വിലക്കയറ്റം ഭവനവില ഉയര്‍ത്തുമെന്ന് ബിള്‍ഡര്‍മാര്‍; റിപ്പോര്‍ട്ട്

  • സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം ഡെവലപ്പര്‍മാരും പറയുന്നത് 2023 ല്‍ വീടുകള്‍ക്കുള്ള ഡിമാന്‍ഡ് നിലവിലുള്ളതുപോലെ തുടരുമെന്നാണ്.

Update: 2023-01-17 08:55 GMT

മുംബൈ: പണപ്പെരുപ്പം, നിര്‍മ്മാണ ചെലവിലെ വര്‍ധന, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എന്നിവ മൂലം 2023 ല്‍ വീടുകളുടെ വില വര്‍ധിക്കുമെന്ന് 58 ശതമാനത്തോളം ഡെവലപ്പര്‍മാര്‍. എന്നാല്‍, വില മാറ്റമില്ലാതെ തുടരുമെന്നാണ് 32 ശതമാനത്തോളം ബില്‍ഡര്‍മാരുടെ അഭിപ്രായം. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ അപെകസ് ബോഡിയായ ക്രെഡായ്, റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ കോളിയേഴ്സ് ഇന്ത്യ, പ്രോപ്പര്‍ട്ടി റിസേര്‍ച്ച് സ്ഥാപനമായ ലിയാസസ് ഫോറസ് എന്നിവര്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം ഡെവലപ്പര്‍മാരും പറയുന്നത് 2023 ല്‍ വീടുകള്‍ക്കുള്ള ഡിമാന്‍ഡ് നിലവിലുള്ളതുപോലെ തുടരുമെന്നാണ്. എന്നാല്‍ 31 ശതമാനം പേര്‍ ഡിമാന്‍ഡ് 25 ശതമാനത്തോളം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 341 റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ്, നിര്‍മ്മാണ ചെലവിലെ വര്‍ധന എന്നിവ മൂലം കഴിഞ്ഞ കുറച്ചു പാദങ്ങളിലായി വീടുകളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' എന്നതാണ് ഡെവലപ്പര്‍മാരുടെ ആവശ്യം. പലിശ നിരക്ക് വര്‍ധിച്ചെങ്കിലും വീടുവാങ്ങുന്നതില്‍ ആളുകള്‍ താല്‍പര്യം കാണിക്കുന്നുണ്ട്. ഡെവലപ്പര്‍മാര്‍ വീട് വാങ്ങാനെത്തുന്നവരുടെ താല്‍പര്യം കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നത്. കൂടാതെ, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലും, ഡിമാന്‍ഡിനനുസരിച്ചുള്ള വില്‍പ്പനയിലുമാണ് ശ്രദ്ധവെയ്ക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.

സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനത്തോളം ഡെവലപ്പര്‍മാരും സാമ്പത്തിക മാന്ദ്യം അവരുടെ ബിസിനസിനെ ബാധിച്ചേക്കുമോ എന്ന് ആശങ്കപ്പെടുന്നവരാണ്. എന്നാല്‍ 31 ശതമാനത്തോളം പേര്‍ നേരിയ തോതിലെ ബാധിക്കുകയുള്ളുവെന്നും, 15 ശതമാനം പേര്‍ സാരമായി തന്നെ ബാധിക്കുമെന്നും അഭിപ്രായപ്പെടുന്നു. ഉയരുന്ന ജനസംഖ്യ, ആസ്തിയിലെ വര്‍ധന, പെട്ടന്നുള്ള നഗരവത്കരണം എന്നിവയാണ് ഈ മേഖലയെ പ്രധാനമായും ബാധിക്കുന്ന ഘടകങ്ങള്‍.

Tags:    

Similar News