ലങ്ക ഐഒസിയുടെ ലൈസന്‍സ് 20വര്‍ഷത്തേക്ക് പുതുക്കി
- ശ്രീലങ്കയിലെ വാഹന ഇന്ധന വിഭാഗത്തിലെ വിപണി വിഹിതത്തിന്റെ 20 ശതമാനം എല്‍ഐഒസിയുടെ കൈവശമാണ്
- എല്‍ഐഒസിക്ക് 200ലധികം ഔട്ട്‌ലെറ്റാണ് ലങ്കയിലുള്ളത്
- സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചു
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക ഉപസ്ഥാപനമായ ലങ്ക ഐഒസിക്ക് അനുവദിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ശ്രീലങ്കന്‍ സര്‍ക്കാര്‍ 20 വര്‍ഷത്തേക്ക് കൂടി പുതുക്കിയതായി അധികൃതര്‍ അറിയിച്ചു.
2003-ല്‍ നല്‍കിയ ലൈസന്‍സ് 2024 ജനുവരിയില്‍ കാലഹരണപ്പെടേണ്ടതായിരുന്നു. കടക്കെണിയിലായ ദ്വീപ് രാഷ്ട്രത്തില്‍ 2044 ജനുവരി 22 വരെ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഇത് ലങ്ക ഐഒസിയെ അനുവദിക്കും.
ലൈസന്‍സ് പുതുക്കുന്നതിനുള്ള കത്ത് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ എല്‍ഐഒസി മാനേജിംഗ് ഡയറക്ടര്‍ ദീപക് ദാസിന് കൈമാറിയതായി എല്‍ഐഒസി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അസീം ഭാര്‍ഗവ് പ്രസ്താവനയില്‍ പറഞ്ഞു.
'പെട്രോള്‍ ഡീസല്‍, ഹെവി ഡീസല്‍, ഫര്‍ണസ് ഓയില്‍, മണ്ണെണ്ണ, നാഫ്ത, പ്രീമിയം പെട്രോള്‍, പ്രീമിയം ഡീസല്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് മിനറല്‍ പെട്രോളിയം ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും സംഭരിക്കാനും കടത്തുന്നതിനും, വിതരണം ചെയ്യാനും വില്‍ക്കാനും വിതരണം ചെയ്യാനും ഉള്ള അവകാശമാണ് ലൈസന്‍സ് പുതുക്കി നല്കിയതോടു ലങ്ക ഐഒസിക്കു ലഭിക്കുന്നത്.' ശ്രീലങ്കയിലെ വാഹന ഇന്ധന വിപണിയുടെ 20 ശതമാനത്തോളം എല്‍ഐഒസിയുടെ കൈവശമാണ്.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഫോറെക്സ് ഇല്ലാതെ ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍, ഊര്‍ജ മേഖലയില്‍ എല്‍ഐഒസിയുടെ പ്രവര്‍ത്തനം നിര്‍ണായകമായിരുന്നു. ദ്വീപ് രാജ്യത്തുടനീളംഎല്‍ഐഒസിയുടെ 200-ലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ പ്രവർത്തിക്കുന്നു.
സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ തകിടം മറിച്ചതിനാല്‍ കൊളംബോ ഊര്‍ജമേഖലയെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചു.
ചൈനയുടെ സിനോപെക് റീട്ടെയില്‍ ഇന്ധന വ്യാപാരത്തിലെ മൂന്നാമത്തെ കമ്പനിയായി ഓഗസ്റ്റില്‍ ലങ്കയിലേക്ക് പ്രവേശിച്ചു.
, ലങ്ക ഐഒസിയുടെ പെട്രോളിയം ലൈസന്‍സ് നീട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബലവേഗയ (എസ്‌ജെബി) ഞായറാഴ്ച ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. കൊളംബോയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എസ്ജെബി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുജീബുര്‍ റഹ്മാന്‍ ഏത് അടിസ്ഥാനത്തിലാണ് ലൈസന്‍സ് പുതുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചു.
70 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് പകരമായി ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ 20 വര്‍ഷത്തെ ലൈസന്‍സും കമ്പനിക്ക് കനത്ത നികുതി ഇളവുകളും അനുവദിച്ചുകൊണ്ട് 2001ലാണ് ലങ്ക ഐഒസിയുമായുള്ള കരാര്‍ സ്ഥാപിതമായതെന്ന് റഹ്മാന്‍ ചൂണ്ടിക്കാട്ടി. ഒരു മത്സരാധിഷ്ഠിത ടെന്‍ഡര്‍ നടപടികളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും സുതാര്യത ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഡെയ്ലി ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
'ഒരിക്കല്‍ കൂടി, മത്സരാധിഷ്ഠിത ടെന്‍ഡര്‍ നടപടികളോ സുതാര്യതയോ ഉണ്ടായില്ല. ഈ കരാര്‍ ഐഒസിക്ക് നല്‍കാന്‍ നാം ബാധ്യസ്ഥരാണോ? ഈ കരാര്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ രഹസ്യമായി ചര്‍ച്ച ചെയ്തതാണോ?' അദ്ദേഹം ചോദിച്ചു. ശ്രീലങ്കയിലെ ഏറ്റവും കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ ഇന്ധനക്ഷാമം പരിഹരിക്കാനോ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വില നല്‍കാനോ ഐഒസിക്ക് കഴിഞ്ഞില്ലെന്ന് റഹ്മാന്‍ ആരോപിച്ചു.