വസ്ത്ര കയറ്റുമതി 4000 കോടി ഡോളറിലെത്തുമെന്ന് എഇപിസി

  • പുതിയ വിപണികള്‍, തന്ത്രപരമായ പങ്കാളിത്തം തുടങ്ങിയവ കയറ്റുമതിയെ സഹായിക്കും
  • റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിക്കാര്‍ക്കുള്ള കയറ്റുമതി അവാര്‍ഡുകള്‍ ഡിസംബറില്‍

Update: 2023-11-03 11:08 GMT

2030 ഓടെ ഇന്ത്യയില്‍നിന്നുള്ള വസ്ത്ര കയറ്റുമതി 4000 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഇപിസി). പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യുക, തന്ത്രപരമായ പങ്കാളിത്തം വളര്‍ത്തുക തുടങ്ങിയ നടപടികളിലൂടെയാകും കയറ്റുമതി വര്‍ധിപ്പിക്കാനാകുക.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി പുതുമ, വിപണി, ഉല്‍പ്പന്ന ബാസ്‌ക്കറ്റ് വികസിപ്പിക്കല്‍, സുസ്ഥിരത, ഉത്തരവാദിത്തമുള്ള ബിസിനസ്സ് സമ്പ്രദായങ്ങള്‍ എന്നിവയില്‍ കൗണ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എഇപിസി ചെയര്‍മാന്‍ നരേന്‍ ഗോയങ്ക പറഞ്ഞു.

'2030-ഓടെ 4000 കോടി ഡോളറിന്റെ വസ്ത്ര കയറ്റുമതി കൈവരിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. '40 ബൈ 30' എന്ന് ഉചിതമായി നാമകരണം ചെയ്തിരിക്കുന്ന ഈ ലക്ഷ്യം, ഈ ദശകത്തില്‍ പുതിയ ഉയരങ്ങളിലെത്താനും പരിധികള്‍ ഉയര്‍ത്താനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,' അദ്ദേഹം പറഞ്ഞു.

റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിക്കാര്‍ക്കുള്ള കയറ്റുമതി അവാര്‍ഡുകള്‍ ഡിസംബര്‍ 9ന് വാണിജ്യ-വ്യവസായ ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യന്‍ വസ്ത്ര കയറ്റുമതിക്കാര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

'' അന്താരാഷ്ട്ര വ്യാപാരത്തിന്റെ വളര്‍ച്ചയ്ക്ക് പുറമേ, കയറ്റുമതിക്കാര്‍ അന്താരാഷ്ട്ര വ്യാപാര സമൂഹത്തിലെ പുരോഗമനപരമായ അംഗമെന്ന നിലയില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. കൂടാതെ അവര്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ഭാവി തലമുറയ്ക്ക് മാതൃകയാണ്,'' ഗോയങ്ക കൂട്ടിച്ചേര്‍ത്തു.

2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി 692 കോടി ഡോളറായിരുന്നു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.3 ശതമാനം ഇടിവ് ഈ മേഖലയിലുണ്ടായി.

Tags:    

Similar News