ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് സമ്പൂര്‍ണ സ്മാര്‍ട്ട് തുറമുഖമായി വികസിപ്പിക്കും

  • ഏറ്റവും മികച്ച തുറമുഖങ്ങളുമായി മത്സരിക്കാനുള്ള സൗകര്യം ലക്ഷ്യമിടുന്നു
  • ഗ്രീന്‍ പോര്‍ട്ടുകള്‍ എന്ന നയം നടപ്പാക്കും
  • തുറമുഖത്തുള്ള പ്രത്യേക സാമ്പത്തികമേഖലയില്‍ പുതിയ വ്യവസായങ്ങള്‍

Update: 2023-05-26 05:06 GMT

രാജ്യത്തെ പ്രധാന കണ്ടെയ്നര്‍ തുറമുഖമായ നവിമുംബൈയിലുള്ള ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സമ്പൂര്‍ണ സ്മാര്‍ട്ട് തുറമുഖമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

ജെഎന്‍പിഎയുടെ 34-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തുറമുഖ, ഷിപ്പിംഗ് വകുപ്പ് മന്ത്രി.

ലോകത്തിലെ ഏറ്റവും മികച്ച തുറമുഖങ്ങളുമായി മത്സരിക്കാനുള്ള സൗകര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഇവിടെ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ജെഎന്‍പിഎയെ സമ്പൂര്‍ണ സ്മാര്‍ട്ട് തുറമുഖമായി വികസിപ്പിക്കും. മികച്ച സേവനങ്ങള്‍ക്കായി ഇത് പൂര്‍ണ്ണമായും ഇലക്ട്രോണിക് ബന്ധിത സംവിധാനമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു,' മന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാ പ്രധാന തുറമുഖങ്ങളെയും സ്മാര്‍ട് തുറമുഖങ്ങളാക്കി വികസിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് സോനോവാള്‍ വിശദീകരിച്ചു. ആഗോളതലത്തിലെ ഏറ്റവും മികച്ച തുറമുഖങ്ങളിലെ സൗകര്യങ്ങളുമായി ആഭ്യന്തര പോര്‍ട്ടുകളെ പൊരുത്തുപ്പപ്പെടുത്തുന്നതിനാണ് ഇതെന്നും സോനാവാള്‍ വിശദീകരിക്കുന്നു.

ഹരിത തുറമുഖങ്ങള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ജെഎന്‍പിഎയുടെ രണ്ട് ഗ്രീന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഓര്‍ഡര്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഗ്രീന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഗര്‍മാല പദ്ധതിക്കു കീഴില്‍ ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റിയുടെ (ജെഎന്‍പിഎ) പ്രത്യേക സാമ്പത്തിക മേഖലയില്‍ 29 വ്യാവസായിക യൂണിറ്റുകളാണ് വരാനിരിക്കുന്നത്. സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതെല്ലാം.

തുറമുഖത്തിന്റെ നേതൃത്വത്തിലുള്ള വ്യാവസായികവല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ് ജെഎന്‍പിഎയിലെ സെസ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

തുറമുഖത്തിന്റെ ഭൂവിനിയോഗ പദ്ധതി ഉള്‍പ്പെടുത്തി ജെഎന്‍ പോര്‍ട്ട് 277.38 ഹെക്ടര്‍ ഫ്രീഹോള്‍ഡ് സ്ഥലത്താണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

തുറമുഖത്തിന്റെ നേതൃത്വത്തിലുള്ള വ്യവസായവല്‍ക്കരണം പ്രാപ്തമാക്കുന്നതിലൂടെ കയറ്റുമതി, തൊഴിലവസരങ്ങള്‍, നിക്ഷേപം, ക്യാപ്റ്റീവ് കാര്‍ഗോ എന്നിവ വര്‍ധിപ്പിക്കുന്നതിന ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രത്യേക സാമ്പത്തിക മേഖല. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ സാഗര്‍മാല ഫ്‌ളാഗ്ഷിപ്പ് പദ്ധതിക്ക് കീഴിലുള്ളതാണ് ഈ സംരംഭവും.

2021 ജൂലൈ മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാണ്. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് അതോറിറ്റി, 2023 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതില്‍ റെക്കാര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി.6.05 ദശലക്ഷം ടിഇയു ആണ്് 2023 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ കണക്ക്.

ഇത് പ്രതിവര്‍ഷം 6.4 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ തുറമുഖത്തെ മൊത്തം കണ്ടെയ്നര്‍ ട്രാഫിക് 5.68 ദശലക്ഷം ടിഇയു ആയിരുന്നു.

Tags:    

Similar News