800 പുതിയ ഹോട്ടലുകൾ തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ കൂട്ടിച്ചേര്‍ക്കുമെന്നും ഒയോ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗോള റേറ്റിംഗ് സ്ഥാപനമായ ഫിച്ച് റേറ്റിംഗ്‍സ് അടുത്തിടെ ഒയോ-യുടെ ഉടമസ്ഥരായ ഒറാവല്‍ സ്‍റ്റേയ്സ് ലിമിറ്റഡിന്‍റെ ലോംഗ്-ടേം ഫോറിൻ, ലോക്കൽ-കറൻസി ഇഷ്യൂവർ ഡിഫോൾട്ട് റേറ്റിംഗ്‍സ് (IDRs) 'സുസ്ഥിരം' എന്നതില്‍ നിന്ന് 'പോസിറ്റിവ്' എന്നതിലേക്ക് മാറ്റിയിരുന്നു. കമ്പനിയുടെ വരുമാനത്തില്‍ കാര്യമായ വളര്‍ച്ച തുടരുമെന്നും ഫിച്ച് റേറ്റിംഗ്‍സ് വിലയിരുത്തുന്നു.

ഈ വര്‍ഷം അവസാനത്തോടു കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നതിനും ഒയോ പദ്ധതിയിടുന്നുണ്ട്. $400-600 ഇഷ്യു വലുപ്പത്തോടു കൂടി ഐപിഒ നടത്തുന്നതിനാണ് കമ്പനിയുടെ ശ്രമം. വരുന്ന മാസങ്ങളിലെ വിപണി സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞ വർഷം ഒക്ടോബറിൽ അവതരിപ്പിച്ച കോണ്‍ഫിഡന്‍ഷ്യല്‍ റൂട്ടിലൂടെയാണ് ഒയോ ഐപിഒ-യിലേക്ക് നീങ്ങുന്നതെന്ന് മാര്‍ച്ചില്‍ ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രാരംഭ ഘട്ടത്തിലെ അവലോകന കാലയളവിൽ, രേഖകൾ പരസ്യമാക്കാതെ തന്നെ അവ സെബിയിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ഫയൽ ചെയ്യാൻ കമ്പനികൾക്ക് ഈ മാര്‍ഗം തെരഞ്ഞെടുക്കാം. 

Tags:    

Similar News