ഗ്ലെൻമാർക്ക് ഫാർമസ്യുറ്റിക്കൽസിന്റെ അറ്റാദായം 290 കോടി രൂപയായി
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 239.8 കോടി രൂപ
മുംബൈ: പ്രമുഖ ഫാർമ കമ്പനിയായ ഗ്ലെൻമാർക്ക് ഫാർമസ്യുറ്റിക്കൽസ് ലിമിറ്റഡിന്റെ ഡിസംബർ പാദത്തിലെ കൺസോളിഡേറ്റഡ് അറ്റാദായം 21.3 ശതമാനം വർധിച്ച് 290.8 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 239.8 കോടി രൂപയായിരുന്നു. കണ്സോളിഡേറ്റഡ് വരുമാനം 9.2 ശതമാനം വർധിച്ച് 3,173.4 കോടി രൂപയിൽ നിന്ന് 3,463.9 കോടി രൂപയായി.
ആഗോള പ്രതിസന്ധികൾക്കിടയിലും എല്ലാ വിപണികളിലും ശക്തമായ വളർച്ച കൈവരിക്കുന്നതിന് കഴിഞ്ഞുവെന്ന് മാനേജിങ് ഡയറക്ടർ ഗ്ലെൻ സാൽധൻഹ പറഞ്ഞു.
കമ്പനിയുടെ ഇന്ത്യൻ ബിസിനസ്സിൽ വില്പനയിൽ മികച്ച മുന്നേറ്റം കാണാൻ കഴിഞ്ഞു. ഒപ്പം യു എസ് ബിസിനെസ്സിൽ നല്ലൊരു തിരിച്ചു വരവ് ഈ വർഷം ഉണ്ടായിട്ടുണ്ടെന്നും, മറ്റു രാജ്യങ്ങളിലും വലിയ തോതിലുള്ള വളർച്ച ഈ പാദത്തിൽ റിപ്പോർട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിപണിയിൽ ബിസിനസിലെ വില്പനയിൽ 6.7 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. മുൻ വർഷം സമാന പാദത്തിൽ ഉണ്ടായിരുന്ന 1,006.9 കോടി രൂപയിൽ നിന്നും ഇത്തവണ 1,074.5 കോടി രൂപയായി.
നോർത്ത് അമേരിക്കയിൽ വരുമാനം 756.7 കോടി രൂപയിൽ നിന്ന് 10.6 ശതമാനം വർധിച്ച് 837.3 കോടി രൂപയായി.
യൂറോപ്പ്യൻ ബിസിസിനസിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 380.7 കോടി രൂപയിൽ നിന്ന് 493.2 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 29.5 വർധനവാണുണ്ടായത്.