റഷ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ കറന്‍സി; പരിഹാരം തേടി സര്‍ക്കാരുകള്‍
- പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ വലിയൊരുതുക അപകടത്തിലായേക്കും
- മോസ്‌കോയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതാണ് പ്രശ്‌നത്തിന് കാരണം
- റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി ഏകദേശം മൂവായിരം കോടി ഡോളറിലെത്തി
ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ റഷ്യയില്‍ എത്തുന്ന ഇന്ത്യന്‍ കറന്‍സി എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ സാധ്യതയുള്ള ബിസിനസ്സ് ഡീലുകള്‍, റഷ്യക്കാരുടെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപം, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് നേരിട്ട് രൂപയില്‍ പണം നല്‍കാന്‍ കഴിയുന്ന സംവിധാനം എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
ഇതില്‍ ഒരു പരിഹാരം കണ്ടെത്തുന്നതില്‍ രണ്ട് സര്‍ക്കാരുകളും പരാജയപ്പെട്ടാല്‍ റഷ്യയില്‍ നിന്നുള്ള ഒരു ലക്ഷം കോടി രൂപ വിലമതിക്കുന്ന ഇന്ത്യയുടെ എണ്ണ ഇതര ഇറക്കുമതിയുടെ വലിയൊരു തുക അപകടത്തിലായേക്കാം.
രൂപയുടെ കുമിഞ്ഞുകൂടല്‍ പ്രശ്‌നത്തില്‍ റഷ്യയുമായുള്ള വ്യാപാരബന്ധം വഷളാകുന്നതിനെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍, ആ രാജ്യത്തെ ചില കയറ്റുമതിക്കാര്‍ ഉത്കണ്ഠാകുലരാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മോസ്‌കോയുടെ ഉക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുഎസും മറ്റ് പാശ്ചാത്യ സമ്പദ്വ്യവസ്ഥകളും റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്.
ഈ ഉപരോധങ്ങളുടെ ഒരു ഘടകം, യുഎസ് നേതൃത്വത്തിലുള്ള സ്വിഫ്റ്റ് പേയ്‌മെന്റ് നെറ്റ്വര്‍ക്കില്‍ നിന്ന് റഷ്യന്‍ ബിസിനസുകളെ വെട്ടിക്കുറയ്ക്കുക എന്നതും ലക്ഷ്യമിടുന്നു. അതായത് ഈ ബിസിനസുകള്‍ക്ക് മേലില്‍ യുഎസ് ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയില്ല.
യുദ്ധത്തിന്റെ തുടക്കം മുതല്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ, എണ്ണ ഇതര ഇറക്കുമതികള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അവയ്ക്ക് എങ്ങനെ പണം നല്‍കുമെന്ന പ്രശ്‌നം അന്നുമുതല്‍ നിലവിലുണ്ട്. ഇന്ത്യ രൂപയ്ക്ക് പുറമെ യുഎഇ ദിര്‍ഹവും ഉപയോഗിക്കുന്നതായി മെയ് മാസത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലഭ്യമായ ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 2022 ലെ അതേ കാലയളവിലെ 900 കോടി ഡോളര്‍ എന്നനിലയില്‍നിന്ന് 2023 ജനുവരി-ഓഗസ്റ്റ് കാലയളവില്‍ ഏകദേശം 3000 കോടി ഡോളറായി ഉയര്‍ന്നു.
എന്നാല്‍ 2023ലെ ആദ്യ എട്ട് മാസങ്ങളില്‍ റഷ്യയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത് വെറും 260 കോടി ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ 10 ശതമാനത്തിന് ഇന്ത്യ ചൈനീസ് കറന്‍സി യുവാനും ഉപയോഗിക്കുന്നുണ്ട്.
ഇത് പരിഹരിക്കുന്നതിനായി ഇന്ത്യ മൂന്ന് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.ഒരു വഴി അവര്‍ക്ക് ബിസിനസ്സ് ഡീലുകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപിക്കുക എന്നതാണ്, മറ്റൊന്ന് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാം എന്നതും. മൂന്നാമത്തേത് നമ്മുടെ കയറ്റുമതിക്ക് അവര്‍ക്ക് നേരിട്ട് രൂപയില്‍ ഡോളറിനോ മറ്റേതെങ്കിലും കറന്‍സിക്കോ പകരം രൂപ നല്‍കാനാവുന്ന മാര്‍ഗം തയ്യാറാക്കുകയാണ്. ഇതില്‍ ചില തടസങ്ങള്‍ നേരിടുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.