ചൈനീസ് തുണിത്തരങ്ങളില്‍ അസോ ഡൈകളുടെ സാന്നിധ്യം പരിശോധിക്കും

  • ടെക്‌സ്‌റ്റൈല്‍, ലെതര്‍, ഭക്ഷ്യ മേഖലകളില്‍ അസോ ഡൈകള്‍ ഉപയോഗിക്കുന്നു
  • പരിശോധന ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടിക പുതുക്കി
  • ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഉപയോഗിക്കുന്നത് പതിനായിരത്തിലധികം ചായങ്ങള്‍

Update: 2023-06-15 11:40 GMT

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങളും അതിന്റെ ഉല്‍പ്പന്നങ്ങളും ഇനി അതിലെ അസോ ഡൈകളുടെ സാന്നിധ്യം പരിശോധിക്കേണ്ടിവരും. പുതിയ തീരുമാനമനുസരിച്ച് പരിശോധന കഴിഞ്ഞശേഷം മാത്രമാകും ഇവ വിപണിയിലെത്തുക. വാണിജ്യമന്ത്രാലയമാണ് നിര്‍ണായകമായ ഈ തീരുമാനം പുറത്തുവിട്ടത്.

തുണിത്തരങ്ങളിലും അതുപയോഗിച്ചുള്ള വിവിധ വസ്തുക്കളിലും ഈ പരിശോധന ഒഴിവാക്കിയ രാജ്യങ്ങളുടെ ഒരു പട്ടിക വിദേശ വ്യാപാര നയത്തില്‍ നിലവിലുണ്ട്. അതനുസരിച്ച് ആ രാജ്യങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങള്‍ക്ക് ഇത്തരം പരിശോധനകള്‍ ഇല്ലാതെ വിപണിയില്‍ പ്രവേശിക്കാം.

ഈ പട്ടികയില്‍ മുമ്പ് ചൈനയെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബെയ്ജിംഗിനെ ഒഴിവാക്കിയപ്പോള്‍ യുകെയെ ഇന്ത്യ പട്ടികയില്‍ ഉല്‍പ്പെടുത്തി.

പട്ടികയിലുള്ള രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, സെര്‍ബിയ, പോളണ്ട്, ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ എന്നിവ ഉള്‍പ്പെടുന്നു.

തുണിത്തരങ്ങളിലും അതുപയോഗിച്ചുള്ള വിവിധ വസ്തുക്കളിലും അസോ ചായങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക ഡിജിഎഫ്ടി പുതുക്കുകയായിരുന്നു.

അസോ ഡൈകള്‍ പ്രധാനമായും ടെക്‌സ്‌റ്റൈല്‍, ഫൈബര്‍, ലെതര്‍ തുടങ്ങിയ മേഖലകളിലാണ് ഉപയോഗിക്കുന്നത്. എഫ്ടിപിയുടെ അനുബന്ധം ഭേദഗതി ചെയ്തുകൊണ്ട് ലിസ്റ്റ് പുനഃപരിശോധിക്കുകയായിരുന്നു.

'ടെക്സ്‌റ്റൈല്‍സിലും ടെക്സ്‌റ്റൈല്‍സ് അനുബന്ധ ഉല്‍പ്പന്നങ്ങളിലും അസോ ഡൈകളുടെ സാന്നിധ്യം പരിശോധിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടിക അപ്ഡേറ്റ് ചെയ്യുന്നു' എന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) ഒരു പൊതു അറിയിപ്പില്‍ പറയുന്നത്.

അസോ ഡൈകള്‍ സിന്തറ്റിക് ചായങ്ങളാണ്, അവ സ്വാഭാവികമായി ഉണ്ടാകില്ല. മിക്ക അസോ ഡൈകളിലും ഒരു അസോ ഗ്രൂപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ ചില ചായങ്ങളില്‍ രണ്ടോ മൂന്നോ അസോ ഗ്രൂപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഭക്ഷ്യ, തുണി വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ ചായങ്ങളുടെയും 60മുതല്‍ 70 ശതമാനംവരെ അസോ ഡൈകളില്‍ ഉള്‍പ്പെടുന്നവയാണ്. തുണിത്തരങ്ങള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, ചില ഭക്ഷണങ്ങള്‍ എന്നിവയില്‍ ഈ ചായക്കൂട്ട് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വെള്ളത്തിലോ മറ്റ് ലായനികളിലോ ലയിക്കുന്നതല്ല ഈ ചായക്കൂട്ടുകള്‍.

ഈ ചായക്കൂട്ടുകള്‍ ആരോഗ്യത്തിന് ഹാനികരമാണ് എന്നരീതിയിലുള്ള പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചില ഡൈകള്‍ മലുഷ്യന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുകയും അലര്‍ജിക്കും മറ്റും കാരണമാകുകയും ചെയ്യും.

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ മാത്രം 10,000-ലധികം ചായങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏകദേശം 70ശതമാനവും അസോ ഡൈകളാണ്.


Tags:    

Similar News