ലക്ഷ്വറി ഭവന വില്‍പ്പന വളര്‍ച്ചയില്‍ മുന്നില്‍ ഹൈദരാബാദ്
- ബെംഗളൂരുവിലും ചെന്നൈയിലും മികച്ച വില്‍പ്പന വളര്‍ച്ച
- വിറ്റ യൂണിറ്റുകളുടെ എണ്ണത്തില്‍ ഡെല്‍ഹി-എന്‍സിആര്‍ മുന്നില്‍
- മൊത്തം ഭവന വില്‍പ്പനയിലെ ലക്ഷ്വറി ഭവനങ്ങളുടെ വിഹിതവും ഉയര്‍ന്നു
മികച്ച ഡിമാൻഡും വിതരണവും കാരണം ഈ വർഷം ജനുവരി-സെപ്റ്റംബർ മാസങ്ങളിൽ, രാജ്യത്തെ പ്രധാനപ്പെട്ട ഏഴു നഗരങ്ങളിലെ ലക്ഷ്വറി ഭവനങ്ങളുടെ വില്‍പ്പന മികച്ച വളര്‍ച്ച പ്രകടമാക്കി. 1.5 കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള ആഡംബര ഭവനങ്ങളുടെ വിൽപ്പനയുടെ കണക്കുകളാണ് റിയല്‍ എസ്‍റ്റേറ്റ് കണ്‍സള്‍ട്ടന്‍റായ അനറോക്ക് പുറത്തുവിട്ടത്.
ഹൈദരാബാദ് ആഡംബര ഭവനങ്ങളുടെ വിൽപ്പനയിൽ വലിയ വളര്‍ച്ച പ്രകടമാക്കി. 3,790 യൂണിറ്റുകളിൽ നിന്ന് 13,630 യൂണിറ്റുകളായി ജൂലൈ- സെപ്റ്റംബറിലെ വില്‍പ്പന ഉയര്‍ന്നു.അവലോകന കാലയളവിൽ ബെംഗളൂരുവിൽ ആഡംബര ഭവനങ്ങളുടെ വിൽപ്പന 3,810 യൂണിറ്റിൽ നിന്ന് 9,220 യൂണിറ്റായി കുത്തനെ ഉയർന്നു.
വിറ്റ യൂണിറ്റുകളുടെ എണ്ണത്തില്‍ ഡെല്‍ഹി രാജ്യ തലസ്ഥാന മേഖലയാണ് മുന്നില്‍. 13,630 ആഡംബര വസതികളാണ് ഈ വര്‍ഷം ആദ്യ 9 മാസങ്ങളില്‍ ഡൽഹി-എൻസിആർ മേഖലയില്‍ വിറ്റഴിക്കപ്പെട്ടത്. മുന്‍വര്‍ഷം സമാന കാലയളവിലെ 6,210 യൂണിറ്റുകളുടെ വില്‍പ്പനയെ അപേക്ഷിച്ച് രണ്ട് മടങ്ങ് വര്‍ധനയാണിത്. അനറോക്ക് ട്രാക്ക് ചെയ്ത ഏഴ് പ്രധാന നഗരങ്ങളിലും മികച്ച വില്‍പ്പന വളര്‍ച്ച ഉണ്ടായി.
മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ (എംഎംആർ) ആഡംബര ഭവനങ്ങളുടെ വിൽപ്പന 74 ശതമാനം വർധിച്ച് 20,820 യൂണിറ്റിൽ നിന്ന് 36,130 യൂണിറ്റായി. പൂനെയിൽ ആഡംബര ഭവന വിൽപ്പന 2,350 യൂണിറ്റിൽ നിന്ന് 6,850 യൂണിറ്റായി ഏകദേശം മൂന്നിരട്ടി വർധിച്ചു.ചെന്നൈയിലെ ആഡംബര ഭവന വിൽപ്പന 1,370 യൂണിറ്റിൽ നിന്ന് 3,330 യൂണിറ്റായി ഉയർന്നു.കൊൽക്കത്തയിലെ ആഡംബര ഭവനങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 950 യൂണിറ്റുകളിൽ നിന്ന് ഈ വർഷം ജനുവരി-സെപ്റ്റംബർ കാലയളവിൽ 69 ശതമാനം ഉയർന്ന് 1,610 യൂണിറ്റുകളായി.
മനോഭാവത്തെ മാറ്റിമറിച്ച് കോവിഡ്
ഏഴു നഗരങ്ങളിലെ മൊത്തം ലക്ഷ്വറി ഭവന വിൽപ്പന മുന്‍ വർഷം ഇതേ കാലയളവിലെ 39,300 യൂണിറ്റുകളിൽ നിന്ന് 84,400 യൂണിറ്റുകളായി ഉയര്‍ന്നു. കൊവിഡ് മഹാമാരിക്ക് ശേഷം ഡിമാൻഡ് കുതിച്ചുയരുന്നതിനാൽ ആഡംബര ഭവന വിഭാഗം അതിവേഗം വളരുകയാണെന്ന് അനറോക്ക് ചെയർമാൻ അനുജ് പുരി പറഞ്ഞു. ഈ വിഭാഗത്തിലെ വിതരണം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
കോവിഡിന് ശേഷം, ആളുകൾ മികച്ചതും വലുതുമായ വീടുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന പ്രവണത പ്രകടമാണെന്ന് അനറോക്ക് കണക്കുകൾ വ്യക്തമാക്കുന്നു.
ഈ ഏഴ് നഗരങ്ങളിലായി, എല്ലാ വില നിലവാരത്തിലുമുള്ള വീടുകളുടെ മൊത്തം വില്‍പ്പന ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്തം 3.49 ലക്ഷം യൂണിറ്റുകള്‍ ആണെന്ന് അനറോക്ക് ഡാറ്റ കാണിക്കുന്നു. അതിൽ ആഡംബര ഭവനങ്ങളുടെ വിഹിതം 24 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൊത്തം വിൽപ്പനയിൽ ആഡംബര ഭവനങ്ങളുടെ വിഹിതം 14 ശതമാനമായിരുന്ന സ്ഥാനത്താണിത്.