2030ഓടെ രാജ്യത്തിന്റെ വസ്ത്ര കയറ്റുമതി 4000 കോടി ഡോളര്‍ എന്ന ലക്ഷ്യത്തിലെത്തുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. അതിനായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുക, ബ്രാന്‍ഡ് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വസ്ത്ര കയറ്റുമതിക്കാരോട് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും വിദേശ വിതരണകമ്പനികളെ ആശ്രയിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.നമ്മെ കൊള്ളയടിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ വീഴരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
''2030 ഓടെ 4000 കോടി ഡോളര്‍ ലക്ഷ്യം കൈവരിക്കാനാകും,'' വസ്ത്ര കയറ്റുമതിക്കാര്‍ക്ക് അവാര്‍ഡ് നല്‍കിക്കൊണ്ട് ഗോയല്‍ ഡെല്‍ഹിയില്‍ പറഞ്ഞു.
ഈ മേഖലയിലെ കയറ്റുമതി 2020-21-നെ അപേക്ഷിച്ച് 2021-22ല്‍ 30.35 ശതമാനവും 2021-നെ അപേക്ഷിച്ച് 2022-23ല്‍ 1.10 ശതമാനവും വളര്‍ച്ച കൈവരിച്ചതായി ചടങ്ങില്‍ സംസാരിച്ച അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഇപിസി) ചെയര്‍മാന്‍ നരേന്‍ ഗോയങ്ക പറഞ്ഞു.
''കഴിഞ്ഞ 3-4 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി ആഗോള കയറ്റുമതി വിഹിതത്തിന്റെ 3-4 ശതമാനം വരെ സ്ഥിരമായി തുടരുന്നുവെന്ന വസ്തുതയെക്കുറിച്ച് ഞങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നു. അതിനാല്‍ 1600-1700 കോടി ഡോളര്‍ എന്ന നിലവിലെ കയറ്റുമതി 4000കോടി ഡോളറിലെത്തിക്കാന്‍ എഇപിസി സജീവമായി പ്രവര്‍ത്തിക്കുന്നു,' ഗോയൽ പറഞ്ഞു.
2030-ല്‍ പ്രവചിക്കപ്പെട്ട ഇറക്കുമതി ആവശ്യകതകളിലെ ട്രെന്‍ഡുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ ഒരു ഇന്‍-ഹൗസ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സെല്‍ സൃഷ്ടിച്ചു. വ്യവസായത്തെ കൈപിടിച്ചുയര്‍ത്താന്‍ വിവിധ മേഖലകളില്‍ എഇപിസി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ കയറ്റുമതി പ്രാഥമികമായി യൂറോപ്യന്‍ യൂണിയന്‍, യുഎസ് എന്നിവിടങ്ങളിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഓസ്ട്രേലിയ, യുഎഇ, ലാറ്റിനമേരിക്ക, ആഫ്രിക്ക മേഖലകള്‍ തുടങ്ങിയ പുതിയ വളര്‍ന്നുവരുന്ന വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വ്യവസായത്തെ സഹായിക്കുന്നതിന് എഇപിസി വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.